വറുതിക്കും ദുരിതത്തിനുമിടയിൽ മുറതെറ്റാത്ത ക്ഷേമകാര്യം

Web Desk
Posted on August 12, 2020, 4:55 am

കോവിഡ് മഹാമാരിയും ഉരുൾപൊട്ടലുൾപ്പെടെ കാലവർഷക്കെടുതിയും ഒപ്പം പ്രതിപക്ഷ ദുരാരോപണങ്ങളും കേരളത്തെയാകെ വേട്ടയാടുകയാണ്. കെട്ടുറപ്പുള്ള മലയാളി മനസ്സുകളിൽ വെറുപ്പുളവാക്കുന്ന വിധത്തിലാണ് ആപത്തുകാലത്തെ രാഷ്ട്രീയ കുത്തിത്തിരുപ്പുകളെന്നകാര്യം ഇന്നലെ ഈ കോളത്തിൽ പറയേണ്ടിവന്നു. ഇത്തരം പ്രതിസന്ധികളെയെല്ലാം നേരിടാൻ ഇടതുപക്ഷ സർക്കാരും സംവിധാനങ്ങളും മന്ത്രിസഭയാകെയും കാണിക്കുന്ന പ്രവൃത്തികളും സഹിഷ്ണുതയും മാതൃകയാണ്. ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവര്‍ക്കും വീടും ജീവിതോപാധികളും ഇല്ലാതായവർക്കുമെല്ലാം ആശ്രയമായി സംസ്ഥാന സർക്കാർ നിലകൊള്ളുന്നു.

അടിയന്തര സഹായങ്ങൾ അനുവദിക്കുന്നതിലും ഉറപ്പുവരുത്തുന്നതിലും സർക്കാർ ശ്രദ്ധിക്കുന്നു. മറ്റു പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യമായ സൗകര്യങ്ങളും മരുന്നും ഭക്ഷണവും നല്‍കുന്ന പ്രക്രിയകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പെട്ടിമുടിയിലെ മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള തിരച്ചിലും നടക്കുകയാണ്. കോവിഡ് വ്യാപന മേഖലകളെ ക്ലസ്റ്ററുകളായും കണ്ടെയ്ൻമെന്റ് സോണുകളാക്കിയും നിർണയിച്ച് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇടവേളയില്ല. സൗജന്യറേഷനും മറ്റ് അവശ്യവസ്തുക്കളും ഓരോയിടങ്ങളിലും ഭക്ഷ്യ, ആരോഗ്യ, തദ്ദേശ, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ എത്തിക്കുന്നു. ക്വാറന്റൈൻ സെന്ററുകളിലെ സൗകര്യങ്ങളും പരാതികൾക്കിടവരാതെ ഒരുക്കിക്കൊടുക്കുന്നതിലും റവന്യു, തദ്ദേശ, ആരോഗ്യ വകുപ്പുകളുടെ സേവനം മാതൃകാപരമാണ്. ഓണത്തിന് എല്ലാ വീടുകളിലും ഭക്ഷണക്കിറ്റ് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ സർക്കാർ. പോരായ്മകളൊഴിവാക്കാന്‍ ജനകീയ ഭക്ഷണശാലകളുടെയും സമൂഹ അടുക്കളകളുടെയും സാധ്യതകളും ആരായുന്നുണ്ട്.

മഴ തെല്ലൊന്ന് ഒഴിഞ്ഞപോലെയാണ് പൊതുവെ അന്തരീക്ഷമെങ്കിലും കോവിഡിന്റെയും മഴക്കാലപൂർവരോഗങ്ങളുടെയും ഭീതിയകന്നിട്ടില്ല. പലയിടത്തും ഒറ്റപ്പെട്ട മഴയും ഒഴിയാബാധപോലുള്ള വെള്ളക്കെട്ടും ഉണ്ട്. അനൗദ്യോഗികവും ബന്ധപ്പെട്ട കേന്ദ്രങ്ങളുടേതല്ലാത്തതുമായ വാർത്തകളിൽ വിശ്വസിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്നതിൽ പലരും ഭയക്കുന്നു. എന്നാൽ കോവിഡ്കാലത്തെ എല്ലാ മാർഗനിർദ്ദേശങ്ങളും സ്വീകരിച്ച് അതിസൂക്ഷ്മതയോടെയാണ് സർക്കാർ പ്രകൃതിക്ഷോഭ ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. സർക്കാർ വിരുദ്ധകേന്ദ്രങ്ങളിൽ നിന്ന് ദുഷ്‌ടലാക്കോടെയുള്ള വ്യാജപ്രചാരണങ്ങളെ ജനങ്ങളും ജനപ്രതിനിധികളും തിരിച്ചറി‌ഞ്ഞ് മുന്നോട്ടുപോകണം. കോവിഡും പ്രകൃതിക്ഷോഭവും വലിയ അപകടങ്ങൾ വരുത്തിവയ്ക്കാതിരിക്കാനാണ് സമൂഹവും സർക്കാരും ആഗ്രഹിക്കുന്നത്. ലോക്ഡൗ­ൺ കാലത്തെ തൊഴിലില്ലായ്മയും ദുരിതവും കണ്ടി­ല്ലെന്ന് നടിക്കുന്ന നടപടികളൊന്നും സർക്കാരിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഓരോദിവസവും തെളിയുന്നുണ്ട്. സർക്കാരിന്റെ യാതൊരു സാമ്പത്തിക സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തോളം കുടുംബങ്ങൾക്ക് സമ്പൂർണ്ണ ലോക്ഡൗൺ സമയത്ത് 1,000 രൂപ വീതം വിതരണം ചെയ്തിരുന്നു. ട്രോളിങ് നിരോധനവും ലോക്ഡൗണും ഒരുമിച്ച് നേരിടേണ്ടിവന്ന പശ്ചാത്തലത്തിൽ തീരദേശമേഖലയിൽ പ്രത്യേക ഭക്ഷ്യക്കിറ്റ് വിതരണം തുടരുകയാണ്. ഇതോടൊപ്പം 3,000 രൂപ വീതം പഞ്ഞമാസ സഹായമായും നൽകിവരുന്നു. ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ് തുടങ്ങി പലയിനം ആനുകൂല്യങ്ങൾ ജീവനക്കാർക്കും തൊഴിലാളികൾക്കും ഉറപ്പാക്കി. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കും 1,000 രൂപ വീതം നൽകുന്നതിലും മുടക്കം വരുത്തിയില്ല.

വിവിധ ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധയാണ് കോവിഡ്കാലത്ത് സംസ്ഥാന സർക്കാർ പുലർത്തുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ക്ഷേമപെൻഷനുകളുടേത്. അഞ്ചുമാസത്തെ പെൻഷൻ കഴിഞ്ഞ മെയിൽ വിതരണം ചെയ്തിരുന്നു. ജൂലൈയിലെയും ഓഗസ്റ്റിലെയും ക്ഷേമപെൻഷൻ ഓണത്തിന് മുന്‍പേ വിതരണം ചെയ്യാനാണ് സർക്കാർ എടുത്തിരിക്കുന്ന തീരുമാനം. നിലവിലെ പെൻഷൻ വിതരണത്തിന്റെ കാലക്രമം അനുസരിച്ച് ഇത് രണ്ട് മാസത്തെ മുൻകൂർ തുകയാണ്. എഴുപത് ലക്ഷം പേർക്കാണ് പ്രതിസന്ധിയുടെ ഈ കാലത്ത് മുൻകൂർ നൽകുന്നത്. അതും വീടുകളിലെത്തിക്കാനാണ് ധനകാര്യവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 2,600 രൂപ വീതം ഓരോരുത്തർക്കും കയ്യിൽക്കിട്ടും.

ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരാനും തീരുമാനമുണ്ട്. ഇതിനായി ഈമാസം 16 മുതൽ പെൻഷൻ മസ്റ്ററിങ് തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ ധനവകുപ്പ് നിർദേശം നൽകിക്കഴിഞ്ഞു. മഹാമാരിയുടെയോ പ്രകൃതിദുരന്തത്തിന്റെയോ സാമ്പത്തിക പ്രതിസന്ധിയുടെയോ പേരിൽ ജനങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് മുടക്കം വരരുതെന്ന ഇടതുപക്ഷവീക്ഷണത്തിന് മങ്ങലേല്പിക്കാതെ മുന്നേറുന്ന മന്ത്രിസഭയ്ക്ക് അഭിവാദ്യം നേരുകയാണ്. വറുതിയുടെയും ദുരിതങ്ങളുടെയും ഈ കാലത്ത് നാടിന്റെ കരുതലായി നിലകൊള്ളുന്ന ഇടതുപക്ഷ സർക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങൾക്ക് പിന്തുണയേറുന്നതാണ് അടിസ്ഥാനമേഖലയിലെ ജനവികാരമെന്നതും എടുത്തുപറയട്ടെ.