Web Desk

December 03, 2020, 5:30 am

പ്രവാസികൾക്ക് തപാൽവോട്ട്: ആശങ്കകൾ ദൂരീകരിക്കണം

Janayugom Online

ടുത്തവർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് തപാൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുകയാണ്. കേരളം, അസം, പശ്ചിമബംഗാൾ, പുതുച്ചേരി, തമിഴ്‌നാട് എന്നിവയാണ് ഏപ്രിൽ, മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ. ഇതുസംബന്ധിച്ച നിർദ്ദേശം കമ്മിഷൻ കേന്ദ്ര നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇതിന് സാങ്കേതികമായും ഭരണപരമായും തയ്യാറായെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നുമാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 1961 ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങൾ അനുസരിച്ച് ഇപ്പോൾ സർവീസ് വോട്ടർമാർക്കു മാത്രമാണ് തപാൽവോട്ടെന്ന രീതി നിലവിലുള്ളത്. അതുകൊണ്ട് പ്രവാസികൾക്ക് വോട്ടുചെയ്യുന്നതിന് ഈ രീതി അവലംബിക്കണമെങ്കിൽ പ്രസ്തുത ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നതിനാലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമമന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന് പുറത്ത് തൊഴിൽ തേടിയെത്തിയ കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകുന്നതിനുള്ള അവസരമൊരുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെങ്കിലും നിരവധി സംശയങ്ങളും ആശങ്കകളും അതോടൊപ്പം തന്നെ ഉയരുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 1.26 കോടി ഇന്ത്യക്കാരാണ് വിദേശങ്ങളിൽ ജോലിചെയ്യുന്നത്. കേരളം, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രവാസി ഇന്ത്യക്കാരിൽ കൂടുതലുള്ളത്. ഇപ്പോൾ വോട്ടർ പട്ടികയിൽ പേരുള്ളവർ നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളത്. അത് ഒഴിവാക്കി അതാതിടങ്ങളിൽ നിന്ന് വോട്ട് ചെയ്യാനാവുമെന്ന ആനുകൂല്യം ഇതിലൂടെ ലഭിക്കുമെങ്കിലും നടപ്പിലാക്കുമ്പോൾ ഒട്ടേറെ കരുതലും മുന്നൊരുക്കങ്ങളുമുണ്ടാകുന്നില്ലെങ്കിൽ ഗുണത്തെക്കാളേറെ ദുരുപയോഗത്തിനാണ് സാധ്യതയേറെ. കമ്മിഷൻ മുന്നോട്ടുവച്ചിരിക്കുന്ന വോട്ടെടുപ്പ് രീതിയെ സംബന്ധിച്ച് ഒട്ടേറെ അവ്യക്തതകൾ ഉയരുന്നുമുണ്ട്.

വിജ്ഞാപനം പുറത്തുവന്ന് അഞ്ചുദിവസത്തിനകം തപാൽ വോട്ട് ചെയ്യാനുള്ള ആഗ്രഹം വരണാധികാരിയെ അറിയിക്കണം. തുടര്‍ന്ന് വരണാധികാരി ബാലറ്റ് പേപ്പര്‍ ഇമെയിലിലൂടെ വോട്ടര്‍ക്ക് നല്കണം. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം വോട്ട് മടക്കി അയക്കണം. പ്രിന്റ് ഔട്ടിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നത് എങ്ങനെ, മടക്കി അയക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ, അതിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് ഏതുവിധത്തിലായിരിക്കും തുടങ്ങിയ നിരവധി ആശങ്കകൾ ഉയരുന്നുണ്ട്.

കൂടാതെ ബന്ധപ്പെട്ട ആരുമായും ചർച്ച നടത്തുകപോലും ചെയ്യാതെ ഏകപക്ഷീയമായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നതും വിമർശനവിധേയമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഇതുപോലെ പോസ്റ്റൽ വോട്ട് എന്ന തീരുമാനം കമ്മിഷൻ കൈക്കൊണ്ടിരുന്നതാണ്. രോഗികൾക്കും രോഗലക്ഷണങ്ങളുള്ളവർക്കും പോസ്റ്റൽവോട്ട് എന്നതായിരുന്നു കമ്മിഷന്റെ തീരുമാനം. ഇത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. രാഷ്ട്രീയപാർട്ടികളുമായോ ഭരണസംവിധാനങ്ങളുമായോ ചർച്ച ചെയ്യാതെയായിരുന്നു ആ തീരുമാനവും കമ്മിഷൻ ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. അന്നുണ്ടായ പ്രതിഷേധത്തിന് കാരണമായത് പ്രധാനമായും ഇതിന്റെ ദുരുപയോഗ സാധ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു. ദുരുപയോഗ സാധ്യത ഇല്ലാതാക്കുന്നതിനുള്ള ഒരു നിർദ്ദേശവും ഇപ്പോഴത്തെ പ്രഖ്യാപനത്തിലും കമ്മിഷൻ മുന്നോട്ടുവയ്ക്കുന്നില്ല.

വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം നല്കുന്നതിനൊപ്പമോ അതിനെക്കാൾ മുമ്പോ പരിഗണിക്കപ്പെടേണ്ട വിഭാഗമാണ് കുടിയേറ്റത്തൊഴിലാളികൾ. മറ്റ് സംസ്ഥാനങ്ങളിൽ ചെന്ന് തൊഴിലെടുത്ത് ജീവിക്കുന്നവരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമെടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മിഷൻ ദുരുപയോഗസാധ്യതയുടെയും സുതാര്യതയുടെയും വിശ്വാസ്യതയുടെയും പ്രശ്നങ്ങൾ ഉയർന്നുനിൽക്കുന്ന പ്രവാസി വോട്ടിന്റെ കാര്യത്തിൽ ധൃതി പിടിച്ച് തീരുമാനമെടുക്കുന്നത് ഉചിതമല്ല. അതുകൊണ്ട് രാഷ്ട്രീയപാർട്ടികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും വിശദവും വിപുലവുമായ ചർച്ചകൾക്ക് വേദിയൊരുക്കി സമവായത്തിലൂടെ വേണം ഇത്രയും ഗൗരവമേറിയ വിഷയത്തിലുള്ള തീരുമാനമെടുക്കൽ. രാജ്യത്തിന് പുറത്ത് ജീവിക്കുന്നവരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുമ്പോൾ, നിരവധി സംശയങ്ങൾ ഉയർവന്നുവന്നിട്ടുള്ളതാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് രീതിയെന്ന വസ്തുത മറന്നുകൂടാ. വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഇപ്പോഴത്തെ രീതിപോലും സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ഒരു കോടിയിലധികം പേരെ തപാൽ വോട്ടിലൂടെ ഈ പ്രക്രിയയുടെ ഭാഗമാക്കുന്നത് വളരെയധികം കരുതലോടെ ആയിരിക്കണം.