Web Desk

December 29, 2020, 5:29 am

സമസ്തയുടെ സംതൃപ്തി

Janayugom Online

കോട്ടകള്‍ കുലുങ്ങിയില്ലെന്ന് കരുതി അഹങ്കരിക്കരുതെന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (ഇ കെ വിഭാഗം) ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് നല്‍കിയ മുന്നറിയിപ്പ് കേവലം രാഷ്ട്രീയം മാത്രമാണെന്ന് കരുതാവുന്നതല്ല. ലീഗ് ഉള്‍പ്പെടുന്ന ഐക്യജനാധിപത്യ മുന്നണിക്ക് അതുപക്ഷെ ഉറക്കം കെടുത്തുന്ന രാഷ്ട്രീയ താക്കീതാണ്. സംസ്ഥാനത്ത് ഭരണം നിര്‍വഹിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തര്‍ ആണെന്ന് സമസ്തയുടെ കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, കേരള പര്യടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു എന്നത് അതിശ്രദ്ധേയവും. പിന്നാക്ക വിഭാഗ സംവരണം നഷ്ടപ്പെടുത്തരുതെന്നാണ് ഇവര്‍ മുഖ്യമന്ത്രിയോട് പ്രധാന ആവശ്യമായി അഭ്യര്‍ത്ഥിച്ചത്. സര്‍ക്കാരിന്റെ മറ്റെല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയും നല്‍കി.

കേരള രാഷ്ട്രീയ അന്തരീക്ഷം ഇന്ന് സര്‍ക്കാര്‍ വിരുദ്ധമല്ലെന്ന പച്ചയായ സന്ദേശമാണ് ഇതില്‍നിന്നെല്ലാം മനസിലാക്കേണ്ടത്. സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങള്‍ക്കും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും തണലാകുന്നുവെന്നതിന്റെ തുറന്നു പറച്ചിലായി ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെര‌ഞ്ഞെടുപ്പിനെ കാണുകയും വേണം. അതിന്റെ തുടര്‍ച്ചയാണ് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ സര്‍ക്കാരിന്മേലുള്ള വിലയിരുത്തല്‍. ഇടതു സര്‍ക്കാര്‍ ഒരു കരുതലും തണലുമാണെന്ന ബോധ്യമാണ് ഇവരെയെല്ലാം നയിക്കുന്നത്. 2021ല്‍ രാജ്യത്ത് പൗരത്വഭേദഗതി നിയമം കര്‍ക്കശമാക്കുമെന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭീഷണി മതന്യൂനപക്ഷങ്ങളെയും മതേതരകാംക്ഷികളെയും വല്ലാതെ ആശങ്കപ്പെടുത്തുന്നതാണ്.

പൗരത്വഭേദഗതി നിയമത്തിനെതിരെ മറ്റു സംസ്ഥാനങ്ങളെയടക്കം കോര്‍ത്തിണക്കി പോരാട്ടത്തിന് നേതൃത്വം നല്‍കിയ കേരള സര്‍ക്കാരിന്റെ നിലപാടിനെ സമസ്ത വിശാലമായാണ് ഇന്ന് വിലയിരുത്തുന്നത്. പുതിയ സാഹചര്യത്തിലും ഇടതുമുന്നണിയും മുഖ്യമന്ത്രിയും ശക്തമായ എതിര്‍പ്പ് കേന്ദ്ര നീക്കത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന വിശ്വാസമാണ് സമസ്തയെ നയിക്കുന്നവര്‍ക്കുള്ളത്. അവരത് കഴിഞ്ഞദിവസം മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തു. സമസ്ത മാത്രമല്ല, മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ സമൂഹത്തിന്റെ സമസ്ത മേഖലയിലുള്ളവരും സംഘടനകളും സാന്നിധ്യമറിയിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യം നേരുകയാണ്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് യുഡിഎഫിന്റെ നേതൃപദവി ഏറ്റെടുക്കാനൊരുങ്ങുകയാണെന്ന നിരീക്ഷണം നടത്തിയ മുഖ്യമന്ത്രി വര്‍ഗീയത പറഞ്ഞുവെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള യു­ഡിഎഫ് നേതാക്ക­ള്‍ ശ്രമിച്ചത്. ഇതുവെറും ശത്രുതാപരമായ രാഷ്ട്രീയ ആരോപണമാണെന്ന വിലയിരുത്തലിലാണ് മതസംഘടനകളെല്ലാം. മതരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ചങ്ങാത്തത്തെ നഖശിഖാന്തം എതിര്‍ത്ത് സമസ്തയടക്കം രംഗത്തുവന്നതും ഇതിന്റെ ഭാഗം തന്നെ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കിയാല്‍ ശക്തമായ എതിര്‍പ്പുണ്ടാകുമെന്ന് ഉമര്‍ ഫൈസി മുക്കം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ ഒപ്പം നിര്‍ത്തിയാല്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ യുഡിഎഫില്‍ നിന്നകന്നുപോകും എന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുരവരെ പോകേണ്ടെന്നാണ് സമസ്തയുടെ രാഷ്ട്രീയ പ്രസ്താവന.

വോട്ട് കുറഞ്ഞതിന് കാ‍ഞ്ഞങ്ങാട് കല്ലൂരാവിയില്‍ വീട് കയറി ആക്രമിക്കുകയും എസ്‌വൈഎസ് പ്രവര്‍ത്തകന്‍കൂടിയായ ഡിവൈഎഫ്ഐ നേതാവ് അബ്ദുള്‍ റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തുകയും ചെയ്തതോടെ ഭയത്താലാണ് ലീഗിനെ ആളുകള്‍ കാണുന്നത്.

ഔഫിന്റെ കൊലപാതകത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ യുവജന വിഭാഗത്തിന്റെ പ്രതിഷേധം പാണക്കാട്ടേയ്ക്കുകൂടി ചെന്നെത്തിയത് ഗൗരവതരമാണ്. ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കും എതിരെ ലീഗിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തുകൊണ്ടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ വര്‍ഗീയ ആക്രമണങ്ങളെ അതിന്റെ അര്‍ത്ഥത്തില്‍ തന്നെ വിശകലനം ചെയ്യുകയാണ് സമസ്തയും മറ്റു മത ന്യൂനപക്ഷ സംഘടനകളും. മുസ്‌ലിം ജനവിഭാഗങ്ങളില്‍ ലീഗും കോണ്‍ഗ്രസും ജമാഅത്തെ ഇസ്‌ലാമിയും ആര്‍എസ്എസും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ യാഥാര്‍ത്ഥ്യമെന്തെന്ന് ബോധ്യപ്പെടാന്‍ സമസ്തയെപ്പോലുള്ള സംഘടനകള്‍ രംഗത്തുവരുന്നത് സാമുദായിക‑മത സംഘര്‍ഷങ്ങളിലേക്ക് നാടിനെ എത്തിക്കുക എന്ന അവരുടെ അജണ്ടയെക്കൂടി തകര്‍ക്കാന്‍ ഉപകരിക്കും. ഒരുപക്ഷെ ഈ ബോധ്യം ലീഗില്‍ അനേകമാളുകളിലേക്ക് എത്തിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് വടക്കന്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്.  ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മതേതര കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കേണ്ട മുസ്‌ലിം ലീഗ്, സ്വന്തം രാഷ്ട്രീയ ഉത്തരവാദിത്തം മറന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഓരോ മേഖലയിലും രാജിവച്ചൊഴിയുന്നവര്‍ പറയുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്, എന്‍ഐഎ, യുഎപിഎ, മുത്തലാഖ് ബില്ലവതരണം ഉള്‍പ്പെടെ, നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സഭയില്‍ പ്രതികരിക്കാനോ വോട്ട് ചെയ്യാനോ തയ്യാറാകാതെയിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ നിലപാട് ഇവരുടെ മനസില്‍ മായാതെ കിടക്കുകയാണ്. ഇവരെല്ലാം ലീഗിനും കോണ്‍ഗ്രസിനുമപ്പുറം മതസാമുദായിക സംഘടനകളുടെ വാക്കും നാക്കുമായി പലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിക്കുന്നത് ഇവിടെയൊരു ആശ്രയമുണ്ടെന്ന വിശ്വാസത്താലാണ്. അതുകൊണ്ടുതന്നെ, രാഷ്ട്രീയ മണ്ഡലത്തിലേക്ക് വര്‍ഗീയതയെ ആയുധമാക്കാനുള്ള ലീഗ്-കോണ്‍ഗ്രസ്-ആര്‍എസ്എസ് തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല.