Web Desk

September 10, 2020, 3:54 am

ട്രെയിനുകൾ നിര്‍ത്തിവയ്ക്കുന്നത് അനുചിതം, യുക്തിരഹിതം

Janayugom Online

കേരളത്തില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകളും ഞായറാഴ്ച മുതല്‍ ഓടില്ലെന്ന് ഇന്ത്യന്‍ റയില്‍വേ. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം വേണാട് എക്സ്പ്രസ് എന്നീ സ്പെഷ്യല്‍ ട്രെയിന്‍ ജോഡികളാണ് ഓട്ടം നിര്‍ത്തുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് തിരുവനന്തപുരം ഡിവിഷന് ലഭിച്ചെങ്കിലും ഔദ്യോഗിക ഉത്തരവ് ആയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തുടനീളം നിര്‍ത്തിവച്ച പതിവ് യാത്രാ ട്രെയിനുകള്‍ക്ക് പകരമായാണ് ഈ പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചത്. അതോടൊപ്പം ആരംഭിച്ച് തുടര്‍ന്നുവന്നിരുന്ന തിരുവനന്തപുരം രാജധാനി, തിരുവനന്തപുരം-കുര്‍ള എക്സ്പ്രസ് എന്നിവയും കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 15 വരെ നിര്‍ത്തിവച്ചതിനു പുറമെയാണ് തല്‍ക്കാലത്തേക്കെങ്കിലും ഈ നടപടി.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കുന്നതിന്റെ യുക്തി ആ അവസരത്തില്‍ പ്രസക്തമായിരുന്നുവെങ്കിലും ഇപ്പോഴത്തെ നീക്കം ‘കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കുക’ എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനവുമായി പൊരുത്തപ്പെടുന്നതല്ല. മതിയായ യാത്രക്കാരില്ല എന്നതിന്റെ പേരിലെന്നാണ് റയില്‍വേ പറയുന്നത്. 25 ശതമാനം യാത്രക്കാര്‍ ഇല്ലെന്ന പേരിലാണ് റയില്‍വേയുടെ പുതിയ തീരുമാനമത്രെ. എന്നാല്‍ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ശരാശരി 24 ശതമാനം യാത്രക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നതായാണ് മനസിലാക്കാന്‍ കഴിയുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് റിസര്‍വ് ചെയ്യുന്ന യാത്രക്കാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് സീറ്റുകള്‍ അനുവദിക്കാന്‍ തയ്യാറായാല്‍ സംസ്ഥാനത്തിനുള്ളില്‍ യാത്രചെയ്യുന്ന കൂടുതല്‍ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ കഴിയുമായിരുന്നു എന്നിരിക്കെ അത്തരം പരീക്ഷണത്തിനുപോലും മുതിരാതെ ഒറ്റയടിക്ക് മൂന്ന്ജോഡി ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അനുചിതവും അന്യായവുമാണ്.

ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി 260 ജോഡി സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച കൂട്ടത്തിലാണ് കേരളത്തിനും സ്പെഷ്യല്‍ ട്രെയിനുകള്‍ ലഭ്യമായത്. നാളെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 ജോഡി പുതിയ സ്പെഷ്യല്‍ സര്‍വീസുകളും ബുക്കിങ് കണക്കിലെടുത്ത് ‘ക്ലോണ്‍’ ട്രെയിനുകളും ഓടിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനൊപ്പമാണ് കേരളത്തില്‍ തുടര്‍ന്നുവന്നിരുന്ന എല്ലാ ട്രെയിനുകളും സര്‍വീസ് അവസാനിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം.

കേരളത്തിലെ ട്രെയിന്‍ യാത്രക്കാരെ പൂര്‍ണമായി അവഗണിച്ചുകൊണ്ടുള്ള റയില്‍വേയുടെ തീരുമാനം മറ്റുപല കാര്യങ്ങളിലുമെന്നപോലെ വിവേചനപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കോവിഡ് മഹാമാരി യാത്ര പരമാവധി കുറയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയെന്നത് അനിഷേധ്യമായ വസ്തുതയാണ്.

എന്നാല്‍ സമ്പൂര്‍ണ അടച്ചുപൂട്ടലും സ്വമേധയായുള്ള മാറിനില്‍ക്കലും ഒരു സമൂഹത്തിലും ഏറെക്കാലം തുടരാനാവില്ല. അത് സമൂഹത്തെ മാനസികമായും സാമ്പത്തികമായും കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും നയിക്കുക. അതുകൊണ്ടുതന്നെ ഏറെ കരുതലോടെയും നിയന്ത്രണങ്ങളോടെയും ബന്ധപ്പെട്ടവരുടെ നിരീക്ഷണത്തിലും അനിവാര്യമായ യാത്രകളും സാമൂഹികമായ ഇടപാടുകളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

അതിന് ആവശ്യമായ സംവിധാനം ഒരുക്കുന്നതിന് പകരം തുലോം പരിമിതമായ യാത്രാസൗകര്യങ്ങള്‍ പോലും ഏറ്റവും സാധാരണക്കാരും അത്യാവശ്യക്കാരുമായ യാത്രക്കാര്‍ക്ക് നിഷേധിക്കുന്നത് അന്യായവും അടിസ്ഥാന പൗരസ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും നിഷേധവുമാണ്. ആരോഗ്യ അടിയന്തരാവസ്ഥയുടെ ഇന്നത്തെ സാഹചര്യത്തില്‍ റോഡ് മാര്‍ഗമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍, പ്രത്യേകിച്ചു ദീര്‍ഘദൂര യാത്രാസംവിധാനങ്ങള്‍ തുലോം പരിമിതമാണ്.

തുച്ഛ വേതനക്കാരും ചെറുകിട സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അടിയന്തര യാത്ര അനിവാര്യമാകുന്ന സാധാരണക്കാരും സ്വകാര്യ വാഹനങ്ങളെയൊ ടാക്സികളെയൊ ആശ്രയിക്കുക അസാധ്യമാണ്. ഈ വസ്തുതകള്‍ കണക്കിലെടുത്ത് നിലവിലുള്ള നാമമാത്ര ട്രെയിന്‍ യാത്രസൗകര്യമെങ്കിലും നിലനിര്‍ത്താന്‍ റയില്‍വേയും കേന്ദ്ര സര്‍ക്കാരും തയ്യാറാവണം.

24 ശതമാനമോ അതില്‍ താഴെയൊ മാത്രം യാത്രക്കാരെ നിലവിലുള്ള ട്രെയിന്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നത് രോഗവ്യാപനത്തെപ്പറ്റിയുള്ള ജനങ്ങളുടെ ഉല്‍ക്കണ്ഠ കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തെ മെട്രോ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സാമൂഹിക അകലം നിലനിര്‍ത്തിക്കൊണ്ടുള്ള ക്രമീകരണം ട്രെയിന്‍ യാത്രയിലും ബാധകമാക്കുന്നത് കൂടുതല്‍ സുരക്ഷിതബോധത്തോടെ യാത്രചെയ്യാന്‍ ജനങ്ങള്‍ക്ക് പ്രോത്സാഹനമാകും. അത് സ്വാഭാവികമായി യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സഹായകമാവും. റയില്‍വേ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ അവരെ പ്രേരിപ്പിക്കാന്‍ തയ്യാറാവുമെന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

സമാന രീതിയില്‍ കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നതിനെപ്പറ്റി കെഎസ്ആര്‍ടിസിയും ചിന്തിക്കാന്‍ സമയമായിരിക്കുന്നു. ജനങ്ങളെ ആശങ്കയുടെ നിഴലില്‍ നിന്നും കരുതലോടെ സജീവ സാമൂഹിക സാമ്പത്തിക വ്യവഹാരങ്ങളിലേക്ക് നയിക്കാന്‍ റയില്‍വേക്കും പൊതുഗതാഗത സംവിധാനങ്ങള്‍ക്കും കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ക്കും ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്.