നവ ഉദാരീകരണത്തിന്റെയും ഭരണകൂട ഒത്താശയാൽ ശാക്തീകരിക്കപ്പെട്ട കോർപ്പറേറ്റ് ചൂഷണത്തിന്റെയും പുതിയകാലത്ത് അതിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ കൂടിയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷത്തോളമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമസമൂഹത്തെ ലക്ഷ്യമാക്കിയുള്ള നടപടികളെയും വികസന പദ്ധതികളെയും തടസപ്പെടുത്തിയ നയങ്ങൾക്കെതിരായ ബദൽ ഒരുക്കുക കൂടിയായിരുന്നു എൽഡിഎഫ് സർക്കാർ ചെയ്തത്. ഈ ബദൽ ശൃംഖലയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി അടയാളപ്പെടുത്താവുന്ന കെ ഫോൺ സംസ്ഥാനത്ത് യാഥാർത്ഥ്യമായിരിക്കുകയാണ്. അധികം വൈകാതെ, ഏറിവന്നാൽ ചില മാസങ്ങൾകൊണ്ട് കെ ഫോൺ പദ്ധതി പൂർണാർത്ഥത്തിൽ നടപ്പിലാകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സമീപകാലത്ത് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കെതിരായി ഉപയോഗിക്കാൻ ശ്രമിച്ചതായിരുന്നു കെ ഫോൺ പദ്ധതി. കരാറിന്റെയും കൺസൾട്ടന്‍സിയുടെയും പേരിൽ പഴിചാരിയും അഴിമതി ആരോപിച്ചും നിയമക്കുരുക്കിൽപ്പെടുത്തിയും പദ്ധതി തടസപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. എന്നാൽ വിവാദങ്ങളിൽ കുടുങ്ങാതെ സംസ്ഥാന സർക്കാർ മുന്നോട്ടു പോവുകയും വസ്തുതകൾ മനസിലാക്കി ജനങ്ങൾ കൂടെ നില്‍ക്കുകയും ചെയ്തതിനാലാണ് പദ്ധതിക്ക് യഥാസമയം തുടക്കമിടുന്നതിന് സാധ്യമായത്.
മുഴുവൻ വീടുകളിലും 30,000ഓളം സർക്കാർ ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലാ പദ്ധതിയാണ് കെ ഫോൺ. ഏഴു ജില്ലകളിലെ സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടം കണക്ഷൻ ലഭിക്കുന്നത്. കൊച്ചി ഇൻഫോപാർക്കിലാണ് ശൃംഖലയുടെ നിയന്ത്രണ സംവിധാനം (നോക്–നെറ്റ്വർക്ക് ഓപ്പറേഷൻ സെന്റർ). പതിനാല് ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി ടവറുകളിലൂടെയാണ് എൻ x 100 ജിബിപിഎസ് ശേഷിയുള്ള കോർ റിങ് സംവിധാനമാണ് ഇതിന്റെ നട്ടെല്ല്. ഒരിക്കലും ഇന്റർനെറ്റ് തടസ്സം നേരിടാതെയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിന് കീഴിൽ അതത് ജില്ലകളിലെ ഉപയോക്താക്കളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആക്സസ് നെറ്റ്വർക്ക്. ഓരോ ജില്ലകളിലെയും സർക്കാർ ഓഫീസുകളെയും മറ്റു ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നത് ഈ ശൃംഖല വഴിയാണ്. 5,700ഓളം സർക്കാർ ഓഫീസുകളിലും രണ്ടാംഘട്ടത്തിൽ വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലും മൂന്നാംഘട്ടത്തിൽ വീടുകളിലും ഇന്റർനെറ്റ് എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതി പൂർണമായും സജ്ജമാകുന്നതോടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകും. മറ്റ് ഉപയോക്താക്കൾക്ക് മിതമായ നിരക്കിലും സേവനം ലഭ്യമാകും. സേവനദാതാവ് നല്കുന്ന വാടകയിൽനിന്നുള്ള വരുമാനത്തിൽ നിന്നാണ് സൗജന്യസേവനം ലഭ്യമാക്കുക.
ആധുനിക കാലത്ത് വിവര സാങ്കേതിക വിദ്യയുടെ വിസ്ഫോടനത്തിന്റെ ഫലമായി ആർജിച്ച നേട്ടങ്ങൾപലതും കുത്തകകളുടെ കയ്യിലാണ്. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള സംവിധാനങ്ങൾ പോലും സർക്കാരുകളുടെ നയത്തിന്റെ ഫലമായി ദുർബ്ബലപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഇതിന്റെ ഭാഗമായി ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും മത്സരാധിഷ്ടിതമാണെങ്കിലും കുത്തകകളുടെ കൈപ്പിടിയിലാണ്. ബിഎസ്എൻഎൽപോലുള്ള പൊതുമേഖലാ സംരംഭങ്ങളുടെ സേവനങ്ങൾ സ്വകാര്യവൽക്കരിച്ചും നവീകരണം വേണ്ടെന്നുവച്ചും കുത്തകളുടെ ചൂഷണത്തിന് ഒത്താശ ചെയ്യുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ അനുവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെയാണ് സംസ്ഥാനസർക്കാരിന്റെ മുൻകയ്യിൽ ചുരുങ്ങിയചെലവിലും സൗജന്യമായും ഇന്റർനെറ്റ് ലഭ്യമാക്കുന്നത്.
കോവിഡ് നമുക്ക് നല്കിയ വലിയ പാഠങ്ങളിൽ ഒന്ന് ഇന്റർനെറ്റ് സേവനത്തിന്റെ അപാരമായ സാധ്യതകളാണ്. വീട്ടിലിരിക്കാൻ നിർദ്ദേശിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനത്തിനും ഓഫീസിൽ ചെല്ലാൻ സാധിക്കാത്ത വലിയ വിഭാഗത്തിന് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും ആശ്രയമായത് ഇന്റർനെറ്റ് വഴിയായിരുന്നു. ലോകത്തിന്റെ ഏത് കോണിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നവർ മറ്റേതൊരു കോണിലിരുന്നും പഠിക്കാനും അതേ രീതിയിൽ ജോലിയെടുക്കുന്നതിനും ഇതുവഴി സാധ്യമായി. വിവരങ്ങൾ അറിയാനും അറിയിക്കാനുമുള്ള ഇപ്പോഴത്തെ ഏറ്റവും വിപുലവും വ്യാപകവുമായ സംവിധാനവുമാണിത്. സമകാലത്തെ പ്രക്ഷോഭകനും സംഘാടകനും ഇന്റർനെറ്റും വിവര സാങ്കേതികതയും തന്നെയാണ്. ആധുനിക കാലത്ത് നവംനവങ്ങളായ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും സാധ്യമാകുക ഇന്റർനെറ്റ് പോലുള്ള സാങ്കേതിക വിദ്യയിലൂടെയായിരിക്കും. കൃത്രിമ ബുദ്ധിയുടെ വികാസവും പരിണാമങ്ങളും ഇതുപയോഗിച്ച് സാധ്യമാക്കുകയും ചെയ്യാവുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഈ മേഖല ഏറ്റവും ശക്തമായ കുത്തകവല്‍ക്കരണത്തിന് ഇടയായത്. അതുകൊണ്ടുതന്നെ ഇന്ത്യയെ പോലൊരു രാജ്യത്ത് മഹാഭൂരിപക്ഷത്തിനും അപ്രാപ്യവുമാണ് ഇവയൊക്കെ.
ഈ പശ്ചാത്തലത്തിലാണ് ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നത്. യഥാർത്ഥത്തിൽ കെ ഫോണിന്റെ പിറവിയിലൂടെ കുത്തക ഭീമന്മാരുടെ കൈപ്പിടിയിലുള്ള ഒരു സംവിധാനത്തെ ജനകീയവും വിപുലവുമായൊരു പദ്ധതിയിലൂടെ പ്രതിരോധിക്കുകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. പദ്ധതി യാഥാർത്ഥ്യമാകുന്നതിനെതിരായ പ്രചരണങ്ങളും ആക്ഷേപങ്ങളും ഉണ്ടായതുതന്നെ കുത്തകളുടെ കച്ചവട താല്പര്യത്തിന് വിരുദ്ധമാണ് സർക്കാരിന്റെ നടപടി എന്നതുകൊണ്ടുകൂടിയാണ്. ഇത് തിരിച്ചറിഞ്ഞാണ് ജനം സർക്കാരിന്റെ കൂടെ അണിനിരന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.