Web Desk

July 10, 2021, 4:50 am

കിറ്റക്സ് വിവാദവും കോര്‍പറേറ്റ്കാല മാനവികതയും

Janayugom Online

കിറ്റക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡും അതിന്റെ ചെയര്‍മാന്‍ സാബു ജേക്കബുമാണ് വാര്‍ത്തയില്‍ നിറയുന്നത്. 3,500 കോടി രൂപയുടെ നിക്ഷേപവും 35,000 തൊഴിലും നഷ്ടമാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വ്യവസായ വിരുദ്ധ ശത്രുതാനിലപാടാണത്രെ വാര്‍ത്തയ്ക്ക് ആധാരം. തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ ജെറ്റയച്ച് കിറ്റക്സ് ചെയര്‍മാനെയും സംഘത്തെയും തങ്ങളുടെ വാറംഗല്‍ ജില്ലയിലെ കാകത്യ മെഗാ ഗാര്‍മെന്റ് പാര്‍ക്കിലേക്ക് ആനയിച്ചത് വാര്‍ത്തകളെ ഏറെ വര്‍ണാഭവും സ്വപ്നതുല്യവുമാക്കി മാറ്റി. എന്നാല്‍ വാര്‍ത്തകളില്‍ നിറയുന്ന വിവാദത്തിന്റെ പിന്നിലെ കോര്‍പറേറ്റ് മുതലാളിത്ത രാഷ്ട്രീയം ചര്‍ച്ചകളില്‍ അപ്പാടെ അവഗണിക്കപ്പെടുന്നുവെന്നത് ഉല്‍ക്കണ്ഠാജനകമാണ്. കേരളം വ്യാവസായിക വളര്‍ച്ചയില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെയും ലോകരാഷ്ട്രങ്ങളുടെയും പിന്നിലാണെന്നത് അനിഷേധ്യമായ വസ്തുതതന്നെ. ന്യായവും നീതിയുക്തവുമായ വ്യാവസായിക വളര്‍ച്ച നാം കൈവരിച്ചേ മതിയാവൂ. എന്നാല്‍ അതിന് നാം എന്തുവില നല്കേണ്ടിവരും എന്നത് നിര്‍ണയിക്കേണ്ടത് കേരളത്തിലെ പൊതു സമൂഹമാണ്. വിഷയം കിറ്റക്സ് ആയതുകൊണ്ട് അതിനെത്തന്നെ ഉദാഹരണമാക്കുകയായിരിക്കും ഉത്തമം.

വിവാദ കിറ്റക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡില്‍ തൊഴിലെടുക്കുന്ന മഹാഭൂരിപക്ഷവും മിനിമം കൂലി മുതല്‍ എല്ലാ തൊഴില്‍-മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികളാണ്. തന്നെ കേരള സര്‍ക്കാര്‍ മൃഗതുല്യം വേട്ടയാടുന്നുവെന്ന് വിലപിക്കുന്ന കമ്പനിയുടെ ചെയര്‍മാന്‍ തന്റെ തൊഴിലാളികളെ മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന ചൂഷണത്തിനാണ് ഇരകളാക്കുന്നത്. കേരള സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയതായി ആരോപിക്കുന്ന അന്വേഷണങ്ങള്‍ (റെയ്ഡുകള്‍!‍) കോടതി ഇടപെടലിനെ തുടര്‍ന്നാണെന്ന വസ്തുത ആ മാന്യ വ്യവസായി മറച്ചുവയ്ക്കുന്നു. കോടതികളും നീതിപീഠവും നിയമവാഴ്ചയുമില്ലാത്ത മൂലധന സ്വര്‍ഗത്തെപ്പറ്റിയാണ് അദ്ദേഹം വിലപിക്കുന്നത്. ഒരു രാഷ്ട്രത്തെയും ജനതയെയും നിയമവാഴ്ചയെയും അട്ടിമറിക്കാന്‍ ശ്രമിച്ച് പരാജയം ഏറ്റുവാങ്ങേണ്ടിവന്ന യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിലാപത്തിന്റെ പ്രതിധ്വനിയാണോ കിഴക്കമ്പലത്തുനിന്ന് ഉയരുന്നതെന്ന സംശയം അസ്ഥാനത്തല്ല.

കിറ്റക്സ് ഗാര്‍മെന്റ്സിന്റെ സാമ്പത്തിക വിജയത്തിന്റെയും അതിന്റെ മേധാവിയുടെ രാഷ്ട്രീയ മോഹങ്ങളുടെയും പിന്നില്‍ കൊടിയ തൊഴിലാളി ചൂഷണവും മനുഷ്യാവകാശ ലംഘനവും പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായ നിഷേധവുമാണ്. രാജ്യത്തും ലോകത്തും നിലവിലുള്ളതും സര്‍വലൗകികമായി അംഗീകരിക്കപ്പെടുന്നതുമായ നിയമങ്ങളുടെ നിഷേധവും ധിക്കാരപൂര്‍വമായ ലംഘനവും വ്യവസായത്തിന്റെയും തൊഴിലിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും പേരില്‍ അപ്പാടെ അവഗണിക്കണമെന്നാണ് കിറ്റക്സ് മേധാവി ആവശ്യപ്പെടുന്നത്.

അടിമപ്പണിക്കായി അന്യസംസ്ഥാനങ്ങളി‍ല്‍ നിന്ന് ഇറക്കുമതി ചെയ്ത തൊഴിലാളികള്‍ക്ക് പകരം നിയമാനുസൃതം പണിയെടുക്കാന്‍ സന്നദ്ധരായ കേരളത്തിലെ തൊഴിലാളികള്‍ക്ക് തൊഴിലവസരം നല്കി മാന്യമായ വ്യവസായ സംരംഭവും സാമ്പത്തിക വളര്‍ച്ചയും ലാഭവും ഉറപ്പുവരുത്താന്‍ കിറ്റക്സ് ഗാര്‍മെന്റ്സ് സന്നദ്ധമാകുമോ? അവരുടെ ഉല്പന്നങ്ങള്‍ വിറ്റഴിച്ച് ‍ഡോളര്‍ ശതകോടികള്‍ ലാഭമുണ്ടാക്കുന്ന വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള ആഗോള കോര്‍പറേറ്റുകള്‍ക്ക് കേരള ജനതയെ അടിമകളാക്കി മാറ്റാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനും അതിന്റെ രാഷ്ട്രീയത്തിനും കഴിയില്ല. ആ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കേരളത്തിന് വികസനത്തെയും സാമ്പത്തിക വളര്‍ച്ചയെയും വിലയിരുത്താനാവൂ.

കോവിഡ് മഹാമാരിയുടെ ഈ ദുരന്തകാലത്ത് പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ (എഫ്എല്‍ടിസി) ഒന്നുപോലും പ്രവര്‍ത്തിക്കാത്ത കേരളത്തിലെ അപൂര്‍വം ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായിരുന്നു കിറ്റക്സ് ഗാര്‍മെന്റിന്റെ ആസ്ഥാനമായ കിഴക്കമ്പലം. വാള്‍മാര്‍ട്ട് അടക്കം ലോകമെമ്പാടും തൊഴിലാളികളെ കൊടിയ ചൂഷണത്തിനും ഉപഭോക്താക്കളെ കോര്‍പറേറ്റ് പകല്‍ക്കൊള്ളയ്ക്കും ഇരകളാക്കുന്ന മൂലധന വലക്കെട്ടിലെ അവിഭാജ്യ കണ്ണിയാണ് കിറ്റക്സ് ഗാര്‍മെന്റ്സ്. അവര്‍ നടത്തുന്ന തൊഴില്‍, മനുഷ്യാവകാശ ലംഘനങ്ങളും പാരിസ്ഥിതിക അതിക്രമവും നിയമാനുസൃതം നിരീക്ഷണ വിധേയമായാല്‍ അതെല്ലാം വ്യവസായ, തൊഴില്‍ വിരുദ്ധ നടപടികളായി ചിത്രീകരിക്കുന്നത് നവലിബറല്‍ കാലത്തെ സത്യാനന്തര യാഥാര്‍ത്ഥ്യമാണ്. കോര്‍പറേറ്റ് നീതി സങ്കല്പമാകട്ടെ മാനവികതയുടെയും മനുഷ്യാവകാശങ്ങളുടെയും സമ്പൂര്‍ണ നിഷേധവുമാണ്.