Web Desk

May 10, 2021, 4:18 am

ഭരണത്തകര്‍ച്ച സാക്ഷ്യപ്പെടുത്തുന്ന സുപ്രീംകോടതി വിധി

Janayugom Online

ന്ത്യന്‍ നീതിന്യായ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ പര്യാപ്തമായ നടപടികളാണ് രാജ്യത്തെ നീതിപീഠങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രാണവായു വിതരണം ചെയ്യുന്നതിന് ശാസ്ത്രീയ മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ പന്ത്രണ്ടംഗ ദൗത്യ സംഘത്തെ (നാഷണല്‍ ടാസ്ക് ഫോഴ്സ്) നിയമിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഈ ദിശയില്‍ സുപ്രധാനമാണ്. എസ്‌ടിഎഫിനെ നിയമിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ അമ്പേ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിന് ഏറ്റ കനത്ത ആഘാതമാണ്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട മോഡി ഭരണകൂടത്തിന് അധികാരത്തില്‍ തുടരാനുള്ള നിയമസാധുതയെ തന്നെയാണ് ഉത്തരവ് ചോദ്യം ചെയ്യുന്നത്.

സുപ്രീം കോടതി ഉത്തരവ് പുറത്തുവന്ന അതേദിവസം തന്നെയാണ് ലോകത്ത് ഏറ്റവും പഴക്കം ചെന്നതും വെെദ്യശാസ്ത്രരംഗത്ത് ഏറ്റവും ആധികാരികവുമെന്ന് കണക്കാക്കപ്പെടുന്ന പ്രസിദ്ധീകരണമായ ‘ദി ലാന്‍സെറ്റ്’ ഇന്ത്യയിലെ ഇപ്പോഴത്തെ കോവിഡ് ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മോഡി സര്‍ക്കാരിനാണെന്ന് കര്‍ക്കശമായ ഭാഷയില്‍ പറഞ്ഞുവച്ചത്. ബിജെപിയുടെ ദേശീയ ആസ്ഥാനത്തിന്റെ ആറുനിലകള്‍ കോവിഡ് ആശുപത്രിയാക്കണമെന്ന് ആവശ്യപ്പെട്ട പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയും ദേശീയ ആരോഗ്യ ദുരന്തത്തിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായി ട്വിറ്റര്‍ അടക്കം സാമൂഹ്യമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് ആഘോഷമാക്കി മാറ്റിയ മോഡി അഭൂതപൂര്‍വമായ ദേശീയദുരന്തത്തിന്റെ ദിനങ്ങളില്‍ നിശബ്ദനായിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അവര്‍ണനീയമായ ദുരിതത്തിലേക്കും രോഗപീഡയിലേക്കും അകാലമൃത്യുവിലേക്കും തള്ളിവിട്ട നരേന്ദ്രമോഡി അധികാരത്തില്‍ തുടരാനുള്ള എല്ലാ യോഗ്യതയും കളഞ്ഞുകുളിച്ചിരിക്കുന്നു. പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുക എന്ന ഭരണഘടനാപരമായ അടിസ്ഥാന ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട നരേന്ദ്രമോഡി അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെടുത്തിയിരിക്കുന്നു. ജനങ്ങളുടെ കൂട്ടക്കൊലയുടെ പേരില്‍ ന്യൂറംബര്‍ഗ് മാതൃകയില്‍ മോഡി വിചാരണാവിധേയനാകണം. കോവിഡ്ബാധിതരായി മരണമടയുന്നവരെപ്പറ്റി ഭരണകൂടം പുറത്തുവിടുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധംപോലും ഇല്ലാത്തവയാണെന്ന് ലോകം മുഴുവന്‍ തിരിച്ചറിയുന്നു.

മരണനിരക്ക് നിരവധി മടങ്ങ് അധികമാണെന്ന് മോഡിയുടെ നിയോജകമണ്ഡലമായ വാരണാസിയിലെ ശ്മശാനങ്ങളില്‍ നിന്നുള്ള കണക്കുകളും ചിത്രങ്ങളുംസഹിതം ലോകമാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കാട്ടുതീപോലെ ആളിപ്പടരുന്ന മഹാമാരിയുടെയും കൂട്ടമരണങ്ങളുടെയും നടുവില്‍ തൊഴിലും വരുമാനവുമില്ലാതെ ജീവഭയത്തില്‍പെട്ട് ഉഴലുന്ന ജനങ്ങള്‍ക്ക് മതിയായ തോതില്‍ ഭക്ഷണംപോലും നല്‍കാന്‍ വിസമ്മതിക്കുന്ന ഭരണകൂട ക്രൂരതയ്ക്ക് ചരിത്രത്തില്‍ സമാനത ഉണ്ടാവില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന ഭക്ഷ്യധാന്യ സംഭരണിയുടെ മേലാണ് മോഡിയുടെ സ്വേച്ഛാധിപത്യവാഴ്ചയെന്നത് ലോകമനഃസാക്ഷിയെത്തന്നെ ഞെട്ടിപ്പിക്കുന്നു.

സുപ്രീം കോടതിയും രാജ്യത്തെ വിവിധ ഹെെക്കോടതികളും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നതിനും ഭരണനിര്‍വഹണത്തില്‍ നേരിട്ട് ഇടപെടുന്നതിനും നിര്‍ബന്ധിതമായിരിക്കുന്നു. രാജ്യത്തിന്റെ നിയമവാഴ്ചയും ഭരണനിര്‍വഹണ സംവിധാനവും സമ്പൂര്‍ണ തകര്‍ച്ചയിലാണെന്നതിന്റെ സുവ്യക്തമായ സൂചനയാണ് പ്രാണവായു വിതരണത്തിന് ദേശീയ ദൗത്യ സംഘത്തെ നിയമിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നല്‍കുന്നത്. അഭൂതപൂര്‍വമായ ദേശീയ ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മിഥ്യാഭിമാനബോധം കെെവെടിഞ്ഞ് ദേശീയ സമവായത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം.

അധികാര കേന്ദ്രീകരണമല്ല അതിന്റെ വികേന്ദ്രീകരണവും സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശ ഭരണസ്ഥാപനങ്ങളേയും ശക്തിപ്പെടുത്തലുമാണ് ആവശ്യം. കോവിഡ് മഹാമാരിയെ നേരിടാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുക്കുകയും ജനപങ്കാളിത്തത്തോടെ അവയെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്ത കേരളത്തിന്റെ മാതൃക അവഗണിക്കാവുന്നതല്ല. അധികാരഗര്‍വ് കെെവടിഞ്ഞ് ജനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളേയും വിശ്വാസത്തിലെടുക്കുക എന്നതാണ് മോഡി സ്വേച്ഛാധിപത്യം നേരിടുന്ന വെല്ലുവിളി.