Janayugom Online
new-age editorial janayugom

പാകിസ്ഥാനിലെ തെരഞ്ഞെടുപ്പ്

Web Desk
Posted on August 04, 2018, 10:54 pm

പാകിസ്ഥാനിലെ ദേശീയ അസംബ്ലിയിലേയ്ക്കും നാലു പ്രവിശ്യ അസംബ്ലികളിലേയ്ക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിക്ക് ദയനീയമായ പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി സൈന്യവും ജുഡീഷ്യറിയും ചേര്‍ന്നുള്ള ഉപജാപങ്ങളുടെ ഫലമാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ഖാന്‍ നയിക്കുന്ന പാകിസ്ഥാന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് എന്ന പാര്‍ട്ടി 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അധികാരത്തിലിരുന്ന പാകിസ്ഥാന്‍ മുസ്‌ലിംലീഗിന് കേവലം 66 സീറ്റുകളാണ് ലഭിച്ചത്. ഭൂട്ടോമാരുടെയും സര്‍ദ്ദാരിമാരുടെയും നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് കേവലം 43 സീറ്റുകളാണ് നേടാനായത്.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഭരണത്തില്‍ സൈന്യത്തിന് എന്നും പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രണങ്ങളുണ്ട്. പാകിസ്ഥാന്‍ രൂപീകരിച്ചതിനുശേഷമുള്ള പകുതിയോളം വര്‍ഷങ്ങള്‍ സൈന്യം നേരിട്ടുഭരിച്ചു. കൂടാതെ പാകിസ്ഥാന്റെ പ്രതിരോധ‑വിദേശനയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ സൈന്യത്തിന് പ്രധാന പങ്കുണ്ട്. നവാസ് ഷെരീഫ് ഭരണത്തിന്റെ ആദ്യപകുതിയില്‍ സൈന്യം അദ്ദേഹത്തെ അനുകൂലിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ പുറത്താക്കാനും സൈന്യം തീരുമാനിച്ചു. പനാമാ പേപ്പര്‍ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യറിയുമായി ചേര്‍ന്ന് അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കിയെന്നു മാത്രമല്ല ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജുഡീഷ്യറിയുമായി ചേര്‍ന്ന് ഒരു പാവഭരണമാണ് സൈന്യം താല്‍പ്പര്യപ്പെടുന്നത്. സൈന്യത്തിന്റെയും ജുഡീഷ്യറിയുടെയും നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഇമ്രാന്‍ഖാനെയാണ് ഇക്കുറി സൈന്യത്തിന് താല്‍പ്പര്യം. പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ മുഖ്യ ഉപകരണമാക്കി തെരഞ്ഞെടുപ്പ് ഫലത്തില്‍ ക്രമക്കേടുകള്‍ നടത്തി. വോട്ടെടുപ്പിലല്ല, മറിച്ച് വോട്ടെണ്ണലിലാണ് ക്രമക്കേടുകള്‍ നടന്നതെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യമായ ആരോപണം. സൈന്യത്തിന്റെയും ജുഡീഷ്യറിയുടെയും താല്‍പ്പര്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വഴങ്ങി തെരഞ്ഞെടുപ്പുഫലത്തില്‍ മാറ്റങ്ങള്‍ വന്നതായാണ് ലഭ്യമാകുന്ന വിവരം.
അന്തിമവിധി വരുന്നതിന് മുമ്പുതന്നെ പാവസര്‍ക്കാരിന്റെ നേതാവായ ഇമ്രാന്‍ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. മറ്റേത് ബൂര്‍ഷ്വാരാഷ്ട്രീയക്കാരനെപ്പോലെ രാജ്യത്തെ ജനാധിപത്യം, വികസനം എന്നിവ സംബന്ധിച്ച വാക്കുകള്‍ അദ്ദേഹത്തില്‍ നിന്നും വന്നു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുമെന്നും പട്ടിണിയും വിശപ്പും ഉന്മൂലനാശനം ചെയ്ത് ഒരു പുതിയ പാകിസ്ഥാന്‍ രൂപീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഭീഷണിയെയാണ് അദ്ദേഹം എടുത്തുപറഞ്ഞത്. എന്നാല്‍ പാകിസ്ഥാനില്‍ വളരുന്ന മതമൗലികവാദത്തെയും ഭീകരവാദത്തെയും അദ്ദേഹം പരാമര്‍ശിച്ചില്ല. മതമൗലികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രവാദത്തിന്റെ ഏറ്റവും സുരക്ഷിതമായ താവളമാണ് പാകിസ്ഥാന്‍. ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഗുരുതരമായ ഭീഷണിയാണ്. സ്വന്തം രാജ്യത്തുള്ള തീവ്രവാദം സംബന്ധിച്ച് പരാമര്‍ശം നടത്താന്‍ അദ്ദേഹത്തിന് കഴിയില്ല. കാരണം മതമൗലികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രവാദത്തിന് എന്നും പാകിസ്ഥാന്‍ സൈന്യം സഹായം ചെയ്തിട്ടുണ്ട്. കൂടാതെ ഈ മതമൗലിക വാദത്തെ വിദേശനയങ്ങള്‍ രൂപീകരിക്കുന്നതിലും വേണ്ടവിധത്തില്‍ ഇതിനെ ഉപയോഗപ്പെടുത്തി. ഇത് പാകിസ്ഥാന്‍ നേരിടുന്ന മറ്റൊരു ഭീഷണിയാണ്.
ഇന്ത്യന്‍ മാധ്യമങ്ങള്‍തന്നെ ബോളിവുഡ് ചിത്രങ്ങളിലെ വില്ലനെപ്പോലെ ചിത്രീകരിച്ചുവെന്നാണ് ഇമ്രാന്‍ഖാന്‍ പരാതിപ്പെട്ടത്. എന്നാല്‍ ചില നല്ല പരാമര്‍ശങ്ങളും ഇമ്രാന്‍ഖാന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിന് പാകിസ്ഥാനിലെ സൈനികസംവിധാനം അനുവദിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ മാറ്റത്തെ ഇന്ത്യ സ്വാഗതം ചെയ്യേണ്ടതാണ്. ഇമ്രാന്‍ഖാന്‍ മുന്നോട്ടുവച്ച ഈ പാതയില്‍ ഒരു പടി മുന്നേറി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകണം.
എന്നാല്‍ സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാര്‍ ഈ അവസരം ഉപയോഗപ്പെടുത്തുമോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം. ഇത് അസാധ്യമായി തോന്നുന്നു. കശ്മീരുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ അസാധ്യമാണെന്ന നിലപാടുമായി നിരവധി ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ രംഗത്തെത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രതികരണങ്ങളാണിത്. കശ്മീര്‍ താഴ്‌വര പ്രശ്‌നമുഖരിതമായിരിക്കേണ്ടത് ഇവരുടെ ആവശ്യമാണ്. പിഡിപിയുമായുള്ള ബന്ധം വിച്ഛേദിച്ചശേഷം കശ്മീരിന്റെ പൂര്‍ണമായ അധികാരം ബിജെപിയുടെ കൈകളിലെത്തി. പ്രതിരോധിക്കുക, പരാജയപ്പെടുത്തുക, നശിപ്പിക്കുക എന്ന മൂന്ന് തന്ത്രങ്ങളാണ് കശ്മീര്‍ താഴ്‌വരയുടെ കാര്യത്തില്‍ ബിജെപി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കശ്മീര്‍ താഴ്‌വരയില്‍ അടിച്ചമര്‍ത്തലുകള്‍ രൂക്ഷമാകുന്നു. ചോരപ്പുഴ ഒഴുകുന്നു. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് അസമില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് തുടരുന്നത്. എന്നാല്‍ ഇതിനെയൊക്കെ ജാതി-മത-വര്‍ഗ്ഗീയ ധ്രുവീകരണങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് ബിജെപി ഉപയോഗിക്കുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം.
ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം പാകിസ്ഥാനില്‍ എന്തുസംഭവിച്ചാലും അതിനെയൊക്കെ തരണം ചെയ്യാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ക്കറിയാം. ഇതിനെക്കാള്‍ ഗുരുതരമായ സാഹചര്യങ്ങള്‍ അവര്‍ നേരിട്ടിട്ടുണ്ട്. സൈനിക സ്വേച്ഛധിപതികളെയും സൈന്യത്തിന്റെ സഹായത്തോടെയുള്ള ഭരണത്തെയും പുറത്താക്കാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് അറിയാം.
കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സന്തുലിതവും സമഗ്രവുമായ ഒരു സമീപനം സ്വീകരിക്കാന്‍ നമ്മുടെ രാജ്യത്തെ മതേതര-ജനാധിപത്യ ശക്തികള്‍ തയ്യാറാകണം. ഈ സമീപനത്തോടെയാകണം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കേണ്ടത്. കൂടാതെ ആ രാജ്യത്ത് കാര്യക്ഷമവും സമഗ്രവുമായ ജനാധിപത്യ സംവിധാനങ്ങള്‍ വീണ്ടെടുക്കുന്ന വിധത്തിലാകണം ഉഭയകക്ഷി ചര്‍ച്ചകള്‍.