Web Desk

January 16, 2021, 3:20 am

പ്രത്യാശയുടെ പ്രകാശരശ്മികൾ

Janayugom Online

വ്യാഴാഴ്ച സംസ്ഥാന നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിന്റെ തുടർച്ചയായി ഇന്നലെ ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കോവിഡാനന്തരകാലത്ത് പുതുപ്രതീക്ഷ നല്കുന്നതാണ്. ലോക ജനതയെയാകെ സാമ്പത്തികവും സാമൂഹ്യവുമായി പ്രതിസന്ധിയിലാക്കിയ ഒന്നായിരുന്നു കോവിഡിന്റെ വ്യാപനം. പക്ഷേ എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ സംസ്ഥാന സമ്പദ്ഘടന, കേന്ദ്രവും ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ശക്തമായി തിരിച്ചുവരികയാണെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അത് പൂർണമായും പ്രതിഫലിക്കുന്നതാണ് സംസ്ഥാന ബജറ്റ്. 2011–16 കാലത്ത് സംസ്ഥാനത്തിന്റെ ശരാശരി സാമ്പത്തിക വളർച്ച 4.9 ശതമാനമായിരുന്നത് ഇപ്പോൾ 5.9 ശതമാനമായിരിക്കുകയാണ്. കോവിഡ് കാലത്ത് എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുനിർത്തിയ സംസ്ഥാന സർക്കാരിന്റെ നടപടികൾ അതിദ്രുതം തുടരുമെന്ന പ്രഖ്യാപനമാണ് ബജറ്റിന്റെ കാതൽ. അടിസ്ഥാന മേഖലകളെയും ജനവിഭാഗങ്ങളെയും പ്രത്യേക പരിഗണനയോടെ ഉത്തേജിപ്പിക്കുകയും ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്നതിനുള്ള നിരവധി പദ്ധതികൾ എൽഡിഎഫ് സർക്കാരിന്റെ 2021–22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ജ്വലിച്ചു നില്ക്കുന്നുണ്ട്. ക്ഷേമ പെൻഷനുകൾ 1600 രൂപയായി ഉയർത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. ജനുവരി ഒന്നിനാണ് പെൻഷൻ തുക 1500 രൂപയാക്കിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 48.6 ലക്ഷമായിരുന്ന പെൻഷൻകാരുടെ എണ്ണം 59. 5 ലക്ഷമായി വർധിക്കുകയും ചെയ്തിട്ടുണ്ട്.

ലൈഫ് മിഷനിലൂടെ ഒന്നര ലക്ഷം വീടുകൾ കൂടി പണിയും, അടുത്ത അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ, 2021–22ൽ അഭ്യസ്തവിദ്യരായ മൂന്ന് ലക്ഷത്തിനും മറ്റുള്ള അ‍ഞ്ചു ലക്ഷത്തിനും തൊഴിൽ, റബറിന് 170, നെല്ലിന് 28, നാളികേരത്തിന് 32 രൂപ വീതം തറവില, ആരോഗ്യ മേഖലയിൽ 4000 പുതിയ തസ്കികകൾ, ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ തുടർച്ച, ഭക്ഷ്യ സബ്സിഡിക്ക് 1060 കോടിരൂപ, കശുവണ്ടി മേഖലയിൽ 2000 പേർക്ക് കൂടി തൊഴിൽ, കാഷ്യൂബോർഡിന് 40 കോടി, സ്കൂൾ യൂണിഫോം പദ്ധതിക്കായി കൈത്തറി മേഖലയ്ക്ക് 157 കോടി, ഹാന്റെക്സിനും ഹാൻവീവിനും പുനരുദ്ധാരണ പാക്കേജ്, ബാംബൂകോർപ്പറേഷന് അഞ്ചുകോടി രൂപ എന്നിങ്ങനെ അടിസ്ഥാന — കാർഷിക — പരമ്പരാഗത മേഖലകൾ ഉൾപ്പെടെ സർവതലസ്പര്‍ശിയായ മുന്നേറ്റ — പുനരുദ്ധാരണ പദ്ധതികളുടെ പ്രഖ്യാപനം ആശാവഹമാണ്. പുതിയ കാലത്തിന്റെ പ്രത്യേകതയായ ഡിജിറ്റൽ സാങ്കേതികവിദ്യ വിപുലമാക്കുന്നതിനും ഉന്നത വിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ട്. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്, കോളജുകളിൽ 20,000 പേർക്ക് അധിക പഠനസൗകര്യം, അഫിലിയേറ്റഡ് കോളജുകളിലെ മുഴുവൻ ക്ലാസ് മുറികളുടെയും ഡിജിറ്റലൈ­സേഷൻ തുടങ്ങിയവയും എടുത്തുപറയേണ്ടതുണ്ട്.

കേരളത്തിന്റെ വികസന മാതൃകയിൽ 1970 കൾക്കുള്ള പങ്ക് സുപ്രധാനമാണ്. അ­ക്കാലത്ത് സി അച്യുതമേനോൻ സർക്കാരിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ വികസന പഠന കേന്ദ്രം (സിഡിഎസ്), ശ്രീചിത്ര തുടങ്ങി അര ഡസനിലധികം ഉന്നത വിദ്യാഭ്യാസ മികവിന്റെ കേന്ദ്രങ്ങൾ ഇന്നും പ്ര­സിദ്ധമാണെന്ന് ബജറ്റ് പ്രസംഗത്തിൽ ഓർമിച്ചെടുക്കുന്നുണ്ട്. അവയുടെ വിജയത്തിന്റെ മുഖ്യഘടകം ഡോ. കെ എൻ രാജ്, ഡോ.വല്യത്താ­ൻ തുടങ്ങിയ പ്രഗത്ഭരെ കണ്ടെത്തി അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചതുകൊണ്ടാണെന്ന ഓർമപ്പെടുത്തലും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. അത്യന്താധുനിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള 30 ഓട്ടോണമസ് ഇന്റർ യൂണിവേഴ്സിറ്റികൾക്ക് ഈ മാതൃക പിന്തുടരുമെന്ന സൂചനയും ബജറ്റിലുണ്ട്.

കൊച്ചി — പാലക്കാട്, കൊച്ചി — മംഗലാപുരം, തലസ്ഥാന നഗര മേഖലാ വികസന പദ്ധതി എന്നിങ്ങനെ അരലക്ഷം കോടി രൂപ മുതൽ മുടക്കുവരുന്ന മൂന്ന് വ്യവസായ ഇടനാഴികൾ, 2000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2500 സ്റ്റാർട്ടപ്പുകൾ, 1600 കോടിരൂപ മുതൽ മുടക്കിൽ 55,000 പേർക്ക് തൊഴിൽ നല്കുന്ന ചെറുകിട — ഇടത്തരം വ്യവസായ യൂണിറ്റുകൾ, തൊഴിലിന് വേണ്ടിയുള്ളതടക്കം പ്രവാസികൾക്കുവേണ്ടിയുള്ള വിവിധ പദ്ധതികൾ, കോവിഡ് സാഹചര്യത്തിൽ വിനോദസഞ്ചാരം മാർക്കറ്റിങ്ങിനായി 100 കോടിരൂപ, മൂന്ന് ലക്ഷം പേർക്കു കൂടി തൊഴിൽ നല്കുന്ന വിധത്തിൽ തൊഴിലുറപ്പു പദ്ധതിയുടെ ശാക്തീകരണം, കാർഷിക മേഖലയിൽ രണ്ടും കാർഷികേതര മേഖലയിൽ മൂന്നും ലക്ഷം വീതം തൊഴിലവസരങ്ങൾ, കേവല ദാരിദ്ര്യംതുടച്ചുനീക്കുന്നതിനുള്ള സൂക്ഷ്മ പദ്ധതികൾ, വയോജനങ്ങൾക്ക് ഒരു ശതമാനം ഇളവോടെ മരുന്നുകൾ വീട്ടിലെത്തിച്ചു നല്കൽ, കാരുണ്യ ഇൻഷുറൻസ് ലഭിക്കാത്തവർക്കായി ബെനവലന്റ് ഫണ്ട് ആനുകൂല്യം, വയനാട് മെഡിക്കൽ കോളജ് എന്നിങ്ങനെ തകർന്നുപോകുമായിരുന്ന ജീവിതങ്ങളെ കരുപ്പിടിപ്പിക്കാനും എഴുന്നേറ്റുനിൽക്കാനും പ്രചോദനമേകുന്ന നൂറുനൂറു പദ്ധതികൾകൊണ്ട് സമ്പന്നമാണ് ബജറ്റ്.

ലോക്ഡൗൺ പ്രഖ്യാപിച്ച് എല്ലാവരോടും വീട്ടിലിരിക്കുന്നതിന് ആഹ്വാനം ചെയ്തതിനൊപ്പം ആശങ്കപ്പെട്ട മുഴുവൻ മനുഷ്യരോടുമായി ഒരാളും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് പ്രഖ്യാപിച്ച ഒരു സർക്കാരിനെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതാണ്, വരുംകാലത്തും കേരളത്തിലെ ഒരു മനുഷ്യനും ദുരിതമനുഭവിക്കാതിരിക്കുന്നതിനു വേണ്ടിയുള്ള കരുതലിന്റെ കൂമ്പാരവുമായി അവതരിപ്പിച്ചിരിക്കുന്ന സംസ്ഥാന ബജറ്റ്. ഒരു വിഭാഗവും ഒഴിവാകുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന ഏറ്റവും വലിയ പ്രത്യേകത ഉൾക്കൊള്ളുന്ന ബജറ്റ്, ഡോ. ഐസക്കും അദ്ദേഹം പ്രസംഗത്തിൽ ഉദ്ധരിച്ച — ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ നിന്ന് നീ, ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ, തോറ്റുപോകാതിരിക്കാൻകൂടി, ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു എന്നതുൾപ്പെടെയുള്ള — കുട്ടിക്കവിതകളും മുന്നോട്ടു വയ്ക്കുന്നതുപോലെ പ്രത്യാശയുടെ പ്രകാശരശ്മികൾ തന്നെയാണ്.