Web Desk

December 11, 2019, 9:37 pm

പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന വിദ്യാഭ്യാസ നയം

Janayugom Online

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഇരയാവുകയാണ് വിദ്യാഭ്യാസ രംഗവും. സ്കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിച്ച ബജറ്റ് വിഹിതം 3,000 കോടി രൂപകണ്ട് വെട്ടിക്കുറയ്ക്കാനാണ് മോഡിസര്‍ക്കാര്‍ നീക്കം. 2019–20 ബജറ്റില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനായി അനുവദിച്ച 56,536.63 കോടി രൂപയില്‍ നിന്നാണ് ഈ കുറവ് വരുത്തുന്നത്. മറ്റെല്ലാ രംഗങ്ങളിലും എന്നതുപോലെ വിദ്യാഭ്യാസ രംഗത്തും മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യവുമായി യാതൊരു പൊരുത്തവും ഇല്ലെന്ന് 2014 മുതല്‍ ഈ രംഗത്തിനായി ചെലവഴിക്കപ്പെട്ട പണത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 മേയില്‍ കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ വിദ്യാഭ്യാസ നയം സംബന്ധിച്ച കരട് പുറത്തിറക്കിയിരുന്നു. അതനുസരിച്ച് 2030 ആവുമ്പോഴേക്കും വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ചെലവിന്റെ 20 ശതമാനമായി ഉയര്‍ത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.

2024 ല്‍ ഇന്ത്യ അ‍ഞ്ചു ലക്ഷം കോടി രപയുടെ സമ്പദ്ഘടനയായി വളരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പോലെ 20 ശതമാനമെന്ന ലക്ഷ്യവും ആകാശകുസുമമായി പരിണമിക്കുമെന്നാണ് അനുഭവം വ്യക്തമാക്കുന്നത്. നാണയപ്പെരുപ്പവുമായി തുലനം ചെയ്യുമ്പോള്‍ 2015 മുതല്‍ ഓരോ വര്‍ഷവും വിദ്യാഭ്യാസ രംഗത്തേക്കുള്ള സര്‍ക്കാര്‍ ചെലവുകള്‍ പ്രതിവര്‍ഷം കുറയുകയാണ് ചെയ്യുന്നതെന്നും കണക്കുകള്‍‍ പറയുന്നു. 2014–15 മുതല്‍ 2018–19 വരെയുള്ള കാലയളവില്‍ ബജറ്റില്‍ വകയിരുത്തിയ നാലു ലക്ഷം കോടി രൂപ ചെലവഴിക്കപ്പെട്ടില്ലെന്ന് ‘സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി’(സിഎംഐഇ)യുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ പ്രതീക്ഷയായി മാറേണ്ട തലമുറയുടെ കൂമ്പടപ്പിക്കുന്ന അപലപനീയമായ പ്രകടനമായി മാത്രമേ ഇതിനെ നോക്കിക്കാണാനാവൂ.

മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെയും ബജറ്റിന്റെയും തുച്ഛമായ ഒരുഭാഗം മാത്രമാണ് ഇന്ത്യ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത്. പെണ്‍കുട്ടികളടക്കം പുതുതലമുറയ്ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമുള്ള ശുഷ്കാന്തി പ്രസംഗത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014–15 സാമ്പത്തിക വര്‍ഷം വിദ്യാഭ്യാസത്തിനായി രാജ്യത്തിന്റെ മൊത്ത വരുമാനത്തിന്റെ ഒരു ശതമാനം ചെലവിട്ടിരുന്നങ്കില്‍ 2017–18 ആവുമ്പോഴേക്കും അത് 0.62 ശതമാനമായി കുറഞ്ഞു. ദേശീയ സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ സര്‍വശിക്ഷ അഭിയാനുവേണ്ടി 2016–17 കാലയളവില്‍ വിദ്യാഭ്യാസ വിഹിതത്തിന്റെ 31 ശതമാനമാണ് ചെലവിട്ടത്. അടുത്ത വര്‍ഷമാകുമ്പോഴേക്കും അത് 29 ശതമാനമായി കുറഞ്ഞു. ഒരു വിദ്യാര്‍ഥിക്കുവേണ്ടി ആളോഹരി 5,424 രൂപ ചെലവിട്ടിരുന്നത് 6,850 രൂപയായി ഉയര്‍ന്നതായി കണക്കുകള്‍‍ കാണിക്കുന്നു.

എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം രണ്ടു ശതമാനം കണ്ട് കുറഞ്ഞതിനെപ്പറ്റി അധികൃതര്‍ നിശ്ശബ്ദത പാലിക്കുന്നു. 2014–15 സാമ്പത്തിക വര്‍ഷം വിദ്യാഭ്യാസത്തിന് വകയിരുത്തിയ വിഹിതം ബജറ്റിന്റെ 6.15 ശതമാനമായിരുന്നത് 2017–18 ആവുമ്പോഴേക്കും 3.71 ശതമാനമായി കൂപ്പുകുത്തി. നടപ്പു സാമ്പത്തിക വര്‍ഷം അത് വീണ്ടും 3.4 ശതമാനമായി ചുരുങ്ങി. പ്രതിവര്‍ഷം ശോഷിച്ചുവരുന്ന വിദ്യാഭ്യാസ ചെലവില്‍ നിന്നാണ് ഇപ്പോള്‍ 3,000 കോടി രൂപ കൂടി വെട്ടിക്കുറയ്ക്കാന്‍ മുതിരുന്നത്. പുത്തന്‍ തലമുറയ്ക്ക് വിദ്യാഭ്യാസവും നൈപുണ്യവും പ്രദാനം ചെയ്യേണ്ട സര്‍ക്കാര്‍ അവര്‍ക്ക് അത് നിഷേധിക്കുന്നു. മാത്രമല്ല ആ ഉത്തരവാദിത്വം സ്വകാര്യ മേഖലയ്ക്കും വര്‍ഗീയ സംഘടനകള്‍ക്കും പൊതുജനങ്ങളെ കൊള്ളയടിക്കാനുള്ള വേദികളാക്കി മാറ്റുകയാണ് മോഡി സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന ഈ കൊടുംവഞ്ചന വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മികവുറ്റ പൊതുവിദ്യാഭ്യാസം ‍ഓരോ ഇന്ത്യന്‍ പൗരന്റെയും മൗലിക അവകാശമാണ്.

പൊതുവിദ്യാഭ്യാസരംഗത്തെ ഗവണ്‍മെന്റിന്റെ നിക്ഷേപം പുതുതലമുറയുടെ വിദ്യാഭ്യാസത്തിന്റെ മാത്രം പ്രശ്നമല്ല. അത് സാമൂഹ്യജീവി എന്ന നിലയില്‍ ഓരോ ഭാവി പൗരന്റെയും വ്യക്തിത്വവികാസം, ശാക്തീകരണം എന്നിവയുടെ അടിത്തറ പാകല്‍ കൂടിയാണ്. അത് തീര്‍ച്ചയായും രാഷ്ട്രത്തിന്റെ സാമ്പത്തിക പുരോഗതിക്കും സാമൂഹിക‑രാഷ്ട്രീയ പക്വതയ്ക്കും കൂടിയുള്ള അടിത്തറയായിരിക്കും. വിദ്യാഭ്യാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന മൊത്തം തുകയുടെ 70 ശതമാനവും ജനങ്ങളില്‍ നിന്നു പിഴിഞ്ഞെടുക്കുന്ന വിദ്യാഭ്യാസ സെസില്‍ നിന്നാണ് ലഭിക്കുന്നത്. ഈ പ്രതിഭാസം 2015 മുതലാണെന്നതും ശ്രദ്ധേയമാണ്. മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തുകയാണ് ചെയ്യുന്നത്.