September 26, 2022 Monday

വിദ്യാഭ്യാസനയം ചർച്ചയ്ക്ക് വിധേയമാക്കണം: സിപിഐ

Janayugom Webdesk
ന്യൂഡൽഹി
July 30, 2020 8:59 pm

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമായതിനാൽ പുതിയ വിദ്യാഭ്യാസനയം സംബന്ധിച്ച് ലോക്‌സഭയിലും വിവിധ സംസ്ഥാനങ്ങളുമായും ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പുതിയനയം വിദ്യാഭ്യാസ സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. സർക്കാർ വിദ്യാലയങ്ങളിലൂടെ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനപ്പുറം വിദ്യാഭ്യാസ കമ്പോളങ്ങൾ സൃഷ്ടിക്കാനിടയാക്കുന്നതിനും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവർക്കും ദരിദ്രർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിരസിക്കുന്നതിനുമാണ് നയം വഴിവയ്ക്കുക. പൊതുധനസഹായമുള്ള വിദ്യാഭ്യാസത്തിന്റെ അഭാവം ഇപ്പോൾ തന്നെ വളരെ കുറവായ സാമൂഹ്യനീതി കൂടുതൽ അകലെയാക്കുകയും ചെയ്യും. പാർലമെന്റിനെ മറികടന്നും ഫെഡറലിസത്തെ ദുർബ്ബലപ്പെടുത്തിയും ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനം വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ നവ ഉദാരവൽക്കരണ അജണ്ട ആക്രമണോത്സുകമായി നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ഇത് രാജ്യത്തിന്റെ ഭാവിയിലും ജനാധിപത്യസംവിധാനത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത്. പുതിയ വിദ്യാഭ്യാസ നയം അമിത കേന്ദ്രീകരണം, സ്വകാര്യവല്കരണം, വാണിജ്യവല്കരണം എന്നിവയിലേയ്ക്ക് നയിക്കുന്നതിനുള്ള ശ്രമമാണ്. ഉയർന്ന ഫീസ്, സർവ്വകലാശാലകളുടെ സ്വയംഭരണത്തിന്മേലുള്ള കടന്നാക്രമണം, അധ്യാപക ജോലിയിൽ സ്ഥിരതയില്ലായ്മ എന്നിവയായിരിക്കും ഇതിന്റെ അനന്തര ഫലം.

ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുമെന്നാണ് പറയുന്നത്. ദശകങ്ങൾക്ക് മുമ്പ് കോത്താരി കമ്മിഷൻ നിർദ്ദേശിച്ചതായിരുന്നു ഇത്. പത്തുശതമാനത്തിലധികം കേന്ദ്രസർക്കാർ നീക്കിവയ്ക്കണമെന്നാണ് ഇപ്പോൾ ആവശ്യമുള്ളത്. ഉടമസ്ഥർ, നിയന്ത്രണ ബോർഡുകൾ എന്നിവയ്ക്ക് കീഴിൽ കൂടുതൽ സ്വകാര്യവല്കരണത്തിനും വാണിജ്യവല്കരണത്തിനും ലോക വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ വിദേശ സർവ്വകലാശാലകളെ ക്ഷണിക്കാനും പുതിയ വിദ്യാഭ്യാസനയം ഇടയാക്കും.
50,000 വിദ്യാഭ്യാസസ്ഥാപനങ്ങളെ 15,000 ആയി കുറയ്ക്കുകയും 3000 താഴെ വിദ്യാർത്ഥികളുള്ള എല്ലാ കോളജുകളും അടച്ചുപൂട്ടുകയോ മറ്റുള്ളവയുമായി ലയിപ്പിക്കുകയോചെയ്യും. ഇത് പ്രാദേശികമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഐഐഎംഎസ്, ഐഐടി, ഐഎസ്‌സി തുടങ്ങിയ ഏക വിഷയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ബഹുവിഷയ സ്ഥാപനങ്ങൾ മാത്രം നിലനില്ക്കുകയും ചെയ്യും. ഇതിലൂടെ പ്രത്യേക വൈദഗ്ധ്യം നേടുന്നത് ഇല്ലാതാകും.

വിപണിയിൽ സാധ്യതയില്ലാത്ത വിഷയങ്ങൾ അടച്ചുപൂട്ടുമെന്നത് സാമൂഹ്യശാസ്ത്രപഠനത്തെ ബാധിക്കും. ആകെയുള്ളൊരു അനുകൂല ഘടകം വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴിൽ മൂന്ന് മുതൽ 18 വയസുവരെ വിദ്യാഭ്യാസം നല്കുക എന്നതുമാത്രമാണ്. നേരത്തേ ഇത് 14 വയസുവരെയായിരുന്നു. വിദ്യാഭ്യാസ സംവിധാനത്തിലാകെ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നുവെന്നതിനാൽ ഇതിന്റെ വിജയം സംശയാസ്പദമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Sub: Educ­taion pol­i­cy; the mat­ter to be dis­cussed, says CPI

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.