September 23, 2023 Saturday

എല്ലു മുറിയെ പണിതാൽ

വിമി പുത്തൻ വീട്ടിൽ
ഭാഗം -2
February 28, 2022 12:18 pm

“കുട്ടികളെ സ്വന്തം ഇഷ്ടം അനുസരിച്ചു പഠിക്കാൻ അനുവദിക്കുക”, “ഒരു കുട്ടിക്ക് എത്രയാണോ പഠിക്കാൻ ഇഷ്ടം, അത്ര പഠിച്ചാൽ മതി”, “താല്പര്യം തോന്നാത്ത പഠന പ്രവർത്തികൾ ചെയ്യാൻ ഒരു കുട്ടിയേയും നിർബന്ധിക്കില്ല”; ഇങ്ങനെയൊക്കെ ഉള്ള കഥകൾ ഫിൻലണ്ടിലെ സ്കൂൾ വിദ്യാഭ്യാസത്തെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്.
ഇതെല്ലാം കേട്ടിട്ട്  ഞാൻ കുറെ മനക്കോട്ടകൾ കെട്ടി. പക്ഷെ എന്റെ കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളും ശക്തിയും ധൗർബല്യവും തിരിച്ചറിഞ്ഞു അവനു ഏറ്റവും ഉചിതമായ വിദ്യാഭാസം കിട്ടും എന്ന പ്രതീക്ഷയിൽ ഞാൻ കാത്തു കാത്തിരുന്നത് മാത്രം മിച്ചം.
വായന, കണക്ക്, ആർട്സ് ആൻഡ് ക്രാഫ്റ്റ്, സ്പോർട്സ്  എന്നിങ്ങനെയുള്ള ചില ക്ലാസ്സുകളിൽ കുട്ടികൾ താന്താങ്ങളുടെ കഴിവനുസരിച്ചു പല  വേഗതകളിൽ ആവാം ക്ലാസ്സിലെ പ്രവർത്തികൾ ചെയ്തു തീർക്കുന്നത്.   നിർബന്ധമായുള്ള പ്രവർത്തികൾ നേരത്തെ ചെയ്തു തീർക്കുന്നവർക്കു കൂടുതൽ പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ കൂടുതൽ പ്രവർത്തികൾ അധ്യാപകർ കൊടുക്കും.  ഒരു ക്ലാസ്സിൽ പുറകിലായി പോകുന്നത് വലിയ അപരാധമല്ല. വിദ്യാർത്ഥിക്ക് താൽപര്യമില്ലെങ്കിൽ ഇത്തരം ജോലികൾ  വേഗത്തിലോ കൂടുതൽ നന്നായിട്ടോ ചെയ്യാൻ നിർബന്ധമില്ല. ഇത്രയും സ്വാതന്ത്ര്യം കുട്ടികൾക്കുണ്ട്. ഇതല്ലാതെ ഓരോ ക്ലാസിലെയും നിശ്ചിത സിലബസ്സിൽ നിന്ന് സ്വന്തം അഭിരുചിക്കനുസരിച്ചു  വ്യതിചലിക്കാനൊന്നും യാതൊരു  അവസരവും ഉള്ളതായി തോന്നിയില്ല.  എന്ത് തന്നെ ആയാലും വർഷാവസാനം ആവുമ്പോഴേക്കും വിഷയം നന്നായി കൈകാര്യം ചെയ്യാം എന്ന് തെളിയിച്ചില്ലെങ്കിൽ മാർക്കിനെ ബാധിക്കാം.

 

 ഭാഗം ‑1 : ഫിന്‍‌ലന്‍ഡിലെ സ്കൂൾ വിദ്യാഭ്യാസം — ഒരു രക്ഷിതാവിന്റെ അനുഭവക്കുറിപ്പുകൾ

 

രണ്ടു ദേശീയ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിൽ ഏതു പഠിക്കണം എന്നത് വിദ്യാർത്ഥികളുടെ ഇഷ്ടമാണ്. എല്ലാ സ്കൂളുകളിലും എല്ലാ ഭാഷകളും പഠിക്കാൻ സൗകര്യമുണ്ടാവില്ല. സ്കൂളിൽ പഠിപ്പിക്കുന്ന വിദേശ ഭാഷകളിൽ വെച്ച് ഇഷ്ടമുള്ളത് കുട്ടികൾക്ക് തിരഞ്ഞെടുക്കാം. ഇതാണ് കുട്ടികൾക്ക് പഠിക്കാനുള്ള വിഷയങ്ങളിൽ  സ്വന്തം ഇഷ്ടങ്ങൾ പ്രകടിപ്പിക്കാൻ കിട്ടുന്ന ആദ്യത്തെ അവസരം.
സംഗീതം, കണക്കു, ആർട്സ്, സ്പോർട്സ്  എന്നിങ്ങനെ ചില വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ  ഊന്നൽ കൊടുക്കുന്ന മിഡിൽ സ്കൂളുകളും (ഏഴ് മുതൽ ഒമ്പതാം ക്ലാസ് വരെ)  ഹൈസ്കൂളുകളും ഉണ്ട്.  കുട്ടികളുടെ അഭിരുചിക്കനുസരിച്ചു ഇഷ്ടമുള്ള വിഷയങ്ങൾ കൂടുതൽ  പഠിക്കാനുള്ള മറ്റൊരു സാധ്യതയുള്ളതു ഈ സ്കൂളുകളിൽ ചേരുക എന്നതാണ്.   പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിൽ ആണ് ഈ സ്കൂളുകളിലേക്ക്  പ്രവേശനം. ഏതെങ്കിലും ഒരു രംഗത്ത് സ്കൂൾതലത്തിൽ തന്നെ നൈപുണ്യം നേടാൻ കുറച്ചു പേർക്ക് ഇങ്ങനെ സാധിക്കാം.

മേല്പറഞ്ഞ രീതികളിൽ അല്ലാതെ കുട്ടികൾക്ക് നിശ്ചിത പാഠ്യപദ്ധതി ഇഷ്ടാനുസൃതമാക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. എവിടെയും എന്ന പോലെ ഇവിടെയും താല്പര്യവും ശ്രമവും അനുസരിച്ചു വിദ്യാഭാസവും അതനുസരിച്ചു തൊഴിലും ലഭിക്കും എന്നത് തന്നെയാണ്  അടിസ്ഥാന സത്യം. കുട്ടികളെ പഠിക്കാൻ നിർബന്ധിക്കില്ല എന്ന് പറയുമ്പോൾ പഠിക്കാതെ ഇഷ്ടമുള്ള ഡിഗ്രിയും തൊഴിൽമാർഗ്ഗവും കണ്ടെത്താൻ ഉള്ള ഒരു രഹസ്യവിദ്യയും ഫിന്ലാന്ഡിലെ വിദ്യാഭ്യാസ സമ്പ്രദായം കണ്ടെത്തിയിട്ടില്ല.  കുട്ടികൾക്ക് സ്വന്തം താല്പര്യം അനുസരിച്ചു  പഠിക്കാൻ സ്വാതന്ത്ര്യം ഉണ്ടാവുക എന്ന് പറയുമ്പോൾ അതിനർത്ഥം ഒരു വിദ്യാർത്ഥി  മോശമായ പ്രകടനം കാഴ്ചവച്ചാൽ  അധ്യാപകരോ സ്കൂളോ മിക്കവാറും രക്ഷിതാക്കളോ  അത് ഒരു പ്രതിസന്ധിയായോ പരാജയമായോ   കാണില്ല എന്നതാണ്. ആ വിദ്യാർത്ഥിക്കു  കുറഞ്ഞ മാർക്കുള്ളവർക്കുള്ള  മറ്റു മാർഗങ്ങൾ പരീക്ഷിച്ചു  മുന്നോട്ടു പോകാവുന്നതാണ്.

 

ഭാഗം 3- ഭാഷയും കുടിയേറ്റക്കാരുടെ പ്രശ്നങ്ങളും

 

പിന്നെ,  ഏതു തൊഴിലിനും മാന്യതയുണ്ട് എന്നത് ഒരു പക്ഷെ നമ്മുടെ നാടിനേക്കാളും അംഗീകരിക്കുന്നത് ഫിന്ലാന്ഡില് ആണ്. മാത്രമല്ല ഇവിടെ വിദ്യാഭാസവും തൊഴിലും അനുസരിച്ചു ആളുകൾക്കിടയിൽ പ്രത്യക്ഷമായ രീതിയിൽ വലുപ്പച്ചെറുപ്പങ്ങളില്ല. അത് കൊണ്ട് തന്നെ വൈറ്റ് കോളർ ജോലി നേടുക എന്ന ഉദ്ദേശ്യത്തോടെ മാത്രമല്ലാതെ വിദ്യാഭ്യാസത്തെ സമീപിക്കുന്ന ഫിൻലാൻഡിലെ  ചില ജനവിഭാഗങ്ങൾ  കുട്ടികളെ സ്വന്തം വഴിക്കു വിടുന്നത്   സ്വാഭാവികം മാത്രം.  ഈ രാജ്യത്തിലെ സംസ്കാരത്തിനും ജീവിതരീതികൾക്കും അനുയോജിച്ചതാണ് വിദ്യാഭാസ സമ്പ്രദായം എന്ന് ചുരുക്കം.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.