Web Desk

April 08, 2021, 5:20 am

എന്നിട്ടും പൊങ്ങിവരുന്ന റഫാൽ കുംഭകോണം

Janayugom Online

സാമൂഹ്യവും ക്ഷേമകരവുമായ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ വിഹിതത്തിൽ വെട്ടിക്കുറവ് വരുത്തുമ്പോഴും കുറയാത്ത ഒന്നാണ് ഇന്ത്യയുടെ പ്രതിരോധ ചെലവ്. രാജ്യാതിർത്തിയിലെ അശാന്തിയും അകത്തുള്ള വെല്ലുവിളികളും പ്രതിരോധ ചെലവ് വർഷംതോറും കൂട്ടുന്നതിനുള്ള കാരണമായി മാറുന്നുവെന്നാണ് പൊതുവിശ്വാസം. പുതിയ ബജറ്റ് അനുസരിച്ച് 1.4 ശതമാനം വർധനയാണ് പ്രതിരോധ മേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തിൽ വരുത്തിയിരിക്കുന്നത്. മുൻവർഷം 4.71 ലക്ഷം കോടി ആയിരുന്നത് 4.78 ലക്ഷം കോടിയായി ഉയർന്നു. ഇതിൽ മൂലധന ചെലവ് പരിശോധിച്ചാൽ ആ ഇനത്തിൽ 19 ശതമാനമാണ് വർധനവ്. അതിനർത്ഥം ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനുള്ള ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് ഉയരുമെന്നാണ്. ഇപ്പോഴത്തെ എന്നല്ല എല്ലാ കാലത്തെയും കേന്ദ്രസർക്കാരുകൾക്കു കീഴിൽ പ്രതിരോധ ഇടപാടുകൾ ആർക്കൊക്കെയോ ചാകരയായി മാറുന്നുവെന്ന നിഗമനം ശരിവയ്ക്കപ്പെടുന്ന നിലയിലാണ് രാജ്യത്തിന്റെ ആയുധ ചെലവുകളുടെ വർധന.

കോൺഗ്രസെന്നോ ബിജെപിയെന്നോ വ്യത്യാസമില്ലാതെ പല ആയുധ ഇടപാടുകളും വൻ കുംഭകോണങ്ങളിൽ അവസാനിച്ചതിന്റെ നിരവധി ഉദാഹരണങ്ങളാണ് ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് കണ്ടെടുക്കാനാവുന്നത്. ബോഫോഴ്സ് മുതൽ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വരെയും സൈന്യത്തിനായി ശവപ്പെട്ടി വാങ്ങിയതിൽവരെ അഴിമതി നടന്നതിന്റെയും കഥകളുണ്ട്. 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ബിജെപിയുടെ ഭരണത്തിൻ കീഴിൽ ആരോപിക്കപ്പെട്ടതായിരുന്നു റഫാൽ യുദ്ധവിമാന ഇടപാട്. ഇതുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും അതൊന്നും നേരാംവണ്ണം അന്വേഷിക്കപ്പെട്ടില്ല.

ആരോപണങ്ങൾ നിയമയുദ്ധമായപ്പോഴും വിധി പ്രതികൂലമായിരുന്നു. ബിജെപിയുടെ നാമനിർദ്ദേശത്തിൽ ഇപ്പോൾ രാജ്യസഭാംഗമായിരിക്കുന്ന രഞ്ജൻ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോഴായിരുന്നു റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അന്തിമ വിധിയുണ്ടാകുന്നത്. 2019 നവംബർ 15 ന് ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച അതേ ദിവസമായിരുന്നു റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയത്. ഫ്രഞ്ച് വിമാനക്കമ്പനിയായ ദസോ ഏവിയേഷനിൽ നിന്നും 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ കോടികളുടെ അഴിമതിയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇടപാടിൽ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി 2018 ഡിസംബർ 14ന് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജികൾ സമർപ്പിച്ചത്. എന്നാൽ ഹർജികളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹർജികൾ തള്ളുകയായിരുന്നു. ഈ വിധിക്ക് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നത് എല്ലാ അർത്ഥത്തിലും അത് അംഗീകരിക്കാൻ ജസ്റ്റിസ് കെ എം ജോസഫ് തയ്യാറായില്ല എന്നതായിരുന്നു. പക്ഷേ പ്രസ്തുത വിധിയോടെ റഫാൽ സംബന്ധിച്ച ആരോപണങ്ങൾ മൂടപ്പെട്ടു. അതിന് കാർമ്മികത്വം വഹിച്ച രഞ്ജൻ ഗൊഗോയ് പിന്നീട് രാജ്യസഭാംഗവുമായി.

ഇതെല്ലാമുണ്ടായെങ്കിലും പുതിയ പുതിയ വെളിപ്പെടുത്തലുകൾ ആദ്യഘട്ടത്തിൽ ഉണ്ടായ സംശയങ്ങളെയും ആരോപണങ്ങളെയും ശരിവയ്ക്കുന്ന വിധത്തിൽ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഫ്രാൻസിലെ ഉന്നതരിൽ നിന്നുതന്നെ ചില വെളിപ്പെടുത്തലുകൾ പിന്നീട് ഉണ്ടായി. അവയും അവഗണിക്കപ്പെട്ടു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ഉയർന്നുവന്ന വെളിപ്പെടുത്തലുകൾ ഒരു സത്യവും എത്രശ്രമിച്ചാലും മറച്ചുവയ്ക്കാനാവില്ലെന്ന യാഥാർത്ഥ്യത്തെയാണ് ഓർമ്മപ്പെടുത്തുന്നത്.

ഇന്ത്യക്ക് റഫാൽ യുദ്ധവിമാനങ്ങൾ നല്കിയ കമ്പനിയായ ദസോയിൽ നിന്ന് ഇന്ത്യയിലെ ഇടനിലക്കാരന് സമ്മാനമായി പത്ത് ലക്ഷം യൂറോ കൈമാറിയെന്നായിരുന്നു ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ട്. 2016ൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ റഫാൽ കരാർ ഒപ്പിട്ടതിനു പിന്നാലെ ഈ തുക കൈമാറിയെന്നാണ് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടിന്റെ റിപ്പോർട്ടിലുള്ളത്. ഇന്ത്യയിലെ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലി (സിഎജി) ന് തുല്യമായി ഫ്രാൻസിൽ പ്രവർത്തിക്കുന്ന ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസി(എഎഫ്എ)യുടെ പരിശോധനയിൽ കണ്ടെത്തിയ വസ്തുതകളാണ് മീഡിയാ പാർട്ട് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സർക്കാർ സംവിധാനമെന്ന നിലയിൽ ഈ ദിശയിലുള്ള ചില വെളിപ്പെടുത്തലുകൾ അവിടത്തെ ചില ഭരണാധികാരികൾ നേരത്തേ നടത്തിയിരുന്നുവെന്നത് ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്.

രാജ്യത്ത് നേരത്തേ വിവിഐപി ഹെലികോപ്റ്റർ ഇടപാടിൽ ആരോപണ വിധേയനായ സുശേൻ ഗുപ്തയുടെ സ്ഥാപനത്തിനാണ് ഈ തുക നല്കിയതെന്നും റിപ്പോർട്ടിലുണ്ട്. മൂന്ന് തലമുറകളായി രാജ്യത്തിന്റെ പ്രതിരോധ ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്നതാണ് സുശേൻ ഗുപ്തയുടെ കുടുംബം. വെറുതേ ഒരാളോ സ്ഥാപനമോ ഇത്തരം ഇടപാടുകളിൽ ഇടനിലക്കാരായി പ്രവർത്തിക്കുമെന്ന് കരുതാനും സാധിക്കില്ല. അതുകൊണ്ടുതന്നെ റഫാൽ രാജ്യംകണ്ട മറ്റൊരു വലിയപ്രതിരോധ ഇടപാടാണ് എന്നാണ് പുതിയ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമാകുന്നത്. ഓരോ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കൽ എത്തുമ്പോഴും കേന്ദ്ര ഭരണാധികാരികൾ പുതിയ ആയുധ ഇടപാടുകൾക്ക് അംഗീകാരം നല്കുന്നത് ദുരൂഹമാകുന്നത് ഇതൊക്കെ കൊണ്ടുതന്നെയാണ്. കോടതികളെ വിലയ്ക്കെടുത്തും അന്വേഷണ ഏജൻസികളെ ചൊല്പടിക്കു നിർത്തിയും ഭീമമായ കുംഭകോണങ്ങൾ മറച്ചുപിടിക്കുന്നതിനുള്ള വ്യഗ്രതയും സംശയാസ്പദമാകുന്നു. ഏതെങ്കിലും ആരോപണം അന്വേഷിച്ച് സത്യസന്ധത ബോധ്യപ്പെടുത്തുവാൻ ബിജെപി തയ്യാറാകാത്തത് അത്രത്തോളം അഴിമതി അതിൽ ഉൾച്ചേർന്നിരിക്കുന്നു എന്നതിനാൽ തന്നെയാണെന്ന് ഓരോ വെളിപ്പെടുത്തലുകളും സാക്ഷ്യംപറയുന്നുണ്ട്.