September 29, 2022 Thursday

Related news

September 29, 2022
September 28, 2022
September 28, 2022
September 27, 2022
September 25, 2022
September 25, 2022
September 23, 2022
September 23, 2022
September 22, 2022
September 21, 2022

തുല്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് കരുത്തേകാന്‍

Janayugom Webdesk
March 8, 2021 5:43 am

രോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ പൊരുതി നേടിയ മുന്നേറ്റങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഒരോ വനിതാദിനവും. രാജ്യങ്ങളുടെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയാണ് ഇന്നത്തെ രീതിയിലുള്ള വനിതാദിനാഘോഷങ്ങളിലേക്ക് എത്തിയത്. സ്വന്തം ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും ചൂഷണങ്ങളിൽ നിന്നും രക്ഷനേടാനും തുല്യ നീതിക്കും വേണ്ടി സ്ത്രീകൾ നടത്തിയ മുന്നേറ്റങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ന്യൂയോർക്കിലെ തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ കുറഞ്ഞ ശമ്പളം, ദീർഘസമയത്തെ ജോലി, മുതലാളിത്തം എന്നിവയ്ക്കെതിരെയും വോട്ടുചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും ആദ്യമായി സംഘടിച്ച് ശബ്ദം ഉയർത്തിയ ദിവസമായിരുന്നു, 1857 മാർച്ച് എട്ട്. അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം ന്യൂയോർക്കിൽ അവകാശങ്ങൾക്കായി പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ട് കാലത്തുമായി പോരാട്ടം നയിച്ച വനിതകളുടെ ഓർമയ്ക്കായാണ് വനിതാദിനം ആചരിക്കാന്‍ തീരുമാനിക്കുന്നത്. 1909 ഫെബ്രുവരി 28 ന് ആദ്യ വനിതാദിനാചരണം നടന്നു. കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ 1910 ൽ വനിതാദിനം സാർവദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു. 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ആശയത്തിന് അംഗീകാരം ലഭിച്ചു. 1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പല രാജ്യങ്ങളിലും ആചരിച്ചു. 1975ല്‍ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചു. തുടര്‍ന്നിങ്ങോട്ട് ഓരോ വര്‍ഷവും വിവിധങ്ങളായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയും പോരാട്ടങ്ങളിലൂന്നിയും ഓരോ ദേശങ്ങളിലും വനിതാദിനം ആചരിക്കപ്പെട്ടു.

സമസ്ത മേഖലകളിലും കോവിഡ് സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലാണ് ഇത്തവണ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കപ്പെടുന്നത്. ‘നേതൃനിരയിലെ സ്ത്രീകൾ; കോവിഡ് കാലത്ത് തുല്യനീതി കൈ­വരിക്കുന്നു’ എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. എന്നാൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കും ആ­ക്രമണങ്ങൾക്കും ആ­ക്കം കൂട്ടിക്കൊണ്ടാണ് കോവിഡ് കടന്നുവന്നത്. കോവിഡ് കാലത്ത് സ്ത്രീ­കൾക്കെതിരായ അ­തിക്രമങ്ങളും ലിംഗവിവേചനവും വർധിച്ചു. ക­ടുത്ത സാമ്പത്തിക ന­ഷ്ടത്തെ തുടർന്ന് സ്ത്രീകൾ ഏറ്റവും കൂടൂതൽ ആശ്രയിച്ചിരുന്ന പല തൊഴിൽ മേഖലകളും അടച്ചുപൂട്ടി. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കുമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സമാനതകളില്ലാത്ത മാനസിക സമ്മർദ്ദത്തിലേക്ക് സ്ത്രീകളെ തള്ളിവിട്ടു. ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും നേതൃനിരയിലുള്ള സ്ത്രീകൾ കോവിഡ് പോരാട്ടത്തിനുള്ള അശ്രാന്ത പോരാട്ടത്തിലായിരുന്നു. ചരിത്രവിജയത്തിലൂടെ രണ്ടാമതും അധികാരത്തിലേറിയ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ, കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവരൊക്കെ നടത്തിയ കോവിഡ് പോരാട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയായി.

അടുത്തിടെ പുറത്തിറങ്ങിയ ‘മഹത്തായ ഇന്ത്യൻ അടുക്കള’ എന്ന മലയാളചിത്രം സാമൂഹിക മാധ്യമങ്ങളിലും വീട്ടകങ്ങളിലും ചർച്ചയായത് വളരെ ചെറുതും വില കുറഞ്ഞതുമായി സമൂഹത്തിന് തോന്നുന്ന പലപ്രശ്നനങ്ങളുമാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്ന് തുറന്നു പറഞ്ഞതുകൊണ്ടാണ്. ഭർത്താവ് തല്ലിയതിന് വിവാഹമോചനം ആവശ്യപ്പെട്ട ഥപഡിലെ നായികയും ശക്തയായ സ്ത്രീകഥാപാത്രമായിരുന്നു. എന്നാൽ സിനിമാ കഥാപാത്രങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് ഇനിയും ഏറെ ദൂരം ബാക്കിനിൽക്കുന്നതായി പഠനങ്ങൾ ആവര്‍ത്തിക്കുന്നു.

ഉയർന്ന ജാതിക്കാരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസ് പെൺകുട്ടിയുടെ ചിതയേൽപ്പിച്ച പൊള്ളലിൽ നിന്ന് മുക്തരാകാൻ ഇന്ത്യൻ ജനതയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പേരറിയാത്തതും അറിയുന്നതുമായ പീഡനങ്ങൾ നാൾക്കുനാൾ മുറിവേൽപ്പിക്കുന്നുമുണ്ട്. പീഡിപ്പിക്കപ്പെട്ട് നീതിതേടി എത്തിയ സ്ത്രീയെ വിവാഹം കഴിക്കാമോ എന്ന്, ആ ക്രൂരകൃത്യത്തിന് മുതിര്‍ന്ന മനുഷ്യമൃഗത്തോടു തന്നെയുള്ള രാജ്യത്തെ മുഖ്യ ന്യായാധിപന്റെ ചോദ്യം സിനിമയിലെ തിരക്കഥയില്‍ പോലും കേട്ടുകേള്‍വിയില്ലാത്തതാണ്. സ്ത്രീകൾക്ക് ഏറെ പ്രധാന്യം നൽകുന്ന സാംസ്ക്കാരിക പശ്ചാത്തലമുള്ള ഇന്ത്യയിലാണിതെല്ലാം.

പുരാണങ്ങളെയും അതിലെ സ്ത്രീ കഥാപാത്രങ്ങളെയും ആരാധനയോടെ ഉയർത്തിപ്പിടിക്കുന്ന സംഘപരിവാര്‍ സർക്കാരിന് സമകാലിക സാഹചര്യങ്ങളില്‍ അതിനൊത്ത് പ്രവര്‍ത്തി­ക്കാന്‍ കഴിയുന്നില്ലെന്നത് ബോധപൂര്‍വം ആണെന്ന് തന്നെ പറയേണ്ടിവരും. സ്ത്രീ സുരക്ഷയ്ക്കായി മാറ്റിവച്ചിരിക്കുന്ന ബജറ്റ് തുക ചെലവഴിച്ച് ചടങ്ങ് തീര്‍ക്കുക എന്നതില്‍ ചുരുങ്ങാതെ സ്ത്രീകളെ സംരക്ഷിക്കാനും പുരുഷന്മാരെ ബോധവൽക്കരിക്കുന്നതിനുമായി മാറ്റിവയ്ക്കേണ്ടതുണ്ട്. വ്യക്തമായ ലൈംഗികവിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുക, ഏറ്റവും അടിത്തട്ടിലുള്ള സ്ത്രീകളിലേക്ക് പോലും പണം എത്തിക്കാൻ കഴിയുന്നതരത്തിലുള്ള സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുക. സ്ത്രീകളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് നേരെ മുഖംതിരിക്കുകയും വർഷത്തിലൊരിക്കലുള്ള ഒരു ചടങ്ങ് മാത്രമായി വനിതാദിനം കൊണ്ടാടുന്നതിനും പ്രസക്തിയില്ല. അവര്‍ക്ക് അതിജീവനത്തിനായും സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടിയും കൃത്യവും സമയനിഷ്ഠവുമായ പരിപാടികളുണ്ടാവണം. ഭരണകൂടവും നീതിപീഠവും കുടുംബവും സമൂഹവും വേണം, മാറ്റത്തിലേക്കുള്ള നാളകളെ സൃഷ്ടിക്കാനുള്ള അവരുടെ പോരാട്ടത്തിന് കരുത്തുപകരാന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.