Wednesday
20 Mar 2019

എല്‍കെജി ഫീസ്; സ്വകാര്യ സ്കൂളുകള്‍ ബ്ലേഡ് മാഫിയകളോ?

By: Web Desk | Tuesday 13 March 2018 7:37 PM IST


തിരുവനന്തപുരം: സ്വകാര്യ സ്‌കൂളുകളിലെ ഫീസ്  നിരക്ക് നിയന്ത്രണാതീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്താകമാനമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കഴുത്തറുപ്പന്‍ കച്ചവടകേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. വളരെ കുറച്ചുകാലംകൊണ്ടാണ് വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം ഫീസ് ഘടന നിലവില്‍ വന്നതെന്നതും ശ്രദ്ധേയമാണ്.

മികച്ച വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. ഇത് ചൂഷണംചെയ്യുന്ന രീതിയാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അവലംബിക്കുന്നത്. ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നതാകട്ടെ എല്‍കെജി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍.

മെഡിക്കല്‍, എന്‍ജിനിയറിങ് വിദ്യാഭ്യാസം നേടുന്നത്ര ഗൗരവത്തോടുകൂടിയാണ് മാതാപിതാക്കള്‍ മക്കളുമായി എല്‍കെജി പ്രവേശന പരീക്ഷയ്ക്ക് സ്കൂളുകളില്‍ എത്തുന്നത്. നിരവധി തെരഞ്ഞെടുപ്പുകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷംമാത്രം കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന സ്കൂളുകളും കുറവല്ല. ( ഫീസിനത്തില്‍ കനത്ത തുക നല്‍കാന്‍ കഴിവുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ജയിച്ചില്ലെങ്കിലും പ്രശ്നമില്ല.)

ഈ അടുത്ത് ഒരു പ്രമുഖ സ്വകാര്യ സ്കൂളിന്‍റെ ഫീസ് നിലവാര പട്ടിക പുറത്ത് വരികയുണ്ടായി. ഇത് പ്രകാരം ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ എല്‍കെജി വിദ്യാര്‍ഥികളുടെ പഠന ചിലവ് രണ്ട് ലക്ഷം രൂപയിലധികമാണ്.

ഇത്രയെല്ലാം ഫീസ് ഈടാക്കുമ്പോഴും ഇതിനനുസരിച്ചുള്ള വിദ്യഭ്യാസം കുട്ടികള്‍ക്ക് കിട്ടുന്നുണ്ടോ എന്നത് ഓരോ മാതാപിതാക്കളും വിലയിരുത്തേണ്ടതാണ്. തന്റെ മക്കള്‍ നല്ല സ്കൂളുകളില്‍ പഠിക്കണമെന്ന രക്ഷിതാക്കളുടെ മോഹങ്ങള്‍ക്ക് മേല്‍ കോടാലി വെയ്ക്കുന്ന നിലപാടാണ് മിക്ക മാനേജ്മെന്‍റ്  സ്കൂളുകളും നടത്തുന്നത്.

മേല്‍പ്പറഞ്ഞ സ്കൂളില്‍ ട്യൂഷന്‍ ഫീസ് ഇനത്തില്‍ മാത്രം ഈടാക്കുന്നത് 39,830 രൂപയാണ്. എക്‌സ്ട്രാ/ കോ- കരിക്യുലര്‍ ആക്ടിവിറ്റീസ്, സ്‌പോര്‍ട്‌സ്, അഡ്മിഷന്‍ ഫീസ്,  കംപ്യൂട്ടര്‍ സയന്‍സ് ഫീസ്, ഔട്ട് റീച്ച് പ്രോഗ്രാം, എജ്യുക്കേഷണല്‍ ഡെവലപ്‌മെന്റ് ഫീസ് എന്നിങ്ങനെ നിരവധി വകുപ്പുകളില്‍ ഫീസ് ഈടാക്കുന്നത് കൂടാതെ, സ്കൂള്‍ കെട്ടിട വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുംവരെ കുട്ടികളുടെ രക്ഷിതാക്കളുടെ പോക്കറ്റ് തപ്പുന്ന വൃത്തികേടുകളാണ് സ്കൂള്‍‍മാനേജ്മെന്‍റുകള്‍ തുടര്‍ന്നുപോരുന്ന രീതി.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫീസ്, ബില്‍ഡിംഗ് ഫണ്ട് എന്നീ ഇനങ്ങള്‍  കുട്ടികളുടെ ഫീസിനോട് ചേര്‍ത്താണ് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് മാത്രമായി ഒരു വിദ്യാര്‍ഥിയില്‍ നിന്ന് വാങ്ങുന്നത് 62,000ല്‍ അധികം രൂപയാണ്. സ്കൂളിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് 10,000 രൂപയും വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നു. സ്കൂളിന്‍റെ ബില്‍ഡിങ് ഫണ്ടും നല്‍കേണ്ടത് രക്ഷിതാക്കാളാണ്. 45,000 രൂപയാണ് ബില്‍ഡിങ് ഫണ്ട്.

വിദ്യാഭ്യാസ കച്ചവടത്തില്‍ മാനേജ്മെന്‍റ്  ഈടാക്കുന്ന ആകെ തുക 202,000രൂപ. ഇതില്‍ പകുതിയിലധികവും വിദ്യാഭ്യാസേതര കാര്യങ്ങള്‍ക്കാണെന്നും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതെല്ലാൺ ധൈര്യപൂര്‍വം ഇവര്‍ ബ്രോഷറുകളിലൂടെ പുറത്തുവിടുന്നുവെന്നുള്ളത് ധനികരായ മാതാപിതാക്കളുടെ മൗനാനുവാദത്തിന്‍റെ  അടയാളമാണ്.

എന്നാല്‍ സ്വകാര്യ സ്കൂളുകളിലെ  അധ്യാപകര്‍ക്ക് ലഭിക്കുന്ന ശമ്പളം വളരെ തുച്ഛമാണ്. അധിക സമയം ജോലിയും നല്‍കി, ശമ്പളമില്ലാതെ അധ്യാപകരെ കാണാനാവുക പ്രൈവറ്റ് സ്കൂളുകളില്‍ മാത്രമാണ്.

കൂടാതെ, എല്‍കെജി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ചുമക്കാവുന്നതിലധികം ഭാരമാണ് ഈ മാനേജ്മെന്‍റ് ചുമലില്‍ വെച്ചുകൊടുക്കാറുള്ളത്. എല്‍കെജി, യുകെജി കുട്ടികള്‍ക്ക് താങ്ങാനാവുന്നതിലും ഭാരമാണ് പുസ്തകങ്ങള്‍ക്കെന്ന പരാതി മുമ്പേ ഉയര്‍ന്നിട്ടുണ്ട്. അധികം ഹോംവര്‍ക്കും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന പരാതിയുമുണ്ട്. മുതിര്‍ന്ന ക്ലാസുകളിലേയ്ക്ക് പോകുന്തോറും ഫീസിനത്തില്‍ അധികം രൂപ ഇവര്‍ പിഴിഞ്ഞെടുക്കുമെന്നുള്ളത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ?

ഇതിനെയൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിട്ടില്ലെങ്കില്‍ ഇപ്പോഴെ കച്ചവട സ്ഥാപനങ്ങളായ ഈ വിദ്യാലയങ്ങള്‍  അധികം താമസിയാതെ ബ്ലേഡ് മാഫിയകളെ കടത്തിവെട്ടും.

Related News