Web Desk

തിരുവനന്തപുരം

October 11, 2021, 10:15 pm

യോഗ്യതയുള്ള എല്ലാവര്‍ക്കും ഹയര്‍ സെക്കന്‍ഡറി പ്രവേശനം ഉറപ്പാക്കും: വിദ്യാഭ്യാസ മന്ത്രി

Janayugom Online

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള മുഖ്യഘട്ട അലോട്ട്മെന്റ് പൂര്‍ത്തീകരിക്കുന്ന ഒക്ടോബര്‍ 23ന് ശേഷം സംസ്ഥാനത്തെ എല്ലാ ജില്ലകളുടേയും സ്ഥിതി വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സപ്ലിമെന്ററി അലോട്ട്മെന്റുകൾ ആരംഭിക്കുന്നതിനു മുമ്പായി തന്നെ നടപടിയെടുക്കും. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

നിലവിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേക്ക് 4,65,219 വിദ്യാര്‍ത്ഥികൾ അപേക്ഷിച്ചു. ഇതില്‍ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുമുണ്ട്. പ്രവേശനം നല്‍കേണ്ട യഥാര്‍ത്ഥ അപേക്ഷകർ 4,25,730 മാത്രമാണ്. രണ്ടാമത്തെ അലോട്ട്മെന്റില്‍ 2,69,533 അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. 69,642 വിദ്യാര്‍ത്ഥികള്‍ക്ക് പുതിയതായി അലോട്ട്മെന്റ് ലഭിച്ചപ്പോള്‍ 44,707 വിദ്യാ‌ര്‍ത്ഥികള്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകളിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവേശനതോതനുസരിച്ച് ആകെ 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വണ്‍ പ്രവേശനം തേടാൻ സാധ്യതയുള്ളൂ. ഇതനുസരിച്ച് പ്രവേശനം ലഭിക്കുന്നതിനായി രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം സംസ്ഥാനത്ത് ആകെ 85,316 അപേക്ഷകര്‍ മാത്രമാണ് ശേഷിക്കുന്നത്. അപേക്ഷിച്ച എല്ലാവരും പ്ലസ് വണ്‍ പ്രവേശനം തേടുകയാണെങ്കില്‍ ആകെ 1,22,880 അപേക്ഷകര്‍ക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടതെന്നും മന്ത്രി അറിയിച്ചു. 

2021–22 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാനത്തെ അലോട്ട്മെന്റ്, എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്മെന്റ് (27,961 സീറ്റുകള്‍), എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനം (35,214 സീറ്റുകള്‍), അണ്‍-എയ്ഡഡ് സ്കൂളുകളിലെ പ്രവേശനം (55,002 സീറ്റുകള്‍) എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നാം വര്‍ഷ ക്ലാസുകൾ ആരംഭിക്കുന്നതിനു മുമ്പായി ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് യോഗ്യത നേടിയ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ മുഖ്യഘട്ട അലോട്ട്മെന്റ് പൂര്‍ത്തീകരിച്ചാലുടൻ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഹയര്‍ സെക്കന്‍ഡറി പ്രവേശനം സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി കൃത്യമായി മറുപടി നല്‍കിയിട്ടും പ്രതിപക്ഷം സഭ തടസപ്പെടുത്തി ബഹളം വയ്ക്കുകയും സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. കുട്ടികളുടെ അഡ്മിഷന്‍ ഉറപ്പാക്കുന്നതിനല്ല, രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് പ്രതിപക്ഷം വിഷയത്തെ സമീപിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 

Eng­lish Sum­ma­ry : edu­ca­tion min­is­ter on high­er sec­ondary edu­ca­tion admissions

You may also like this video :