രണ്ടു തെരഞ്ഞെടുപ്പ് വിധികളുടെ ചൂണ്ടുപലക

Web Desk
Posted on October 17, 2017, 1:37 am

ഴിഞ്ഞ ദിവസം പുറത്തുവന്ന രണ്ടു തെരഞ്ഞെടുപ്പ് വിധിയെഴുത്ത് രാജ്യത്തെ രാഷ്ട്രീയ ഭൂമികയ്ക്ക് സുപ്രധാനമായ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. വേങ്ങരയില്‍ സിറ്റിങ് സീറ്റ് ലീഗിലൂടെ യുഡിഎഫിന് നിലനിര്‍ത്താനായെങ്കിലും നിറം കെട്ടതായിരുന്നു ആ വിജയമെന്ന് അവര്‍ തിരിച്ചറിയുന്നുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
2016 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് 38,057 വോട്ടിന്റെ ഭുരിപക്ഷമുണ്ടായിരുന്ന സ്ഥാനത്താണ് ഒന്നര വര്‍ഷത്തിനിപ്പുറം ലീഗ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിന്റെ ഭൂരിപക്ഷം 23,310 ആയി കുറഞ്ഞിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ചും വോട്ടിലും ഭൂരിപക്ഷത്തിലും ഗണ്യമായ കുറവാണ് യുഡിഎഫിനെ സംബന്ധിച്ചുണ്ടായിരിക്കുന്നത്. യുഡിഎഫ് എന്നു പറയുമ്പോള്‍ അത് പ്രധാനമായും ലീഗിനുണ്ടായ തിരിച്ചടിയാണ്.
എല്‍ഡിഎഫ് പൂര്‍ണമായും കേന്ദ്രീകരിച്ചതാണ് ഭൂരിപക്ഷത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങളാണ് യുഡിഎഫ് നിരത്താന്‍ ശ്രമിച്ചിട്ടുള്ളത്. മറ്റൊരിടത്തും തെരഞ്ഞെടുപ്പുണ്ടായിരുന്നില്ലെന്നതിനാല്‍ തന്നെ യുഡിഎഫ് നേതൃത്വവും സര്‍വസന്നാഹങ്ങളുമായി അണിനിരന്നതായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. എന്നിട്ടും എന്തുകൊണ്ട് ഭൂരിപക്ഷം കുറഞ്ഞുവെന്ന് വിലയിരുത്തുന്നതിന് പകരം മുടന്തന്‍ ന്യായങ്ങളുമായി രംഗത്തെത്തുകയാണ് യുഡിഎഫ് ചെയ്യുന്നത്. രാഷ്ട്രീയമായും സംഘടനാ പരമായും യുഡിഎഫ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന വ്യക്തമായ സന്ദേശമാണ് വേങ്ങര തെരഞ്ഞെടുപ്പ് നല്‍കുന്ന പ്രധാന പാഠം.
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്നായിരുന്നു ആദ്യഘട്ടം മുതല്‍ യുഡിഎഫ് പറഞ്ഞുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ വോട്ടുചോര്‍ച്ചയും ഭൂരിപക്ഷത്തിലുണ്ടായ കുറവും എല്‍ഡിഎഫ് വോട്ടിലുണ്ടായ വര്‍ധനയും ഭരണം മെച്ചപ്പെട്ടതാണെന്ന പൊതുസമൂഹത്തിന്റെ വിലയിരുത്തലാണെന്ന് സമ്മതിക്കാനുള്ള സാമാന്യ മര്യാദ യുഡിഎഫ് നേതൃത്വം കാണിക്കുകയാണ് വേണ്ടത്.
അതോടൊപ്പം തന്നെ കേരളത്തില്‍ എന്തെക്കെയോ കാട്ടിക്കൂട്ടാന്‍ പോകുന്നുവെന്ന പ്രചണ്ഡമായ പ്രചരണം നടത്തുന്ന ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയും വേങ്ങറ താക്കീത് നല്‍കുന്നുണ്ട്. കലാപത്തിലൂടെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെയും നാലുവോട്ടും സീറ്റും സംഘടിപ്പിക്കാമെന്നത് മിഥ്യാധാരണയാണെന്നും കേരളം അതിന്റെ മതസൗഹാര്‍ദവും നവോത്ഥാന നിലപാടുകളും അടിയറവയ്ക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനവും ഈ വിധിയെഴുത്തിലൂടെ വേങ്ങര നടത്തുന്നുണ്ട്. അത് വേങ്ങരയുടെ മാത്രം പ്രഖ്യാപനമല്ലെന്നും പ്രബുദ്ധ കേരളത്തിന്റെ ആകെയാണെന്നും തിരിച്ചറിയാന്‍ വര്‍ഗീയ ശക്തികള്‍ക്ക് പ്രത്യേകിച്ച് ബിജെപിക്കും കൂട്ടര്‍ക്കും സാധിച്ചാല്‍ അവര്‍ക്കു നല്ലതെന്നേ പറയാനുള്ളൂ.
ഇതിനോട് ചേര്‍ത്തു വായിക്കേണ്ട വിധിയാണ് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുണ്ടായിരിക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ പിന്‍ബലത്തില്‍ ബിജെപി എല്ലാവിധ തന്ത്രങ്ങളും പയറ്റിയിട്ടും അവിടെ സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടുവെന്നു മാത്രമല്ല 1,93,219 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി ദയനീയമായി പരാജയപ്പെട്ടത്. 2014 ലേതുള്‍പ്പെടെ നാലു തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിനോദ് ഖന്ന ജയിച്ചു കയറിയ മണ്ഡലമായിരുന്നു ഗുരുദാസ്പൂര്‍.
നരേന്ദ്രമോഡിയുടെ പ്രതാപം മങ്ങുന്നുവെന്നും കേന്ദ്രഭരണത്തിന്റെ പരാജയം ജനങ്ങള്‍ തിരിച്ചറിയുന്നുവെന്നും വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് വിധിയെഴുത്ത്. നാലുതവണ ബിജെപിയെ തുണച്ച ഈ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ഒമ്പതില്‍ ഏഴ് നിയമസഭാ മണ്ഡലത്തിലും കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യമാണ് വിജയിച്ചത്. അന്ന് ബിജെപി പറഞ്ഞിരുന്നത് നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും രണ്ടാണെന്നായിരുന്നു. എന്നാല്‍ ആറുമാസങ്ങള്‍ക്കിപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചുകൊണ്ട് ഗുരുദാസ്പൂരിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ രണ്ടാണെങ്കിലും വിധിയെഴുത്തിലൂടെ ആര്‍ക്കാണ് പാഠം നല്‍കേണ്ടതെന്ന് കൂടി വ്യക്തമാക്കിയിരിക്കുകയാണ്.
വര്‍ഗീയതയും ജനവിരുദ്ധനയങ്ങളും ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ സൂചന കൂടിയാണത്. ഫാസിസ്റ്റ് പ്രവണതകളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് ഗുരുദാസ്പൂരിലെ ജനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. 11 സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും പ്രമുഖമായ മത്സരം നടന്നത് കോണ്‍ഗ്രസ് — ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലായിരുന്നു. എഎപിയുടെ സ്ഥാനാര്‍ഥിയും രംഗത്തുണ്ടായിരുന്നു. ബിജെപിക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന വികാരത്തിന്റെ കൂടി പ്രതിഫലനമായി വേണം ഗുരുദാസ്പൂരിലെ വിധിയെഴുത്തിനെ കാണാന്‍. അത് ബിജെപി മനസിലാക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ പോലും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിന് വഴിവച്ച ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതിയുടെ മറിമായത്തില്‍ നിന്ന് മനസിലാക്കേണ്ടത്. ഒരേ കാലയളവില്‍ നടക്കേണ്ട തെരഞ്ഞെടുപ്പില്‍ ഒരു സംസ്ഥാനത്തെ തീയതി മാത്രം പ്രഖ്യാപിക്കുകയും ഗുജറാത്തിന്റെ തീയതി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തതും ആ ഇടവേളയില്‍ പ്രഖ്യാപനങ്ങളുടെ പെരുമഴ തീര്‍ക്കുകയും ചെയ്യുകയെന്നത് ആശാസ്യകരമല്ല. ഒരിക്കലും പഠിക്കില്ലെന്ന് ശാഠ്യം പിടിക്കുന്ന ബിജെപിയെ പഠിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് എന്ന ഈ ആയുധമെങ്കിലുമുണ്ടല്ലോ.