Web Desk

December 24, 2020, 4:21 am

എഴുതാത്ത കവിത തൻ കടലുമായി…

Janayugom Online

രിണിതപ്രജ്ഞയായ കവയിത്രി എന്നതിനൊപ്പമോ ഒരു പക്ഷേ, അതിനേക്കാൾ മുകളിലോ പരിസ്ഥിതിക്കും പാർശ്വവല്ക്കരിക്കപ്പെട്ടവർക്കുംവേണ്ടി സ്ഥാനപ്രതിഷ്ഠ നേടിയ സുഗതകുമാരി യാത്രയായിരിക്കുന്നു. ഏഴു പതിറ്റാണ്ടിന്റെ കാവ്യസപര്യയും പോരാട്ടപർവവും ബാക്കിയാക്കിയാണ് എന്നുമോർമകളിൽ ജീവിക്കാൻ സുഗതടീച്ചർ പോയ് ‌മറയുന്നത്. മനുഷ്യരോടുള്ള സ്നേഹവും വാത്സല്യവും ഭൂമിക്കും സഹജീവികൾക്കും വേണ്ടിയുള്ള പോരാട്ട മനസും അവരുടെ കവിതകളിൽ എല്ലാം നിറഞ്ഞുതുളുമ്പി. അതിനെ ജീവിതമാക്കുകയും ചെയ്തു. വർത്തമാനകേരളം സാക്ഷിയായ പ്രക്ഷുബ്ധമായ പാരിസ്ഥിതിക പോരാട്ടങ്ങളുടെയെല്ലാം മുന്നിൽ അവരുണ്ടായിരുന്നു. പല ഘട്ടങ്ങളിലും അവർ കവിത കൊണ്ടാണ് കലഹിച്ചത്.

കവിതകളിലത്രയും ഞാനെഴുതുന്നത് ഒരിക്കലും എന്റെമാത്രം വാക്കുകളല്ല. ആരൊക്കെയോ പറയാൻശ്രമിച്ചത് ഞാൻപറയുന്നു. ആരൊക്കെയോ പറഞ്ഞു കഴിഞ്ഞത് ഞാൻ ഏറ്റു പറയുന്നു. ഇനി എന്റെ പിന്നാലെ വരുന്നവർക്ക് പറയാനുള്ളത് ഞാൻ നേരത്തേ പറയാൻ ശ്രമിക്കുന്നു, എന്ന് സുഗതകുമാരി തന്നെ എഴുതിയിട്ടുണ്ട്.

അവരുടെ ഓരോ കവിതകളിലൂടെ സഞ്ചരിച്ചാലും അത് ബോധ്യമാകും. ‘ഒരു താരകയെ കാണുമ്പോളതു രാവു മറക്കും, പുതുമഴ കാൺകേ വരൾച്ച മറക്കും, പാൽച്ചിരികണ്ടതു മൃതിയെ മറന്നു സുഖിച്ചേ പോകും, പാവം മാനവ ഹൃദയം’ മനുഷ്യഹൃദയത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന വരികളാണിത്.

‘ആരോ പറഞ്ഞു

മുറിച്ചുമാറ്റാം കേടു

ബാധിച്ചൊരവയവം

പക്ഷേ കൊടുംകേടു

ബാധിച്ച പാവം മനസോ’

രാത്രിമഴയെന്ന കവിതയിലെ ചോദ്യം ഉള്ള് പിടിച്ചുലയ്ക്കുന്നതാണ്. കാളിയമർദനമെന്ന കവിത ഒരർത്ഥത്തിൽ അവരുടെ തന്നെ വ്യക്തിത്വത്തെ കുറിച്ചുള്ള നിലപാടുകളായും വായിച്ചെടുക്കാവുന്നതാണ്.

അക്കഴൽ മൊട്ടുകളുൽക്കട ബലമാർ

ന്നൊത്തു ചവിട്ടി മെതിക്കുമ്പോൾ

ചതഞ്ഞ പത്തികൾ താഴാതിപ്പോഴു-

മുയർന്നു നില്ക്കാൻ പണിവൂ ഞാൻ.

എന്നത് തല താഴ്‌ത്താൻ മനസ് കാട്ടാത്ത നിശ്ചയദാർഢ്യത്തെയാകാം വിളിച്ചുപറയുന്നത്. കവിതകളിലൂടെ സ്വന്തം നിലപാടുകളും പ്രകൃതിസ്നേഹവും പാരിസ്ഥിതിക അവബോ­­ധവും ആവർത്തിച്ച അവർ അതിനെല്ലാം വേണ്ടി പ്ര­ക്ഷോഭകാരിയായി സമൂഹത്തിൽ തലയുയർത്തി നില്ക്കുകയും ചെയ്തു.

ലോകത്തുതന്നെ പരിസ്ഥിതിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും നിലവിളികളും ശക്തിപ്രാപിക്കുന്നതിന് മുമ്പ് കേരളത്തിൽ നടന്ന സൈലന്റ്‌വാലി പദ്ധതിക്കെതിരായ പ്ര‌ക്ഷോ­ഭം അവരുടെ പേര് പ്രകൃതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പര്യായമായി രേഖപ്പെടുത്തി. 1978ൽ സൈലന്റ് വാലി എന്ന വനപ്രദേശം ജലവൈദ്യുത പദ്ധതിക്കുവേണ്ടി നശിപ്പിക്കുവാൻ പോകുന്നുവെന്ന ലേഖനം ആനുകാലികത്തിൽ വായിച്ച് ‘അസ്വസ്ഥമായ മനസുമായി ഉറങ്ങിയും ഉറങ്ങാതെയും കിടന്ന ഒരു രാത്രിയിലാണ് സൈലന്റ്‌വാലിയെ രക്ഷിക്കാൻ അണ്ണാൻകുഞ്ഞിനെപ്പോലെ ആവതുചെയ്യണ’മെന്ന് തീരുമാനിച്ചതെന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐയുടെയും സമാധാന — ഐക്യദാർഢ്യ പ്രസ്ഥാനങ്ങളുടെയും നേതാവായിരുന്ന ശർമാജിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് രൂപംകൊണ്ട സൈലന്റ്‌വാലി സംരക്ഷണ സമിതിയുടെ ഓഫീസിലേക്ക് നേരിട്ട് ചെന്ന് നിങ്ങളോടൊപ്പം എന്നെയും ചേർക്കു എന്നാവശ്യപ്പെട്ട് പരിസ്ഥിതി പോരാട്ടത്തിന്റെ ഭാഗമാവുകയായിരുന്നു അവർ. അതിന് ശേഷം കേരളം കണ്ട എല്ലാ പരിസ്ഥിതിപ്രക്ഷോഭങ്ങളിലും സുഗതകുമാരി നേർപങ്കാളിയായി. സിംഹവാലൻ കുരങ്ങുകളുടെ സംരക്ഷകരെന്നും വികസന വിരോധികളെന്നും പറഞ്ഞ് പരിസ്ഥിതി പ്രവർത്തകർ പരിഹാസ കഥാപാത്രങ്ങളാകുന്ന ഘട്ടത്തിൽ അതിനെയെല്ലാം അവഗണിച്ച് അവർ എല്ലാവരെയും പോലെ പ്രകൃതിയുടെ പക്ഷത്ത് നിലയുറപ്പിച്ചു. കണ്ണൂരിന്റെ കിഴക്കൻ മലയോരത്തിൽ പെരിങ്ങോത്ത് ആണവനിലയത്തിനായി ശ്രമങ്ങളുണ്ടായപ്പോൾ തിരുവനന്തപുരത്തു നിന്ന് യാത്ര ചെയ്തെത്തി അവർ മറ്റുള്ളവർക്കൊപ്പം സമരമിരുന്നു. തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് റോഡരികിലെ മരങ്ങൾ വികസനത്തിന്റെ പേരിൽ വെട്ടിമുറിക്കാൻ മഴുവോങ്ങിയപ്പോൾ അരുതെന്ന് പറഞ്ഞ് തടയാനും അവരെത്തി.

മറ്റൊരു വാർത്തയിലൂടെ കേരളത്തിലെ ജയിലിനും പീഡനമുറികൾക്കും സമാനമായ മനോരോഗാശുപത്രികളെ കുറിച്ചറിഞ്ഞപ്പോഴും രാത്രിയുറങ്ങാനാവാതെ ആ മാനവ ഹൃദയം തേങ്ങി. അവരെത്തേടിപ്പോവുകയും അത്തരത്തിലുള്ള ജീവിതങ്ങൾക്കാശ്രയമായി അഭയസ്ഥാനങ്ങൾ പണിയുകയും ചെയ്തു.

അങ്ങനെയങ്ങനെ, പതിഞ്ഞ ശബ്ദത്തിൽ കോപിക്കുകയും ലളിതമായ വാക്കുകൾ ഉൾച്ചേർത്തുള്ള കവിതകളിലൂടെ ഉള്ളുലയ്ക്കുകയും ചെയ്താണ് ചരിത്രത്തിൽ സുഗതകുമാരി അടയാളപ്പെടുന്നത്. നീയൊരാൾ മാത്രം എന്ന കവിത ‘എഴുതാത്ത കവിത തൻ കടലുമായി’ എന്നാണ് ആരംഭിക്കുന്നത്. മാനവികതയുടെയും പ്രകൃതിസ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും എഴുതാത്ത കുറേ കവിതകളുമായാണ് സുഗതകുമാരി പാട്ടുമൂളി കടന്നുപോകുന്നത്.