വിദ്യാഭ്യാസം സാംസ്‌കാരിക മാറ്റങ്ങളുടെ മുന്നേറ്റമാകണം

Web Desk
Posted on August 08, 2019, 11:15 am

നിലവിലുള്ള അഫിലിയേറ്റഡ് മാതൃകയില്‍ കോളജുകളും യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ബന്ധമെന്നത് സിലബസ് രൂപീകരണവും അവയുടെ ബോധനപരിശ്രമങ്ങളുമായി പരിമിതപ്പെട്ടിരിക്കുന്നു. അഫീലിയേറ്റഡ് സിസ്റ്റം പുത്തന്‍ സാഹചര്യങ്ങളില്‍ അഭികാമ്യമല്ലെന്നു കരുതുന്ന, കരട് രേഖ വ്യക്തമാക്കേണ്ടത് ടൈപ്പ് 1, 2, 3 സ്ഥാപനങ്ങള്‍ തമ്മിലുള്ള പ്രവര്‍ത്തന ബന്ധമെന്തെന്നുള്ളതാണ്. കൂടാതെ കോളജുകളെ തന്നെ ഭാവിയില്‍ മള്‍ട്ടി ഡിസിപ്ലിനറി-ഓട്ടോണമസ് സ്ഥാപനങ്ങളായി മാറ്റണമെന്ന് ഉദ്ദേശിക്കുന്ന കരട് രേഖ അവയെ അധ്യാപനത്തിന് മാത്രമുള്ളവയായി വിവക്ഷിക്കുന്നത് ശരിയായ കാഴ്ചപ്പാടില്‍ ഉള്ളതാണോ? സൊസൈറ്റി-യൂണിവേഴ്‌സിറ്റി ഇന്റര്‍ഫേസ് അല്ലെങ്കില്‍ ഇന്‍ഡസ്ട്രി-യൂണിവേഴ്‌സിറ്റി ഇന്റര്‍ഫേസ് എന്നത് പരിമിതമായ തലങ്ങളിലെങ്കിലും ഇത്തരം കോളജുകളും അഭിമുഖീകരിക്കുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഗവേഷണതലങ്ങളെ ഇവയില്‍ നിന്നും മാറ്റിനിറുത്തുന്നത് അഭികാമ്യമാണോ?

കരട് രേഖ സ്വയംഭരണത്തെ ഒരു സുപ്രധാനമായ ഘടകമായി കാണുന്നുണ്ട്. സ്വയംഭരണമെന്നത് ഒരു സ്ഥാപനം അതിന്റെ വളര്‍ച്ചയുടെ സുപ്രധാനമായ ഘട്ടത്തില്‍ സ്വയം വളരുവാനായി പ്രാപ്തമാകുന്ന സ്ഥിതിയില്‍ എത്തുമ്പോള്‍ സംഭവിക്കേണ്ട ഒരു മാറ്റമാണ്. അഫിലിയേറ്റഡ് സിസ്റ്റത്തില്‍ അപൂര്‍വമായി മാത്രമേ കോളജുകള്‍ക്ക് ആ ഒരു അവസ്ഥയില്‍ എത്താന്‍ കഴിയുകയുള്ളൂ. അക്കാദമിക മികവുകള്‍ പ്രകടിപ്പിക്കുന്ന കോളജുകള്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ കര്‍ശനവും സാമ്പ്രദായികവുമായ പ്രവര്‍ത്തന രീതിയില്‍ നിന്നും പുറത്തേക്ക് വരുവാന്‍ കഴിയുകയില്ല. മികവുകള്‍ പ്രകടമാക്കുന്ന കോളജുകള്‍ക്ക് അക്കാദമിക് രംഗത്ത് സ്വയംഭരണം നല്‍കിയാല്‍ ഇന്ന് കരട് രേഖയില്‍ പ്രതിപാദിക്കുന്ന രീതിയില്‍ കോളേജുകള്‍ക്ക് സ്വയം വളരുവാന്‍ കഴിയും.

സ്വയം പര്യാപ്തമാകുന്ന കോളജുകള്‍ക്ക് ഇന്റര്‍ ഡിസിപ്ലിനറി/മള്‍ട്ടി ഡിസിപ്ലിനറി തലങ്ങളിലേക്ക് അവരുടെ കോഴ്‌സുകളെ എത്തിക്കുവാന്‍ കഴിയും. സ്വയംഭരണമെന്നത് ഉന്നതവിദ്യാഭ്യാസ രംഗത്ത് മറ്റ് ഘടകങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് പോകേണ്ട അനിവാര്യമായ മാറ്റമാണ്. സാമ്പത്തിക സ്വയംഭരണമെന്നത് അനിയന്ത്രിതമായ ഫീസ് ഏര്‍പ്പെടുത്തുവാനുള്ള അവകാശമാകരുത്. പൊതു ഖജനാവില്‍നിന്ന് ലഭ്യമാകുന്ന പണം പുത്തന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ചെലവഴിക്കാനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കുവാനുള്ള സ്വയംഭരണ അവകാശം സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടതാണ്. ചുരുക്കത്തില്‍ സ്വയംഭരണമെന്നത് ഇന്ന് നിലനില്‍ക്കുന്ന സ്വകാര്യ പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള അസമത്വം കുറയ്ക്കാന്‍ സഹായകമായതാകണം.

ഉന്നതവിദ്യാഭ്യാസ രംഗത്ത് പൊതുനിയന്ത്രണത്തിനായി ഒരു ഉന്നതാധികാര സമിതി രൂപീകരണത്തെക്കുറിച്ച് കരട് രേഖ പ്രതിപാദിക്കുന്നുണ്ട്. ഇപ്പോള്‍ നിലവിലുള്ള വിവിധ മേല്‍നോട്ട സമിതികള്‍ വളരെ അധികം സമ്മര്‍ദ്ദം ചെലുത്തുന്നതുമൂലം, അവയുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് പല വൈഷമ്യങ്ങളും അനുഭവിക്കേണ്ടിവരുന്നു എന്ന കണ്ടെത്തലിലാണ് ഒരു ഉന്നതാധികാര സ്ഥാപനത്തെ പകരം കൊണ്ടുവരുവാന്‍ ശ്രമിക്കുന്നത്. ഈയൊരു പകരം വയ്ക്കല്‍ സാധൂകരിക്കത്തക്കതാണോ എന്ന് കുറേക്കൂടി ആഴത്തില്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി, സ്വയം ഭരണവും സ്വയം പര്യാപ്തതയും സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ് എന്ന് പറയുമ്പോള്‍ തന്നെ അവയെ നിയന്ത്രിക്കുന്നതിന് ഒരു വലിയ കേന്ദ്രമെന്നത് വൈരുധ്യമാണ്. ഇന്ത്യയില്‍ കേന്ദ്രീകൃതമായ മേല്‍നോട്ടമെന്നതിന് പകരം ഒരു ‘ബാലന്‍സ്ഡ് സെന്‍ട്രലൈസേഷന്‍’ ആകും കൂടുതല്‍ അഭികാമ്യം. പതിറ്റാണ്ടുകളായി നിലവിലുള്ള യുജിസിയും എഐസിടിയും എസിഐയും ബിസിഐയുമൊക്കെ അതിന്റെ നേതൃത്വപരമായ ഉത്തരവാദിത്വം തൃപ്തികരമായി നിറവേറ്റിയിട്ടുണ്ട്. കൂടാതെ പഠനശാഖകളുടെ പ്രത്യേകതകളും അവയുടെ വികസനാവശ്യങ്ങളും പരിഗണിച്ചുകൊണ്ട് സ്‌പെഷ്യലൈസ്ഡ് ഏജന്‍സികള്‍ എന്ന നിലയിലാണ് ഇപ്പോള്‍ നിലവിലുള്ള മേല്‍നോട്ട സമിതികള്‍ രൂപം കൊണ്ടതും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും.

പതിറ്റാണ്ടുകളായി പ്രസ്തുത സ്ഥാപനങ്ങള്‍ ആര്‍ജിച്ച അനുഭവസമ്പത്തും പാഠങ്ങളും നിരാകരിച്ചുകൊണ്ട് ചുമതലകള്‍ എല്ലാം തന്നെ ഒരു മേല്‍നോട്ട സമിതിയുടെ അധീനതയില്‍ ആക്കുവാനുള്ള തീരുമാനം അമിതാധികാര പ്രയോഗത്തിന്റെ ഉദാഹരണമാണ്. ഇപ്പോള്‍ അതാത് രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന മേല്‍നോട്ട സമിതികളുടെ പരിമിതികള്‍ കണ്ടെത്തി, മറികടക്കാന്‍ പ്രാപ്തമാക്കുക എന്നുള്ളതായിരിക്കും പുതുസമിതിയുടെ രൂപീകരണത്തേക്കാള്‍ അഭികാമ്യം. നിലവിലുള്ള യുജിസി, എഐസിടിഇ, എംസിഐ, ബിസിഐ തുടങ്ങിയ സ്ഥാപനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന നിലവാരനിര്‍ണയം, ധനസഹായ നിബന്ധനകള്‍ എന്നിവയിലധികമൊന്നും പുതിയ ഉത്തരവാദിത്തങ്ങളായി നാഷണല്‍ ഹയര്‍ എജ്യൂക്കേഷന്‍ റഗുലേറ്ററി അതോറിറ്റി(എന്‍എച്ഇആര്‍എ)യില്‍ കാണുന്നില്ല.

ഉന്നത മേല്‍നോട്ട സമിതി കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് പൊതുതാല്‍പര്യത, തുല്യത, മികവ്, സാമ്പത്തിക ഭദ്രത, സദ്ഭരണം എന്നിവയിലാണ് എന്ന സൂചന മാത്രം ഒരു മേല്‍നോട്ട സമിതിയുടെ രൂപീകരണത്തെ ന്യായീകരിക്കുന്നതല്ല. മേല്‍പറഞ്ഞവയെല്ലാം തന്നെ സാംസ്‌കാരിക നിലവാരത്തെ അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ട് അവ എല്ലാ പ്രവര്‍ത്തന മേഖലകളിലും ആര്‍ജിക്കേണ്ട മാനദണ്ഡങ്ങളാണ്. അത് വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ സമ്പ്രദായങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതാണ്.

കരട് നയരേഖ മുന്‍നയരേഖകളുമായി വ്യത്യാസപ്പെടുന്ന ഒരു പ്രധാന ഇടം അത് ലക്ഷ്യമിടുന്ന ലിബറല്‍ എജ്യൂക്കേഷന്‍ ആധാരമാക്കിയുള്ള പഠിതാവിന്റെ ഹോളിസ്റ്റിക് ഡവലപ്‌മെന്റ് ആണ്. എന്നാല്‍ ഹോളിസ്റ്റിക് ഡവലപ്‌മെന്റ് ഒരു ദാര്‍ശനിക കാഴ്ചപ്പാടോട് കൂടിയതായിരിക്കണം. നാം പിന്‍തുടര്‍ന്നുവരുന്ന പാശ്ചാത്യ, കമ്പോളവല്‍കൃത വിദ്യാഭ്യാസ രീതികള്‍ തന്നെയാണ് പുനരാവിഷ്‌കരിക്കുന്നതെങ്കില്‍ അവയൊന്നും ഹോളിസ്റ്റിക് ഡവലപ്‌മെന്റിലേക്ക് നയിക്കുകയില്ല. ഹോളിസ്റ്റിക് ഗ്രോത്ത് എന്ന നയതലം അന്താരാഷ്ട്ര മൂലധനവും സാങ്കേതിക വിദ്യയും അവരുടെ ആവശ്യാര്‍ത്ഥം രൂപപ്പെടുത്തുന്ന പഠനഗവേഷണ പരിപാടികളുടെ പ്രചരണവും പ്രജനനവും എന്ന നിലയില്‍ നിന്ന് വിമുക്തമാകണം. ഇന്ത്യന്‍ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തികൊണ്ട് പുനഃസംവിധാനം ചെയ്യുവാന്‍ സാധിക്കുമെങ്കിലാണ് ഹോളിസ്റ്റിക് ഡവലപ്‌മെന്റിലേക്ക് നമുക്ക് മാറുവാന്‍ കഴിയുക. ഗ്രാമങ്ങളുടെയും ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ യുവതയുടെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയുമൊക്കെയുള്ള വളര്‍ച്ചയ്ക്കും അവരുടെ ഉന്നതവിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും അനുയോജ്യമാകും വിധമാകണം ഹോളിസ്റ്റിക് ഡവലപ്‌മെന്റ്.

ഗ്രോസ് എന്റോള്‍മെന്റ്‌റേറ്റിനെ(ജിഇആര്‍) കുറിച്ച് കരട് നയം ലക്ഷ്യം വയ്ക്കുന്നുണ്ട്. 2035 ആകുമ്പോഴേക്കും 50 ശതമാനമെങ്കിലും ജിഇആര്‍ എത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. 2017–18‑ല്‍ 25.8 ശതമാനം ആണ് ഇന്ത്യയുടെ ജിഇആര്‍. ലിബറല്‍ വിദ്യാഭ്യാസ രീതി പ്രകാരമുള്ള ഫ്‌ളക്‌സിബിലിറ്റി പ്രാവര്‍ത്തികവുമാവുകയാണെങ്കില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ഉന്നതവിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയും. കൂടാതെ ഓപ്പണ്‍, വിദൂരവിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടുതലായി ലഭ്യമാകുമെന്ന കാഴ്ചപ്പാട് ജിഇആര്‍ ഉയര്‍ത്തുവാന്‍ സഹായകരമാകും. നാഷണല്‍ ഹയര്‍ എജ്യൂക്കേഷന്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്കില്‍ പ്രതിപാദിച്ചിട്ടുള്ള പഠനമികവുകള്‍ (ലേണിംഗ് ഔട്ട്കംസ്) കര്‍ശനമായ മാര്‍ഗരേഖയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം തന്നെ സ്വാംശീകരിക്കുകയാണെങ്കില്‍ കോഴ്‌സുകളുടേയും ബിരുദങ്ങളുടേയും ഗുണപരത ഉറപ്പാക്കാന്‍ സാധ്യമാകും. പക്ഷേ ഇവയൊക്കെ തന്നെ ഉന്നത വിദ്യാഭ്യാസത്തിന്റെ പൊതുമാനദണ്ഡങ്ങളായിരിക്കണമെങ്കില്‍ വിദ്യാഭ്യാസ കച്ചവടവല്‍കരണവും സ്വകാര്യവല്‍കരണവും പാടെ അവസാനിപ്പിച്ചെങ്കില്‍ മാത്രമേ പ്രാവര്‍ത്തികമാകൂ എന്നുള്ളത് നിലവിലുള്ള വിദ്യാഭ്യാസ സംസ്‌കാരത്തില്‍ നിന്നും മനസിലാക്കാവുന്നതാണ്.

ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച് വളരെയധികം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഈ കരട് രേഖയിലെ പ്രധാനമെന്ന് തോന്നുന്ന ഘടകങ്ങളെക്കുറിച്ചുള്ള ചില അഭിപ്രായങ്ങളാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നയരേഖയില്‍ പ്രതിപാദിക്കുന്ന എല്ലാ വിഷയങ്ങളും ഒരു ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയുകയില്ല. പൊതുവില്‍ ഈ കരട് രേഖ സ്വീകരിക്കപ്പെടാവുന്ന ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും അവയെല്ലാം തന്നെ ഒരു കമ്പോള വ്യവസ്ഥയുടേതായ മൂല്യങ്ങളില്‍ നിന്നുകൊണ്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്. പാശ്ചാത്യമാതൃകകളിലാണ് അത് ഊന്നിയിരിക്കുന്നത്.

ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങള്‍ എന്ന് നിഷ്‌കര്‍ഷിക്കുമ്പോഴും, ഇന്റര്‍നാഷണലൈസേഷന്‍ ഓഫ് എജ്യൂക്കേഷന്‍ എന്ന് താല്‍പര്യപ്പെടുമ്പോഴുമൊക്കെ ഈ പാശ്ചാത്യ മാതൃകകളാണ് മുന്നിട്ടു നില്‍ക്കുന്നത്. ചുരുക്കത്തില്‍ ഇന്ത്യയുടേതായ തനതായ വിദ്യാഭ്യാസനയം രൂപപ്പെടുത്തുകയും അത് ലോകനിലവാരത്തില്‍ സ്വീകരിക്കപ്പെടുകയുമാണ് വേണ്ടത്. ലോകനിലവാരമെന്നത് നിശ്ചയിക്കപ്പെടുന്നത് അമിതലാഭേച്ഛയോടെയുള്ള കമ്പോളമാര്‍ഗങ്ങളില്‍ ഊന്നിയുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാകരുത്. തനതായ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മാനുഷിക മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള മാനദണ്ഡങ്ങളാവണം നമുക്കു സ്വീകാര്യമാകേണ്ടത്. വിദ്യാഭ്യാസമെന്നത് അത്തരത്തിലുള്ള സാംസ്‌കാരിക മാറ്റങ്ങളുടെ മുന്നോട്ടുപോക്കാണ്. ഏതൊരു വിദ്യാഭ്യാസ നയത്തിന്റെയും വിലയിരുത്തലുകള്‍ മേല്‍പറഞ്ഞ സാംസ്‌കാരിക മൂല്യങ്ങളുടെ തന്നെ ഭാഗവുമാണ്.

(അവസാനിച്ചു)