ഇനി നമ്മുടെ യാത്ര എങ്ങോട്ടാണ്

Web Desk
Posted on August 15, 2020, 3:02 am

പുതിയ ഉത്സാഹത്തോടെ ഈ വർഷവും നാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. നമ്മുടെ ഭാവിയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന ചരിത്രപരമായ നിരവധി മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ നാം എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്കുറപ്പില്ല. സമീപ ദിവസങ്ങളിൽ ഓഗസ്റ്റ് അഞ്ചിന് ഇവിടെയൊരു തറക്കല്ലിടൽ ഉണ്ടായിരുന്നു. ഇതിനായി ഹിന്ദുത്വ സേനയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ദീർഘകാലമായി പരിശ്രമിച്ചു വരികയായിരുന്നു. ഹിന്ദുദൈവങ്ങളിലൊന്നായ രാമന്റെ ജന്മസ്ഥലമെന്ന പേര് പറ‍ഞ്ഞ് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു പള്ളി പൊളിച്ചു കളയാൻ അവർ താല്പര്യം കാട്ടി.

അയോധ്യയിലെ മനോഹരമായ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം നൂറ്റാണ്ടുകൾ നീണ്ട യാത്രയ്ക്കിടയിൽ നിരവധി ചരിത്ര മാറ്റങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്ന ഒരു പള്ളിയെ ഒരു രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനായുള്ള സ്ഥലമായി മാറ്റുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിൽ വിവിധ വിഭാഗങ്ങളിലുള്ള ഹിന്ദു വർഗീയവാദികളുടെ പങ്കാളിത്തത്തോടൊപ്പം എണ്ണമറ്റ വളവുകളും തിരിവുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെ നിർമ്മിക്കാൻ പോകുന്ന ക്ഷേത്രം മതവും ഭരണകൂടവും തമ്മിലുള്ള വേർതിരിവുകൾ രേഖപ്പെടുത്താത്ത ഒരു ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ആഘോഷങ്ങളും വാചാടോപങ്ങളും നമ്മുടെ ഭരണഘടന അടിസ്ഥാനതത്വമായി അംഗീകരിച്ച ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നിവ പുറത്താകുന്നുവെന്ന അടയാളപ്പെടുത്തൽ ഭയാനകമാം വിധം വ്യക്തമാക്കുകയാണ്. ഉൾക്കൊള്ളലിന്റെ ഏറ്റവും പ്രിയങ്കരമായ ആദർശം കൈവിട്ട് ഇവിടെ നിന്ന് നമ്മൾ എങ്ങോട്ടാണ് പോകുന്നത്.

നമ്മുടെ സംസ്കാരത്തിനും നമ്മുടെ ജനാധിപത്യ ഘടനയുടെ ധാർമ്മികതയ്ക്കുംമേൽ വിഭാഗീയ രാഷ്ട്രീയത്തിന്റെ രൂപകല്പനയുണ്ടായിരിക്കുന്നു. രാജ്യത്തെ ശക്തമായ പൗരോഹിത്യരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ ശക്തമാക്കിക്കൊണ്ട് ഹിന്ദുത്വ ശക്തികൾക്ക് ഔദ്യോഗികപദവി ലഭ്യമായിരിക്കുന്നു. 464 വർഷം ബാബറി മസ്ജിദ് നിലനിന്നിരുന്ന, 1992 ൽ തകർക്കപ്പെട്ടതിനെ തുടർന്ന് ഒഴിഞ്ഞുകിടന്നിരുന്ന സ്ഥലത്താണ് രാമക്ഷേത്രം ഉയരുന്നത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ഒരു കുറ്റകൃത്യമാണെന്ന് കഴിഞ്ഞ വർഷം പറഞ്ഞ പരമോന്നത കോടതി തന്നെയാണ് പ്രസ്തുതസ്ഥലം രാമക്ഷേത്ര നിർമ്മാണത്തിനായി കൈമാറിയിരിക്കുന്നത്. ഇതെല്ലാം അവസാനത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്നുണ്ട്. നമ്മുടെ ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിന്റെ ആധിപത്യം അസ്വീകാര്യമാണ്. കഴിഞ്ഞ ഏഴ് ദശകങ്ങളായി വൈവിധ്യത്തിലുള്ള ഐക്യത്തിലൂടെ നാം ശക്തിപ്രാപിച്ചുവെന്നാണ് ചരിത്രം തെളിയിക്കുന്നത്. എന്നാൽ ഇ­പ്പോൾ പ്രതിസന്ധി ന­മ്മുടെ വാതിൽപ്പടിയിലെത്തിയിരിക്കുന്നു. ഇ­തൊരു മഹാമാരിയിലൂടെ മാത്രമുണ്ടായതല്ല. കോവിഡ് 19 നമ്മുടെ അടിസ്ഥാന ഘടനയിൽ നിലവിലുണ്ടായിരുന്ന വിള്ളലുകൾ തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്. അത് ചെറിയ പരിക്കല്ല, വലിയ ദുരന്തത്തിന് കാരണമാകുകയും ചെയ്തു.

നാം ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്ന പൗരോഹിത്യ ആധിപത്യം മത സാമുദായിക ഘടനയിലേയ്ക്കുള്ള മാറ്റം മാത്രമല്ല ഉണ്ടാക്കുവാൻ പോകുന്നത്, നമ്മുടെ സമ്പദ്ഘടനയിലും ഭരണത്തിലും കൂടിയാണ്. ആഗോള തലത്തിലുള്ള വിവിധ ആധികാരിക വിലയിരുത്തലുകൾ സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യവും അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന വിപരീത വളർച്ച പോലുള്ള ഭയപ്പെടുത്തുന്ന സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജിഡിപി വളർച്ച വലിയ സമ്മർദത്തിലാണ്. കൂടാതെ ഇപ്പോഴത്തെ വരവ് ചെലവ് കണക്കുകളിലെ ബാക്കി ഇടിയുന്നതും ജിഡിപി വളർച്ചയെ ബാധിക്കുന്നു. കോവിഡ് വ്യാപിക്കാൻ തുടങ്ങിയതിനെ തുടർന്ന് പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചത് ഉല്പാദന പ്രക്രിയയെ അനിശ്ചിതത്വത്തിലാക്കുകയും വൻതോതിലുള്ള തൊഴിൽ നഷ്ടത്തിന് ഇടയാക്കുകയും ചെയ്തു. അതുപോലെ തൊഴിലുണ്ടെങ്കിൽ തന്നെ, ഭേദഗതി വരുത്തിയ തൊഴിൽ നിയമങ്ങൾ പ്രകാരം കുറഞ്ഞ വേതനത്തിൽ കൂടുതൽ സമയം ജോലിചെയ്യേണ്ടതുമുണ്ട്.

തൊഴിലില്ലായ്മാ നിരക്ക് ജിഡിപി നിരക്കുമായി അടുത്ത് ബന്ധമുള്ളതാണ്. ജിഡിപി വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന കുറഞ്ഞ ഉല്പാദനം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ തൊഴിൽനഷ്ടത്തിന് കാരണമാവുകയും ചെയ്യുന്നു. ഈ വൈപരീത്യം നിക്ഷേപത്തിന്റെ കുറവിലേക്കാണ് വിരൽചൂണ്ടുന്നത്. 2019 ൽ തൊഴിലില്ലായ്മാ നിരക്ക് 5.6 ശതമാനമായിരുന്നു. 2020 ഓഗസ്റ്റ് ഒമ്പതുവരെയുള്ള കണക്ക് പ്രകാരം ഓഗസ്റ്റിൽ അത് 8.67 ശതമാനമായി ഉയർന്നു. 2019 ലെ നിഗമനമനുസരിച്ച് ഇന്ത്യയുടെ ജിഡിപി 4.2 ശതമാനമായിരുന്നുവെങ്കിൽ 2021 ലേത് ‑3.2 (നെഗറ്റീവ് 3.2 )ശതമാനമായിരിക്കുമെന്നാണ് അനുമാനിക്കുന്നത്. അസാധാരണമായ ഇരുട്ടിലേക്കും ആഴത്തിലുള്ള പതനത്തിലേക്കുമാണ് സമ്പദ്ഘടന നീങ്ങിയിരിക്കുന്നതെന്നാണ് വിപരീത വളർച്ചാ നിരക്ക് അനുമാനം സൂചിപ്പിക്കുന്നത്.

കരകയറുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിന് പകരം പൊതുമേഖലാ സംരംഭങ്ങളുടെ വികേന്ദ്രീകരണം, ബാങ്കുകളും എൽഐസിയും ഓർഡനൻസ് ഫാക്ടറികൾ, കൽക്കരി ഖനികൾ തുടങ്ങിയ നിരവധി വ്യവസായസ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണം എന്നിവയ്ക്കുള്ള ശ്രമങ്ങളാണ് ഊർജ്ജിതമായി നടക്കുന്നത്. ജനങ്ങളെ പറ്റിക്കുന്നതിന് പ്രഖ്യാപിച്ച ആത്മ നിർഭർഭാരത് എന്ന പാക്കേജിന്റെ പേരിലാണ് ഇവയെല്ലാം. സ്വതന്ത്ര മാധ്യമ പ്രവർത്തകർക്കുമേൽ ആധിപത്യം ചെലുത്തുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. തലസ്ഥാന നഗരമായ ഡൽഹിയിൽ മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെ ഉണ്ടായ ക്രൂരമായ അക്രമം അതിന് ഉദാഹരണമാണ്. എല്ലാ പരിധികളും ലംഘിക്കുന്നതായിരുന്നു ഈ ആക്രമണം. ഓരോ നടപടികളും ചുവടുവയ്പുകളും നമ്മുടെ ഭരണഘടനയെ ഇല്ലാതാക്കുന്നതിലേക്ക് കൂടുതൽ കൂടുതൽ അടുത്തെത്തുകയാണ്.