Friday
22 Feb 2019

ജനങ്ങളെ കൊള്ളയടിക്കുന്ന പെട്രോളിയം ഇന്ധന വിലവര്‍ധനവ്

By: Web Desk | Sunday 20 May 2018 10:35 PM IST

ജനജീവിതം ദുസഹമാക്കി പെട്രോളിയം ഇന്ധനങ്ങളുടെ വില സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നതിന്റെ പേരിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണ വിതരണ കമ്പനികള്‍ അനുദിനം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. 2017 ജൂണ്‍ പകുതിയോടെ ദൈനംദിനം വില ഉയര്‍ത്താന്‍ തുടങ്ങിയതിനുശേഷം ഏറ്റവും ഉയര്‍ന്ന വിലവര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഇന്നലെ പെട്രോള്‍ വില 80.31 രൂപയും ഡീസല്‍ വില 73.30 രൂപയുമായാണ് ഉയര്‍ന്നത്. രാജ്യത്ത് ഇന്നലെ പെട്രോള്‍ വിലയില്‍ ശരാശരി 33 പൈസയും ഡീസലിന് 26 പൈസയും കണ്ടാണ് ഉയര്‍ത്തിയത്. 2014-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിയം ഇന്ധനങ്ങള്‍ക്ക് ഉണ്ടായിരുന്നതിലും അധികമാണ് ഇപ്പോള്‍ അവയുടെ വില. അന്ന് ഒരു വീപ്പ അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വിപണിവില 105 യുഎസ് ഡോളറായിരുന്നെങ്കില്‍ ഇന്ന് അത് 85 ഡോളറില്‍ താഴെയാണ്. അന്താരാഷ്ട്ര വിപണിവിലയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ പെട്രോളിയം ഇന്ധന വില നിയന്ത്രണം മാറ്റി എണ്ണ വിതരണ കമ്പനികളെ ദൈനംദിനം വില നിശ്ചയിക്കാന്‍ അനുവദിച്ചത്. എന്നാല്‍ അസംസ്‌കൃത എണ്ണവില കുത്തനെ തകര്‍ന്നപ്പോഴും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നിഷേധിക്കുകയായിരുന്നു നരേന്ദ്രമോഡി സര്‍ക്കാര്‍. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒമ്പത് തവണയാണ് എക്‌സൈസ് തീരുവ ഉയര്‍ത്തിയത്. ഇതിനിടയില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ഒരുതവണ മാത്രമാണ് നികുതി രണ്ടുരൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായത്. സ്വതന്ത്ര വ്യാപാരത്തിന്റെ പേരില്‍ ദിനംപ്രതി വില വര്‍ധിപ്പിക്കാന്‍ എണ്ണവിതരണ കമ്പനികളെ അനുവദിക്കുന്ന സര്‍ക്കാര്‍ കര്‍ണാടക തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ കബളിപ്പിക്കാന്‍ ദൈനംദിന വിലവര്‍ധനവ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ വില യഥേഷ്ടം ഉയര്‍ത്താന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികളെ വീണ്ടും അനുവദിച്ചിരിക്കുന്നു. അത് തുറന്നുകാട്ടുന്നത് മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ സ്വഭാവം തന്നെയാണ്.
പെട്രോളിയം ഇന്ധനവിലയിലൂടെ ജനങ്ങളെ കൊള്ളയടിച്ചാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വിരാജിക്കുന്നത്. കറന്‍സി നിരോധനം, കന്നുകാലി വിപണി നിരോധനം, പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകളെ കയറൂരിവിടുക തുടങ്ങിയ വിനാശകരമായ നടപടികളിലൂടെ രാഷ്ട്ര സമ്പദ്ഘടനയെ തകര്‍ത്ത മോഡിസര്‍ക്കാര്‍ ഇന്ധനവില നിരന്തരം ഉയര്‍ത്തിയാണ് സാമ്പത്തികമായി നിലനില്‍ക്കുന്നത്. സിറിയയും ഇറാനുമുള്‍പ്പെടെ പശ്ചിമേഷ്യയില്‍ ഡൊണാള്‍ഡ് ട്രംപ് അവലംബിക്കുന്ന നയതന്ത്ര വൈകല്യങ്ങള്‍ രാജ്യാന്തര എണ്ണ വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ അത് ഇനിയും 2014ലെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. എന്നിട്ടും ജനങ്ങള്‍ ഇന്ധനങ്ങള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് മോഡി സര്‍ക്കാരിന്റെ വിനാശകരമായ സാമ്പത്തിക നയങ്ങളുടെ പരിണിതഫലമാണ്. പെട്രോളിയം ഇന്ധന ഉപഭോഗത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന പെട്രോളിയം ഇന്ധന ചില്ലറവിലയും ഇന്ത്യയിലാണ്. പാകിസ്ഥാനും, ബംഗ്ലാദേശും, ശ്രീലങ്കയും, നേപ്പാളുമടക്കം ദക്ഷിണ ഏഷ്യയിലെ അയല്‍രാജ്യങ്ങളിലുള്ളതിന്റെ ഇരട്ടിയിലധികം വിലയാണ് ഇന്ത്യന്‍ ഉപഭോക്താവ് പെട്രോളിയം ഇന്ധനങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നത്. അതിന്റെ മുഖ്യകാരണം അന്യായമായ എക്‌സൈസ് തീരുവയും മൂല്യവര്‍ധിത നികുതിയുമാണ്. അവ രണ്ടും കൂടി ഇന്ധനവിലയുടെ ഏതാണ്ട് അമ്പത് ശതമാനത്തോളം വരും. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ അധികാരം കയ്യാളുന്ന ബിജെപി എന്തുകൊണ്ടാണ് തങ്ങള്‍ തന്നെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുകൂടി ബാധകമാക്കാന്‍ അമാന്തിക്കുന്നത്? ഇന്ധനവിലയുടെ കുതിച്ചുയരല്‍ നിതേ്യാപയോഗ സാധനങ്ങളുടെ വിലയും യാത്രാ ചരക്കുനീക്ക നിരക്കുകളും വന്‍തോതില്‍ ഉയരാനും ജനജീവിതം നരകസമാനമാക്കാനും കാരണമായിരിക്കുന്നു. എന്നിട്ടും അന്യായമായി നിരവധി തവണ ഉയര്‍ത്തിയ എക്‌സൈസ് തീരുവയില്‍ ഇളവു പ്രഖ്യാപിക്കാന്‍ പോലും മോഡി സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല.
ഭ്രാന്തന്‍ സാമ്പത്തിക നടപടികളിലൂടെ സമ്പദ്ഘടനയെ തകര്‍ത്ത നരേന്ദ്രമോഡി തന്റെയും സര്‍ക്കാരിന്റെയും പ്രതിഛായ ഉയര്‍ത്താന്‍ ഏതാണ്ട് അയ്യായിരം കോടിയോളം രൂപയാണ് വിവിധ പ്രചാരണ പരിപാടികള്‍ക്കായി ചിലവിട്ടതെന്ന് ഇതിനകം പുറത്തുവന്ന വിവരാവകാശരേഖകള്‍ വെളിപ്പെടുത്തുന്നു. എണ്ണമറ്റ രാജ്യാന്തര യാത്രകള്‍ക്ക് മോഡിക്കും അദ്ദേഹത്തെ അനുഗമിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും വേണ്ടി ചിലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിക്കുകയാണ്. രാജ്യത്ത് വികസനത്തിന്റെയും വളര്‍ച്ചയുടെയും ആഡംബര മായിക കാഴ്ചകള്‍ സൃഷ്ടിക്കാന്‍ മോഡിഭരണം നടത്തുന്ന ദൂര്‍ത്തിന്റെ ഭാരവും ജനങ്ങളാണ് ചുമലിലേറ്റേണ്ടി വരുന്നത്. ഈ സ്ഥിതി വിശേഷം ഇനി തുടര്‍ന്നുപോകാന്‍ അനുവദിച്ചുകൂട. ജനജീവിതത്തെ വീര്‍പ്പുമുട്ടിക്കുന്ന പെട്രോളിയ ഇന്ധന വില വര്‍ധനവിനും തല്‍ഫലമായി ഉണ്ടാകുന്ന നിതേ്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും യാത്ര-ചരക്ക്‌നീക്ക കൂലി വര്‍ധനവിനും എതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളും പ്രക്ഷോഭ സമരങ്ങളും ഉയര്‍ന്നുവരണം.

Related News