Tuesday
17 Sep 2019

3000 കോടിയുടെ സാമ്പത്തിക ലാഭം ലക്ഷ്യം; പൊതു വിദ്യാഭ്യാസ വകുപ്പ്  

By: Web Desk | Wednesday 15 May 2019 5:15 PM IST


ആര്‍ ബാലചന്ദ്രന്‍ 
ആലപ്പുഴ: ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കായി കൈറ്റിന്റെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍) നേതൃത്വത്തില്‍ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തു. ഐ ടി അറ്റ് സ്‌കൂള്‍ ഗ്‌നുലിനക്‌സ് 18.04 എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും പുറമെ വീടുകളിലെ കംപ്യൂട്ടറുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍, ഡിടിപി സെന്ററുകള്‍, ഇന്റര്‍നെറ്റ് കിയോസ്‌കുകള്‍ എന്നിവര്‍ക്ക്  സൗജന്യമായി ഉപയോഗിക്കാം.  ഉബുണ്ടു 18.04 റെപ്പോസിറ്ററിയില്‍ ഇല്ലാത്ത മറ്റു പല സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും പുതിയ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.െ്രെപമറി ക്ലാസുകളില്‍ പഠനം എളുപ്പമാക്കാനുള്ള ഗെയിമുകള്‍ മുതല്‍ ഹയര്‍സെക്കണ്ടറിയില്‍ പ്രോഗ്രാമിങ്ങ് പഠനത്തിനാവശ്യമായ പ്രോഗ്രാമിംഗ് ഭാഷകളും ഐ ഡി ഇ കളും ഓഎസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്തിയാണ് എല്ലാ സോഫ്റ്റ് വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൈറ്റിലെ അധ്യാപകര്‍ കൂടിയായ മാസ്റ്റര്‍ ട്രെയിനര്‍മാരും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങിയ ഇന്‍ഹൗസ് ടീമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയത്. 72,000 അധ്യാപകര്‍ പുതിയ സോഫ്റ്റ് വെയറില്‍ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കി.  കൈറ്റ് വെബ്‌സൈറ്റ് വഴി ഒ എസ് ഡൗണ്‍ലോഡ് ചെയ്യാം. ഓഫീസ് പാക്കേജുകള്‍, ഭാഷാ ഇന്‍പുട്ട് ടൂളുകള്‍, ഡാറ്റാ ബേസ് ആപ്ലിക്കേഷനുകള്‍, ഡിടിപി ഗ്രാഫിക്‌സ് ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറുകള്‍, സൗണ്ട് റെക്കോഡിങ് വീഡിയോ എഡിറ്റിങ് ത്രീഡി അനിമേഷന്‍ പാക്കേജുകള്‍, പ്രോഗ്രാമിങ്ങിനുള്ള ഐ ഡി ഇകള്‍, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഡാറ്റാ ബേസ് സര്‍വറുകള്‍, മൊബൈല്‍ ആപ്പുകളുടെ ഡെസ്‌ക് ടോപ് വേര്‍ഷനുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ ഐടി ഉപയോഗിച്ച് പഠിക്കാനായി സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്ര, ഫെറ്റ്, സ്‌റ്റെല്ലേറിയം, കാല്‍സ്യം, മാര്‍ബിള്‍, രാസ്‌മോള്‍, ജി പ്ലെയ്റ്റ്‌സ്, ഗെമിക്കല്‍, ജികോംപ്രിസ്, പൈസിയോ ഗെയിം, ജെഫ്രാക്ഷന്‍ ലാബ് തുടങ്ങിയവ കസ്റ്റമൈസ് ചെയ്തും ലോക്കലൈസ് ചെയ്തുമാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് വിക്ടേഴ്‌സ്, സമഗ്ര പോര്‍ട്ടല്‍, സ്‌കൂള്‍ വിക്കി സൈറ്റുകളിലേക്ക് നേരിട്ടു പ്രവേശിക്കാം. ഇതിന് പകരം ലൈസന്‍സ് ആവശ്യമില്ല.

 സ്വകാര്യ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഒരു കമ്പ്യൂട്ടറിന് മാത്രം ഒന്നരലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരുമായിരുന്നു. രണ്ടു ലക്ഷത്തിലധികം കംപ്യൂട്ടറുകളില്‍ ഒന്നരലക്ഷം രൂപ കണക്കാക്കി 3000 കോടി രൂപയുടെ സാമ്പത്തിക ലാഭം ഇതുവഴി ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ എല്ലാ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പഠനവും പരിശീലനവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവുണ്ട്. ലിറ്റില്‍ കൈറ്റ്‌സിന്റെ നേതൃത്വത്തില്‍ പുതിയ സിസ്റ്റത്തിന്റെ ഇന്‍സ്റ്റാള്‍ ഫെസ്റ്റുകളും സംഘടിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.