Monday
25 Mar 2019

ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തണം: പി ശ്രീരാമകൃഷ്ണന്‍

By: Web Desk | Monday 17 September 2018 8:47 PM IST


sriramakrishnan

കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളുകളെക്കുറിച്ചും വിദ്യാഭ്യാസ രീതികളെക്കുറിച്ചുമുള്ള പൊതുധാരണകളെ തകര്‍ക്കുന്ന കരുത്തുറ്റ സാമാന്യ വിദ്യാഭ്യാസമാണ് ആവശ്യമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ലോക രാജ്യങ്ങളില്‍ ഇന്നുള്ള പ്രമുഖ കോഴ്‌സുകളെക്കുറിച്ച് കേരളം ചിന്തിച്ചിട്ട് കൂടിയില്ല. ഉന്നത വിദ്യാഭ്യാസം അടിമുടി പൊളിച്ചെഴുതണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവൂരില്‍ ഗവ എച്ച്.എസ്.എസ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ പ്രിസം പദ്ധതിയില്‍ നടപ്പാക്കുന്ന മള്‍ട്ടി പര്‍പ്പസ് കോംപ്ലക്സ് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍.
സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് വിദ്യാഭ്യാസ മേഖലയിലാണ്, എന്നാല്‍ നിക്ഷേപിക്കുന്നതിന് തുല്യമായ ഫലം കിട്ടുന്നില്ലെന്ന അവസ്ഥയുണ്ട്. ഇതിനായി സാമാന്യവിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ മികച്ച ഉന്നതവിദ്യാഭ്യാസ സൗകര്യവും ലഭ്യമാക്കേണ്ടതുണ്ട്. മാറ്റത്തിന് തയ്യാറാകാത്ത സമൂഹം ഒരിക്കലും വലുതായിട്ടില്ലെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പരമ്പരാഗത പഠന രീതികള്‍ മാറി കരുത്തുള്ള, അടിത്തറയുള്ള വിദ്യാഭ്യാസം രീതികള്‍ ഉണ്ടാവണം. ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്ത് സംവേദനം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ മാറ്റങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കഴിയണമെന്നും ഇത് രണ്ടാം വിദ്യാഭ്യാസ വിപ്ലവമാകുമെന്നും സ്പീക്കര്‍ പറഞ്ഞു.
യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സമയം പോക്കുന്നവരാണെന്ന ആക്ഷേപമാണ് നിലനിന്നിരുന്നത്. എന്നാല്‍ യുവത്വത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയ സന്ദര്‍ഭമാണ് ഇക്കഴിഞ്ഞ പ്രളയകാലത്തുണ്ടായത്. സമൂഹമാധ്യമങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തന്നെ മികച്ച കണ്‍ട്രോള്‍ റൂമുകളാക്കി സജീവമായി പ്രവര്‍ത്തിപ്പിക്കാന്‍ യുവാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിഭവശേഷി പ്രയോജനപ്പെടുത്തി മികച്ച അവസരമൊരുക്കാനാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് ശ്രമിക്കേണ്ടതെന്ന് സ്പീക്കര്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യം ഒരുക്കിയത് കൊണ്ട് മാത്രം അന്താരാഷ്ട്ര നിലവാരം നേടി എന്ന് പറയാനാകില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എ.പ്രദീപ് കുമാര്‍ എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ പത്ത് സ്‌കൂളുകള്‍ മികവിന്റെ കാര്യത്തില്‍ പൂര്‍ണതയില്‍ എത്തിക്കുമെന്നും അതിനായുള്ള ഫണ്ട് ലഭ്യമാക്കിയതായും എം.എല്‍.എ അറിയിച്ചു.
ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ സമാഹരിച്ച 2.37 ലക്ഷത്തിന്റെ ചെക്കും സ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരിയായ തുളസി നല്‍കിയ തുകയും സ്പീക്കര്‍ ഏറ്റുവാങ്ങി. സ്‌കൂളിന് പുതിയ യൂണിഫോം കൈമാറല്‍ ഡപ്യൂട്ടി മേയര്‍ മീര ദര്‍ശക് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷറീന വിജയന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മിനി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ വി.ആര്‍ രാജേന്ദ്രന്‍, ഡപ്യൂട്ടി ഹെഡ് മാസ്റ്റര്‍ പി.മുരളീധരന്‍, പി.ടി.എ പ്രസിഡന്റ് അഡ്വ സി.എം ജംഷീര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് സബിത, സ്റ്റാഫ് സെക്രട്ടറി രേഖാ നമ്പ്യാര്‍, പ്രിസം കോര്‍ഡിനേറ്റര്‍ സതീശന്‍ വി.കെ തുടങ്ങിയവര്‍ സംസാരിച്ചു
എ.പ്രദീപ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക അടുക്കള, ഡൈനിംഗ് ഹാള്‍, ഓഡിറ്റോറിയം, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് എന്നിവയാണ് സ്‌കൂളില്‍ നിര്‍മ്മിക്കുന്നത്. 5.39 കോടി രൂപ വിനിയോഗിച്ച് നടത്തുന്ന പദ്ധതിയുടെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ്. വിനോദ് സിറിയക്കാണ് മള്‍ട്ടിപര്‍പ്പസ് കോംപ്ലക്‌സിന്റെ രൂപകല്‍പ്പന.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പൂര്‍ണമായി ഏറ്റെടുത്ത സ്‌കൂളില്‍ നിലവില്‍ 2700 ലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. പ്രിസം ഒന്നാംഘട്ടമായി 2.50 കോടി രൂപയും കോര്‍പ്പറേഷന്‍ അനുവദിച്ച 1.50 കോടി രൂപയും ഉള്‍പ്പെടെ വിനിയോഗിച്ച് സ്‌കൂളിലെ 35 ക്ലാസ്മുറികള്‍ ഹൈടെക് ആക്കിമാറ്റിയിരുന്നു. ഭൗതിക പഠനനിലവാരം മെച്ചപ്പെടുത്തി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയായിട്ടുള്ള സ്‌കൂളിന് 20 പുതിയ ഡിവിഷനുകളും മൂന്ന് അധിക തസ്തികകളും അനുവദിക്കപ്പെട്ടിട്ടുണ്ട്.

Related News