ഇത് തല്ലിക്കൊല്ലുന്നവരുടെ രാജ്യമോ?

Web Desk
Posted on October 04, 2017, 1:34 am

കൂട്ടം ചേര്‍ന്ന് ഒരാളെ ആക്രമിച്ച് വെട്ടിക്കൊല്ലുക എന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സോയര്‍ എഴുതിയ പ്രസിദ്ധ അമേരിക്കന്‍ സാഹിത്യകാരന്‍ മാര്‍ക് ട്വയിന്‍ അവിടുത്തെ വംശഹത്യകള്‍ക്കെതിരെ ശക്തമായി നിലകൊണ്ട് നടത്തിയ പ്രസ്താവന ഇതായിരുന്നു. ”കറുത്തവരായതുകൊണ്ട് മാത്രം ഒരു വിഭാഗം ജനതയെ സംഘം ചേര്‍ന്ന് അരിഞ്ഞുവീഴ്ത്തുന്നതാണ് എന്റെ രാജ്യമെന്ന് പറയാന്‍ എനിക്ക് ദുഃഖമുണ്ട്. ഞാന്‍ അമേരിക്കയെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ലിന്‍ഞ്ചര്‍ഡം (സംഘം ചേര്‍ന്ന് കൊല്ലുന്നവരുടെ രാജ്യം) എന്ന് വിളിക്കുകയാണ്” 1901 ല്‍ മുസൂറിയിലുണ്ടായ അതിഭീകരമായ വംശീയ കൊലയെ തുടര്‍ന്നാണ് അതീവരോഷത്തോടെ അദ്ദേഹമിങ്ങനെ പ്രതികരിച്ചത്.

ഇക്കഴിഞ്ഞ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഗുജറാത്തില്‍ ദളിതനെ ഒരുകൂട്ടര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവമടക്കം കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഇത്തരം 20 സംഭവങ്ങളാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഗുജറാത്തിലെ ആനന്ദി ജില്ലയില്‍പ്പെട്ട ഭദ്രാനിയ ഗ്രാമത്തില്‍ ഗര്‍ബ നൃത്തം കാണാന്‍ ചെന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ് ദളിത് യുവാവിനെ പട്ടേല്‍ സമുദായത്തില്‍പ്പെട്ട എട്ടുപേര്‍ സംഘം ചേര്‍ന്ന് തല്ലിക്കൊന്നത്. നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നിറങ്ങളുടെ ഈ നൃത്തോത്സവത്തില്‍ വിശ്വാസികള്‍ മതിമറന്ന് ആനന്ദനൃത്തം ചെയ്യുക പതിവാണ്. ഈ നൃത്തം ദളിത് യുവാവ് കാണുന്നതില്‍ കലിപൂണ്ട ഉയര്‍ന്നജാതിക്കാരുടെ സംഘം അയാളെ വെട്ടിക്കൊലപ്പെടുത്തുന്നത് കണ്ട ഉത്സവാഘോഷത്തില്‍ പങ്കെടുത്തവര്‍ ഞെട്ടിത്തരിച്ചുപോയി. ബിജെപി അധികാരമേറ്റശേഷം രാജ്യത്തെ നടുക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഹിന്ദുരാഷ്ട്രം നിര്‍മിക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയുമായി അധികാരമേറ്റ ബിജെപി, ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘടിത ആക്രമണം അഴിച്ചുവിടുന്നത് പതിവാക്കിയിരിക്കുന്നു. പശുവിന്റെ പേരില്‍, മാട്ടിറച്ചിയുടെ പേരില്‍, സദാചാരസംരക്ഷണത്തിന്റെ പേരില്‍, സമുദായസംരക്ഷണത്തിന്റെ പേരില്‍ ഒക്കെയാണ് ഇത് നടക്കുന്നത്.

ഇവര്‍ക്ക് ഭരണകൂട പിന്തുണയുണ്ട് എന്നതുകൊണ്ടുതന്നെ ഇതൊരു ക്രമസമാധാനപ്രശ്‌നം കൂടിയാണ്. ഇതുവരെയുണ്ടായ ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാനോ അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനോ ഇവിടങ്ങളില്‍ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല. ഈ സംഭവം നടക്കുന്നതിനും ഏതാനും ദിവസം മുന്‍പ് മീശവച്ചതിന്റെ പേരില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ രണ്ട് ദളിത് യുവാക്കളെ രജപുത് വിഭാഗത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരെ യാതൊരുവിധ അന്വേഷണവും നടന്നിട്ടില്ല. 2015 സെപ്റ്റംബര്‍ 28 നാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലക് എന്നയാളെ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചു എന്ന പേരില്‍ ഒരുകൂട്ടം ആളുകള്‍ ഇഷ്ടികയും കുറുവടിയും കൊണ്ട് ഇടിച്ചും അടിച്ചും കൊന്നത്. അഖ്‌ലക്കിന്റെ 22 വയസുള്ള മകന്‍ ഡാനിഷിന് അതിഭീകരമായി മുറിവുകളേല്‍ക്കുകയുണ്ടായി. എഴുപത് വര്‍ഷമായി ആ ഗ്രാമത്തില്‍ സ്വസ്ഥമായി കഴിഞ്ഞിരുന്ന കുടുംബത്തിന് ഈ ദുരന്തമുണ്ടായത് എന്തുകൊണ്ടാണെന്നത് വ്യക്തമാണ്. ബിജെപിയും അവരുടെ സംഘപരിവാര്‍ സംഘടനകളും ഈ രാജ്യത്ത് അഴിച്ചുവിട്ട ഹിന്ദുത്വരാഷ്ട്ര വാദത്തിന്റെ പ്രേരണയിലാണ് ഈ രാജ്യത്ത് ഇതൊക്കെ നടക്കുന്നത്.

2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഗാസിയാബാദില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്രമോഡി നടത്തിയ പ്രസംഗത്തില്‍ പശുവിനെ കൊല്ലുന്നത് ഹിന്ദുരാഷ്ട്രത്തില്‍ ശിക്ഷാര്‍ഹമായ നടപടിയാണെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഭരണമേറ്റശേഷം അദ്ദേഹവും അനുയായികളും ഇതക്ഷരംപ്രതി നടപ്പിലാക്കുകയാണ്. അതാണ് ദാദ്രിയില്‍ നടന്നത്. മോഡി ഇതിനെ പിങ്ക് വിപ്ലവമെന്നാണ് അന്ന് വിളിച്ചത്. മുഹമ്മദ് അഖ്‌ലക് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍പോലും പ്രധാനമന്ത്രി തയാറായില്ല എന്ന് മാത്രമല്ല കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ പറഞ്ഞത് പശുവിനെ കൊന്നതിന്റെ സ്വാഭാവിക പ്രതികരണമാണ് ദാദ്രിയില്‍ നടന്നതെന്നാണ്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ അഖ്‌ലക്കിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയായിരുന്നു എന്ന് ബോധ്യമാവുകയും ചെയ്തു.

അഖ്‌ലക്കിന്റെ കൊലപാതകത്തെ ന്യായീകരിച്ച ബിജെപിയുടേയും പ്രധാനമന്ത്രിയുടെയും നിലപാടാണ് ഇത്തരം കൊലപാതകങ്ങള്‍ രാജ്യത്ത് വ്യാപകമാകാന്‍ കാരണമായത്. അതിനുശേഷം ദളിത് ന്യൂനപക്ഷ ജനവിഭാഗം രാജ്യത്ത് നേരിട്ട അതിക്രമങ്ങള്‍ നിന്ദ്യവും അതിക്രൂരവുമാണ്. 2015 സെപ്റ്റംബറില്‍ തുടങ്ങി രണ്ട് ദിവസം മുന്‍പുവരെ രാജ്യത്തുണ്ടായ സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചു, പലര്‍ക്കും ജീവിതം തന്നെ കൈവിട്ടുപോയി. ഹിമാചല്‍പ്രദേശിലെ ഷരന്‍പൂരില്‍ പശുമോഷണം ആരോപിച്ച് കൊല്ലപ്പെട്ട ഇരുപത് വയസുള്ള നൊമാന്‍, മണിപ്പൂരിലെ ഖുറൈഷിയാന പ്രദേശത്ത് പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട റഫീക്, ഹബീബ്, ഝാര്‍ഖണ്ഡില്‍ കൊന്ന് കെട്ടിത്തൂക്കിയ മജ്‌ലൂം അന്‍സാരി, പന്ത്രണ്ടു വയസുള്ള ഇംത്യാസ്ഖാന്‍, ഗുജറാത്തിലെ ഊനയില്‍ മൃഗീയമായി തല്ലിച്ചതയ്ക്കപ്പെട്ട ദളിത് കുടുംബത്തിലെ ഏഴ് പേര്‍, ബീഫ് കഴിച്ചെന്ന പേരില്‍ കര്‍ണാടകയിലെ ചിക്മംഗളൂരില്‍ ആര്‍എസ്എസ് ആക്രമണത്തിനിരയായ ദളിത് കുടുംബാംഗങ്ങള്‍, പശുവിനെ കടത്തി എന്ന പേരില്‍ കൊലചെയ്യപ്പെട്ട പെഹ്‌ലുഖാന്‍, ഡല്‍ഹി-മഥുര ട്രെയിനില്‍ അന്‍പത് പേര്‍ ചേര്‍ന്ന ആള്‍ക്കൂട്ടം അടിച്ചുകൊന്ന ജുനൈദ് തുടങ്ങിയവരൊക്കെ ഇവരില്‍ ചിലര്‍ മാത്രം.

ഹിന്ദുത്വ അജന്‍ഡ ബിജെപി നടപ്പിലാക്കുന്നത് ദളിത് ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൊന്നൊടുക്കിയാണ്. മാര്‍ക്ക് ട്വയിന്‍ പറഞ്ഞതുപോലെ ഇന്ത്യ അടിച്ചുകൊല്ലുന്നവരുടെ രാജ്യമായി മാറിയിരിക്കുന്നു. വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണപരമ്പരകള്‍ രാജ്യത്തെ ജനങ്ങളോട് പറയുന്നതും ഇതുതന്നെ. സവര്‍ണര്‍ ഗുജറാത്തില്‍ അടിച്ചുകൊന്ന ജയേഷ് സോളങ്കിക്ക് വയസ് ഇരുപത്തൊന്ന്. നിഷ്‌ക്കളങ്കരായ നിരവധി യുവാക്കളുടെ രക്തമാണ് ഈ മണ്ണില്‍ പതിക്കുന്നത്. ഫാസിസ്റ്റ് കൊലയ്ക്ക് ബിജെപി മറുപടി പറയേണ്ടിവരും.