Web Desk

February 25, 2021, 5:25 am

ദുരുപയോഗം തടയാൻ രാജ്യദ്രോഹ നിയമം റദ്ദാക്കണം

Janayugom Online

യുവ കാലാവസ്ഥാ പ്രവര്‍ത്തക ദിശാരവിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് അഡീഷണല്‍ സെഷൻസ് ജഡ്ജ് ധര്‍മ്മേന്ദര്‍ റാണ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് ഒരിക്കല്‍കൂടി രാജ്യത്ത് നിലനില്ക്കുന്ന കിരാത രാജ്യദ്രോഹ നിയമത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നു. അതാതുകാലത്തെ ഭരണകൂട നയങ്ങള്‍ക്കെതിരായി അഭിപ്രായം പ്രകടിപ്പിക്കുന്നതും അതിനെതിരെ ജനാധിപത്യപരമായി, സമാധാനപൂര്‍വം പ്രതിഷേധിക്കുന്നതും രാജ്യദ്രോഹമായി കണക്കാക്കി പ്രതിയോഗികളെ ദേശവിരുദ്ധരാക്കി മുദ്രകുത്തുന്ന പ്രവണത വ്യാപകമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹി സെഷന്‍സ് കോടതി വിധിയും നിരീക്ഷണങ്ങളും നിര്‍ണായകമാവുന്നു.

നരേന്ദ്രമോഡി സര്‍ക്കാര്‍ 2019 ല്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ ഈ കിരാത നിയമത്തിന്റെ പ്രയോഗം വ്യാപകമായി. ഭരണകൂട നയങ്ങളെ വിമര്‍ശിക്കുന്നവരും എതിര്‍ക്കുന്നവരുമായ ഡസന്‍കണക്കിന് പൗരന്മാരുടെ ജീവിക്കാനുള്ള അവകാശമടക്കം മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ദൈനംദിനം ആവര്‍ത്തിക്കപ്പെടുന്നു. മതിയായ കാരണങ്ങളോ തെളിവുകളോ കൂടാതെ ആരെയും അനന്തമായി തുറങ്കിലടയ്ക്കാമെന്ന സ്ഥിതി സംജാതമായി. ഭരണഘടനാ തത്വങ്ങളും ജനാധിപത്യ മര്യാദകളും പാര്‍ലമെന്ററി കീഴ്‍വഴക്കങ്ങളും ലംഘിച്ച് ഭൂരിപക്ഷത്തിന്റെ പേരില്‍ പാസാക്കിയെടുത്ത പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി), കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ എന്നിവയ്ക്കെതിരെ പ്രതിഷേധിക്കാന്‍ മുതിര്‍ന്നവര്‍ക്കെതിരെ രാജ്യദ്രോഹ നിയമം മോഡി ഭരണകൂടത്തിന്റെ കൈകളില്‍ വജ്രായുധങ്ങളായി മാറി. വിമര്‍ശിക്കാനും വിയോജിക്കാനും പ്രതിഷേധിക്കാനും ഭരണഘടന ഉറപ്പു നല്കുന്ന അവകാശം ഉപയോഗിക്കാന്‍ മുതിര്‍ന്ന, വിദ്യാര്‍ത്ഥികളടക്കം പൗരന്മാര്‍ക്കെതിരെ വിവേചനരഹിതമായി പ്രയോഗിക്കപ്പെടുന്ന കിരാത നിയമമായി അത് മാറിയിരിക്കുന്നു. മതിയായ ന്യായീകരണവും തെളിവുകളും കൂടാതെ ഡല്‍ഹി പൊലീസ് ദിശാരവിക്കെതിരെ പ്രയോഗിച്ച ആ നിയമത്തിന്റെ പ്രസക്തിയും നടപടിയുടെ സാധുതയുമാണ് ഇന്നലെ ഡല്‍ഹി സെഷന്‍ കോടതി ചോദ്യം ചെയ്തത്.

1870 ല്‍ ബ്രിട്ടീഷ് കോളനി മേധാവികള്‍ ഇന്ത്യയിലെ അടിമ ജനതയ്ക്കെതിരെ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയതാണ് രാജ്യദ്രോഹ നിയമം. 1973 ല്‍ അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹ നിയമത്തെ കൂടുതല്‍ കര്‍ക്കശവും കിരാതവുമാക്കി ഭേദഗതി ചെയ്തു. കുറ്റാരോപിതരെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തു തടവിലാക്കാന്‍ കഴിയുന്ന കുറ്റകൃത്യമായി അത് മാറ്റിയെഴുതി. ഭരണകൂടത്തിന്റെ ഇച്ഛാനുസരണം ആരെയും വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തു തടങ്കലിലാക്കാമെന്ന സ്ഥിതിവന്നു. മാറിമാറി വന്ന ഭരണകൂടങ്ങള്‍ എതിരാളികളെ നിശബ്ദരാക്കാനുളള ആയുധമായി അതിനെ ഉപയോഗിച്ചു. ഈ കിരാത നിയമത്തിന് ബീജാവാപം ചെയ്ത ബ്രിട്ടന്‍ 2009 ല്‍ നിയമം അസാധുവാക്കിയിട്ടും ജനാധിപത്യം ഉദ്ഘോഷിക്കുന്ന ഇന്ത്യ ഇപ്പോഴും അത് നിലനിര്‍ത്തുകയും യഥേഷ്ടം പ്രയോഗിക്കുകയും ചെയ്യുന്നു. ബിജെപിക്കും സംഘ്പരിവാറിനും നരേന്ദ്രമോഡിയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനും വിയോജിപ്പുകളെയും എതിര്‍പ്പുകളെയും നിശബ്ദമാക്കാനുള്ള ആയുധമായി രാജ്യദ്രോഹ നിയമം മാറിയിരിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുഛേദം പൗരന്മാര്‍ക്ക് ഉറപ്പു നല്കുന്ന വിയോജിക്കാനും സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താനുമുള്ള അവകാശം സംരക്ഷിക്കാനും രാജ്യദ്രോഹ നിയമം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ശബ്ദം ഉയര്‍ത്താനുമുളള അവസരമാണ് ദിശാരവിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പൗരന്മാര്‍ക്ക് നല്കുന്നത്. വിയോജിക്കാനും വിമര്‍ശിക്കാനും എതിര്‍ക്കാനുമുള്ള അവകാശം നിഷേധിക്കപ്പെടുന്ന വ്യവസ്ഥ ജനാധിപത്യമല്ല. അത് എല്ലാ അര്‍ത്ഥത്തിലും സ്വേച്ഛാധിപത്യമാണ്.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ദുരഭിമാനത്തിന് മുറിവേല്പിച്ചു എന്നതാണ് ദിശാരവിയുടെ അറസ്റ്റിലേക്ക് നയിച്ചത്. ദിശാരവിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഡല്‍ഹി പൊലീസ് പരാജയപ്പെട്ടു. പൊലീസ് ആരോപിക്കുന്നവിധം രാജ്യത്തിന്റെ അന്തസിന് കളങ്കമേല്പിക്കുന്ന യാതൊന്നും ദിശയുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടായിട്ടില്ല. അവരുടെ പ്രവൃത്തികള്‍ ഒന്നും തന്നെ ഭരണഘടന പൗരന് ഉറപ്പു നല്കുന്ന സ്വാതന്ത്ര്യത്തിനു പുറത്തല്ല. ഭരണഘടന പൗരന് നല്കുന്ന അവകാശമാണ് ഭരണകൂട നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ അവകാശം എന്ന് സുപ്രീം കോടതി തന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കുക മാത്രമാണ് ദിശാരവി ചെയ്തിട്ടുള്ളത്. ഡല്‍ഹി പൊലീസിന്റെ ചെയ്തികള്‍ നിയമത്തിന്റെ ദുരുപയോഗമാണ്. സ്വേച്ഛാധിപത്യത്തിന് കുടപിടിക്കുന്ന ഈ നിയമം റദ്ദാക്കുക മാത്രമാണ് അത്തരം ദുരുപയോഗം തടയാനുള്ള ഒരേ ഒരു മാര്‍ഗ്ഗം.