Web Desk

July 12, 2021, 4:49 am

സഹകരണ പ്രസ്ഥാനത്തെ അട്ടിമറി ആയുധമാക്കാന്‍ അനുവദിക്കരുത്

Janayugom Online

രേന്ദ്രമോഡി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയുടെ ഹീനലക്ഷ്യങ്ങള്‍ തുറന്നുകാട്ടുന്ന നടപടികളില്‍ ഒന്നാണ് പുതിയതായി രൂപീകരിക്കപ്പെട്ട സഹകരണ മന്ത്രാലയവും അതിന്റെ തലപ്പത്ത് ആഭ്യന്തരമന്ത്രിയും മോഡി ഭരണകൂട കൗടില്യത്തിന്റെ കയ്യാളുമായ അമിത്ഷായുടെ നിയമനവും. പുതിയ മന്ത്രാലയ രൂപീകരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ പറ്റിയുള്ള എല്ലാ ന്യായീകരണങ്ങളെയും അമിത്ഷായുടെ സഹകരണ രംഗത്തെ നാളിതുവരെയുള്ള പ്രകടനങ്ങള്‍ അപ്പാടെ റദ്ദു ചെയ്യുന്നു. ബിജെപിയുടെ അട്ടിമറി രാഷ്ട്രീയത്തിന്റെ ഏറ്റവും കരുത്തുറ്റ പ്രയോക്താവായാണ് അമിത്ഷാ ഗുജറാത്തില്‍ വളര്‍ന്നുവന്ന് ദേശീയ രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. നരേന്ദ്രമോഡിയുടെ കുപ്രസിദ്ധമായ നോട്ടുനിരോധന കാലത്ത് രാജ്യത്ത് ഏറ്റവുമധികം കള്ളപ്പണം വെളുപ്പിച്ചത് ഷാ പ്രസിഡന്റും തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് വഴിയാണെന്നത് യാദൃച്ഛികമല്ല. നരേന്ദ്രമോഡി നോട്ട് നിരോധനം പ്രഖ്യാപിച്ച ആദ്യ അഞ്ചുദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രസ്തുത ബാങ്കില്‍ ഒഴുകിയെത്തിയ നിക്ഷേപം 745.59 കോടിയുടേതാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന ജയേഷ്ഭായി വിത്തല്‍ഭായി റദാദിയ ചെയര്‍മാനായിരുന്ന രാജ്കോട്ട് ജില്ലാ സഹകരണ ബാങ്ക് അതേ കാലയളവില്‍ 693.19 കോടി രൂപയാണ് വെളുപ്പിച്ചെടുത്തത്. അമിത്ഷായുടെ പുത്രന്‍ ജെയ്ഷായുടെ കടലാസുകമ്പനി കലുപൂര്‍ കൊമേഴ്സ്യല്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് 25 കോടി രൂപയുടെ ‘ലെറ്റര്‍ ഓഫ് ക്രെഡിറ്റ്’ കരസ്ഥമാക്കിയതും സഹകരണ പ്രസ്ഥാനത്തില്‍ ബിജെപി നേതാക്കള്‍ക്കുള്ള നിക്ഷിപ്ത താല്പര്യമാണ് തുറന്നു കാട്ടുന്നത്. അവയെല്ലാം രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയകളെയും അട്ടിമറിക്കുന്നതിനും അനധികൃത ധനസമ്പാദനത്തിനും പുതിയ സഹ കരണ മന്ത്രാലയം മോഡിപ്രഭൃതികള്‍ക്കും ബിജെപി-സംഘ്പരിവാര്‍ വൃത്തങ്ങള്‍ക്കും എത്രത്തോളം നിര്‍ണായകമാണെന്നാണ് വ്യക്തമാക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദേശീയ ദുരന്തമാക്കി മാറ്റിയ നരേന്ദ്രമോഡി ഭരണകൂട ക്രൂരതയടക്കം അബദ്ധജടിലമായ നയപരാജയങ്ങളെ മറികടക്കാനുള്ള ഏറ്റവും പുതിയ കുടിലതന്ത്രങ്ങളാണ് മന്ത്രിസഭാ പുനഃസംഘടനയും സഹകരണ മന്ത്രാലയ രൂപീകരണമടക്കമുള്ള നടപടികളും. അവയാകട്ടെ ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ സംവിധാനവും വിഭാവനം ചെയ്യുന്ന സഹകരണാത്മക ഫെഡറലിസത്തിനു നേരെയുളള മറ്റൊരു കടന്നാക്രമണമാണ്. സഹകരണ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം അനുഛേദം അനുസരിച്ച് സംസ്ഥാന വിഷയമായി വ്യവസ്ഥചെയ്തിരിക്കുന്നു. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ആ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ മോഡി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. നരേന്ദ്രമോഡി ഭരണത്തില്‍ സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശങ്ങളെയും സഹകാരികളുടെ ജനാധിപത്യാവകാശങ്ങളെയും അട്ടിമറിച്ചാണ് ഗുജറാത്തില്‍ പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്തത്. അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തെ രാഷ്ട്രീയ അട്ടിമറിക്കുള്ള ആയുധമാക്കി പ്രയോഗിക്കാനുള്ള നീക്കം കൂടിയാണ് പുതിയ മന്ത്രാലയ രൂപീകരണത്തിനു പിന്നില്‍. സഹകരണ പ്രസ്ഥാനത്തിന് ആഴത്തില്‍ വേരോട്ടമുള്ള മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് ഏല്ക്കേണ്ടിവന്ന നാണംകെട്ട പരാജയത്തെ മറികടക്കാനുള്ള ഉപാധിയായും ബിജെപി ഈ നീക്കത്തെ കാണുന്നു. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ഗണ്യമായ സ്വാധീനമുള്ള കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ കാലുറപ്പിക്കാനും കര്‍ണാടക പോലെ ബിജെപി കനത്ത വെല്ലുവിളികള്‍ നേരിടുന്ന സംസ്ഥാനങ്ങളില്‍ പ്രതിരോധം സൃഷ്ടിക്കാനും സഹകരണ മന്ത്രാലയം പ്രയോജനപ്പെടുമെന്ന് അവര്‍ കണക്കു കൂട്ടുന്നു.

ലക്ഷക്കണക്കിന് കോടിരൂപ നിക്ഷേപവും അതിലധികം തുക സഹകാരികള്‍ക്ക് വായ്പയായും നല്കുന്ന സഹകരണ സ്ഥാപനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യസാധ്യത്തിനും തങ്ങളെ പിന്തുണയ്ക്കുന്ന കോര്‍പ്പറേറ്റ് നിക്ഷിപ്ത താല്പര്യങ്ങളെ സംരക്ഷിക്കാനുമുള്ള ഉപാധികളായി ബിജെപി കാണുന്നു. പൊതുമേഖല ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍ ഏഴുവര്‍ഷത്തെ മോഡി ഭരണത്തില്‍ അങ്ങേയറ്റം ദുര്‍ബലമായി. തുഗ്ലക്ക് ഭരണനയങ്ങളില്‍ കാലിയായ ഖജനാവും പൊതു ആസ്തികള്‍ വിറ്റുതുലയ്ക്കുന്ന ഭരണനയവും പുതിയ മേച്ചില്‍പുറങ്ങള്‍ നേടാന്‍ മോഡി ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കോടാനുകോടി വരുന്ന സഹകാരികളുടെ അടിസ്ഥാന സാമ്പത്തിക താല്പര്യങ്ങളും സഹകരണ സ്ഥാപനങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ സ്വയംഭരണാവകാശവും സംരക്ഷിക്കാന്‍ ശക്തമായ ചെറുത്തുനില്പും വിപുലമായ ജനകീയ പ്രതിരോധവും അനിവാര്യമാണ്.