മലയാളത്തിളക്കം ജില്ല മുഴുവന്‍ വ്യാപിപ്പിക്കും

Web Desk
Posted on October 29, 2018, 7:50 pm

കല്‍പറ്റ:മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച’മലയാളത്തിളക്കം‘ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നു. ഭാഷാപരമായ പ്രശ്നങ്ങളുള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും നടപ്പാക്കുന്ന ഭാഷാപരിപോഷണ പദ്ധതി നവംബര്‍ 12ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ആരംഭിക്കാനാണ് തീരുമാനം.നവംബര്‍ മുപ്പതിനു ശേഷം ജില്ലയില്‍ മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.ഇതിനു മുന്നോടിയായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലേയും അധ്യാപകര്‍ക്ക് നവംബര്‍ എട്ട്,ഒന്‍പത് തീയതികളില്‍ പരിശീലനം നല്‍കും.സംസ്ഥാനത്തെ മികച്ച റിസോഴ്സ് അദ്ധ്യാപകരായിരിക്കും പരിശീലനത്തിന് നേതൃത്വം നല്‍കുക.ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ശാസ്തീയമായി തയ്യാറാക്കിയ രീതി ഉപയോഗിച്ച് ഒക്ടോബര്‍ 31ന് പ്രിടെസ്റ്റ് നടത്തി മലയാള ഭാഷശേഷികളില്‍ പിന്നോക്കമുള്ള കുട്ടികളെ കണ്ടെത്തും.തുടര്‍ന്ന് 20 കുട്ടികള്‍ വീതമുള്ള ബാച്ചുകളാക്കി പരിശീലനം നല്‍കും.ഡ്രോപ് ഔട്ട് ഫ്രീ പദ്ധതിയിലൂടെ സ്‌കൂളിലേക്ക് തിരികെയെത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും പദ്ധതിയുടെ ഭാഗമാക്കാനും ആലോചിക്കുന്നുണ്ട്.സമഗ്രശിക്ഷ കേരള ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടത്തിയ പഠനത്തില്‍ ആകെ 13 മുതല്‍ 17 ശതമാനം വരെ കുട്ടികള്‍ ഭാഷാപരമായി പിന്നോക്കാവസ്ഥയിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിളക്കം എന്ന പേരില്‍ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളിലും കഴിഞ്ഞ വര്‍ഷം നടത്തിയ പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു.പത്താം ക്ലാസില്‍ വിജയശതമാനവും മലയാളത്തില്‍ എപ്ലസ് ഗ്രേഡ് വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലയില്‍ പരിക്ഷണാടിസ്ഥാനത്തില്‍ മേപ്പാടിയില്‍ നടപ്പാക്കിയ പദ്ധതി ജില്ല മുഴുവന്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.