May 28, 2023 Sunday

Related news

May 19, 2023
May 18, 2023
May 18, 2023
May 17, 2023
May 11, 2023
May 8, 2023
May 6, 2023
May 3, 2023
May 3, 2023
April 28, 2023

വിദ്യാഭ്യാസ മേഖല തൊഴിലധിഷ്ഠിതമാകണം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 8, 2023 11:12 pm

വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കുകയും നൈപുണ്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നോളജ് ഇക്കോണമി മിഷൻ വനിതകൾക്കായി നടപ്പാക്കുന്ന പ്രത്യേക വൈജ്ഞാനിക പദ്ധതിയായ ‘തൊഴിലരങ്ങത്തേക്ക്‘ന്റെ ഭാഗമായി തൊഴിൽ ലഭിച്ചവർക്ക് ഓഫർ ലെറ്റർ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ലോകതൊഴിൽ കമ്പോളത്തിലെ അതിവേഗ മാറ്റങ്ങൾ മനസിലാക്കി പുതിയ തലമുറയെ അറിവും കഴിവുംകൊണ്ട് സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ ഗൗരവമായ പ്രശ്നമാണ്. ഇതിനെ നേരിടുന്നതിന്റെ ഭാഗമായി 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികളാണ്. എന്നാൽ തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം കുറഞ്ഞുവരുന്നു. ഇത് അഭികാമ്യമല്ല. ഈ കുറവ് സംഭവിക്കുന്നതിനു പിന്നിൽ സാമൂഹിക, സാമ്പത്തിക കാരണങ്ങളുണ്ട്. അവ കണ്ടെത്തി തരണംചെയ്താൽ മാത്രമേ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാനാകൂ. സർക്കാർ ഇതിനായി വിവിധ ഇടപെടലുകൾ നടത്തുന്നുണ്ട്. 

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, തൊഴിൽ മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണൻ, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തൊഴിൽ മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ മന്ത്രിമാർ വിതരണം ചെയ്തു. 

ഒന്നാം ഘട്ടത്തിൽ 26,000 സ്ത്രീകള്‍

‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 26,000 സ്ത്രീകള്‍ പദ്ധതിയുടെ ഭാഗമായി. അടുത്ത ഘട്ടമായി 40 വയസിൽ താഴെ പ്രായമുള്ള തൊഴിലന്വേഷകരായ മുഴുവൻ സ്ത്രീകളെയും ഇതിന്റെ ഭാഗമാക്കും. അവർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകും. സർക്കാർ, അർധ സർക്കാർ ഏജൻസികളുടെ സേവനം ഇതിന് പ്രയോജനപ്പെടുത്തും.
16 ലക്ഷം അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് തൊഴിലിന് കാത്തുനിൽക്കുകയാണ്. ഇവരുടെ സേവനം സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആശയത്തിൽ നിന്നാണ് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്ഫോം രൂപപ്പെടുന്നത്.
വിദ്യാഭ്യാസ യോഗ്യത, നൈപുണ്യം, അതിനനുസരിച്ചുള്ള ജോലി തുടങ്ങിയവ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. വർക്ക് നിയർ ഹോം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം വർക്ക് സീറ്റുകൾ സംസ്ഥാനത്ത് സൃഷ്ടിക്കും. 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബജറ്റിൽ ഇതിനായി 50 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Edu­ca­tion sec­tor should be voca­tion­al: Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.