October 6, 2022 Thursday

കാലത്തിനൊപ്പം സഞ്ചരിക്കുന്ന വിദ്യാഭ്യാസം

പി കെ സബിത്ത്
May 17, 2020 3:03 am

കൊറോണബാധ ഏറ്റവും പ്രതിസന്ധിയിലാക്കുന്ന ഒരു മേഖല വിദ്യാഭ്യാസരംഗമാണ്. ലോകത്ത് എല്ലായിടത്തുമുള്ള ബഹുഭൂരിപക്ഷം ക്ലാസ് മുറികളും വൈവിധ്യമാർന്ന സംഘങ്ങളാണ്. ബോധന രീതിശാസ്ത്രം പോലും സംഘപഠനത്തിന് പ്രാധാന്യം കൊടുത്ത് രൂപകല്പന ചെയ്തതാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ജീവിതരീതി ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് വിദ്യാഭ്യാസ മേഖലയെ ആയിരിക്കും. പഠനം ഓണ്‍ലൈനില്‍ തുടരുക എന്നതാണ് ഇത്തരം പ്രതിസന്ധികളെയെല്ലാം മറികടക്കാനുള്ള ഏക പോംവഴി. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിവിധ സ്രോതസുകളെ അടിസ്ഥാനമാക്കിയുള്ള വൈജ്ഞാനിക അന്വേഷണങ്ങള്‍, വിവരവിനിമയ സാങ്കേതികവിദ്യ വളര്‍ച്ച പ്രാപിച്ച ഇക്കാലത്ത് അധ്യാപകരായാലും വിദ്യാര്‍ത്ഥികളായാലും ഒരുപോലെ നടത്തുന്നുണ്ട്.

പുതിയ തലമുറയില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇത്തരം സാങ്കേതിക വിദ്യകളുമായി കൂടുതല്‍ അടുത്ത് നില്ക്കുന്നവരുമാണ്. ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് അതുകൊണ്ടുതന്നെ എളുപ്പത്തില്‍ വിദ്യാര്‍ത്ഥികളെ നയിക്കാനും കഴിയും. സാങ്കേതിക വിദ്യയിലൂന്നിയ പഠനരീതിക്ക് കേരളത്തിലാകമാനം ഇതിനകംതന്നെ പ്രചാരം ഉള്ളതിനാല്‍ ഒട്ടും അപരിചിതത്വം ഉണ്ടാകേണ്ടതില്ല. വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ഒരു ബദല്‍ സംവിധാനമായി ഓണ്‍ലൈന്‍ പഠനമല്ലാതെ മറ്റൊരു വഴിയുമില്ല. ഇതുകൊണ്ട് അധ്യാപകരുടെ പ്രസക്തി നഷ്ടപ്പെടും, ഇനിമുതല്‍ സ്കൂളുകള്‍ ഉണ്ടാവില്ല എന്നെല്ലാമുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്.

വാസ്തവത്തില്‍ അധ്യാപകരുള്‍പ്പെടെയുള്ളവര്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തേണ്ട ഒരിടമായി മാറുകയാണ് ഓണ്‍ലൈന്‍ പഠനരംഗം വരും നാളുകളില്‍ പ്രതിസന്ധികളെ നേരിടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പഠനവും അനുബന്ധ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള ബദല്‍മാര്‍ഗ്ഗമായി ഓണ്‍ലൈന്‍ ക്ലാസ്­മുറികള്‍ സജീവമാകേണ്ടതുണ്ട്. ഇപ്പോള്‍ നേടിയിരിക്കുന്ന സാങ്കേതിക പരിജ്ഞാനം മാത്രം ഉപയോഗപ്പെടുത്തി അത്യാവശ്യ ഘട്ടങ്ങളിലെ ഒരു ബദല്‍മാര്‍ഗം എന്ന നിലയില്‍ നമുക്ക് ഓണ്‍ലൈന്‍ പഠനം നടത്തുവാന്‍ സാധിക്കും. ലോകത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖല വളരെ സജീവമാണ് എന്ന കാര്യം നാം വിസ്മരിക്കരുത്. കേരളത്തില്‍ പോലും അതിന് സമീപകാല ചരിത്രമല്ല ഉള്ളത്.

താല്ക്കാലികമായ ബദല്‍ സംവിധാനം എന്നതിനുപരി വിദ്യാഭ്യാസരംഗത്ത് നിഷേധിക്കാനാവാത്തവിധം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗം. നമ്മുടെ പരമ്പരാഗതമായ ക്ലാസ് മുറിയിലെ വിദ്യാഭ്യാസ രീതിയില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിശാസ്ത്രംതന്നെ ആഗോളതലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപംകൊണ്ടിട്ടുണ്ട്. ലോക്­ഡൗൺ സാഹചര്യത്തിലാണ് ഇന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് നാം ചിന്തിക്കുന്നത്. 2002ല്‍ കേരള സര്‍വകലാശാല ഇന്ന് ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. വിവര വിനിമയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഹ്രസ്വകാല കോഴ്സുകളായിരുന്നു അത്. ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറത്തേക്ക് പഠിതാക്കളെ പ്രേരിപ്പിക്കുന്ന ഒന്നാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം.

തൊഴിലിനുവേണ്ടിയുള്ള വിദ്യാഭ്യാസം എന്ന സംസ്കാരത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് തൊഴില്‍ ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസം എന്ന നിലയിലേക്ക് എത്തിയതോടെയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രസക്തിയേറിയത്. പഠിതാവിന് ഇഷ്ടസമയം തെരഞ്ഞെടുത്ത് പഠിക്കാം എന്ന മേന്മ ഓണ്‍ലൈന്‍ പഠനം സാര്‍വത്രികമാക്കി, ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഓണ്‍ലൈന്‍ പഠനം ആദ്യകാലത്ത് പ്രചരിച്ചുതുടങ്ങിയത്. ബിരുദപഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്നവരുടെ തുടര്‍പഠനം ഓണ്‍ലൈന്‍ വഴി മുന്നോട്ടു കൊണ്ടുപോകാം. ഇതിന്റെ അനന്തസാധ്യതകള്‍ കൂടുതല്‍ വിശാലമാണ്. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത വിഷയം ഏതുമാവട്ടെ, പഠിതാവിന് താല്പര്യമുള്ള മേറ്റേതെങ്കിലും വിഷയത്തില്‍ ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയും. പഠിതാവിന്റെ താല്പര്യത്തിനാണ് ഇവിടെ മുഖ്യസ്ഥാനം.

ആശയവിനിമയത്തിനുള്ള മാധ്യമമായി മുന്നിലിരിക്കുന്ന സ്ക്രീനുകള്‍ മാറുന്നതോടെ പഠനത്തിന്റെ രീതിയിലും ശൈലിയിലുമെല്ലാം വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. യാഥാര്‍ത്ഥ്യ പ്രതീതി സൃഷ്ടിക്കുന്ന വീഡിയോയും ഡയഗ്രങ്ങളും അനുബന്ധ വിവരങ്ങളുമെല്ലാം ഒന്നിക്കുന്ന ഒരു വിനിമയ അന്തരീക്ഷമാണ് ഓണ്‍ലൈന്‍ പഠനത്തിന്റെ സംവേദനമാര്‍ഗം. പരമ്പരാഗതമായ ക്ലാസ് മുറിയുടെ ജൈവിക ബന്ധം ഇവിടെയുണ്ടാകില്ല എന്നതാണ് ഒരു ന്യൂനത. ഒരു മാര്‍ഗനിര്‍ദേശകനായി അധ്യാപകന്റെ നിരന്തരമായ സാന്നിധ്യം ഉണ്ടാക്കുന്നതിലൂടെ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന യാന്ത്രികത ഇല്ലാതാക്കാന്‍ കഴിയും. പഠിതാക്കളുടെ സ്ഥിരോത്സാഹവും താല്പര്യവും ഉള്ളിടത്തോളം ഓണ്‍ലൈന്‍ പഠനത്തിന് പ്രസക്തിയുണ്ട്. പഠനത്തെ വളരെ ഗൗരവത്തോടെ സമീപിച്ച് നിരന്തരമായ പരിശീലനം ശീലമാക്കണം.

ഇന്റര്‍നെറ്റിന്റെ വിശാലമായ സാധ്യത ഉപയോഗപ്പെടുത്തി ഓണ്‍ലൈനിലുള്ള മികച്ച കോഴ്സുകള്‍ ആര്‍ക്കും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. കോഴ്സ് തെരഞ്ഞെടുത്ത് ദിവസവും നിശ്ചിത സമയം ഇതിനായി മാറ്റിവച്ചാല്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക. ആറു മാസത്തെ ഓണ്‍ലൈന്‍ കോഴ്സുകൊണ്ട് നാലു കൊല്ലം എന്‍ജിനീയറിംഗ് പഠിച്ചതിനേക്കാള്‍ ഗുണം ലഭിക്കും എന്ന് വിദഗ്ധര്‍ പോലും അഭിപ്രായപ്പെടുന്നു. ഒട്ടും ചോര്‍ന്നുപോകാതെ വിവിരങ്ങള്‍ നേരിട്ട് പഠിതാക്കളില്‍ എത്തിക്കാന്‍ കഴിയുന്നത് ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ലോകം കൂടിയാണ് ഓണ്‍ലൈന്‍ പഠനത്തിന്റെ ഇടങ്ങള്‍ ഒരുക്കുന്നത്. കുറച്ചുകാലം കോഴ്സ് പഠിച്ചിട്ട് ഒന്നും മനസിലാകുന്നില്ലെങ്കില്‍ അത് അവിടെ അവസാനിപ്പിച്ചതിനുശേഷം പുതിയ മേഖല തേടിയിറങ്ങാം. കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പ്രസംഗപഠന കോഴ്സ് ചെയ്ത എംജി സര്‍വകലാശാല ഉദ്യോഗസ്ഥനായ ബാബു പള്ളിപാട്ട് പറയുന്നു ‘കൃത്യമായ പാഠ്യപദ്ധതി ഒരുക്കിയാണ് അവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറാണ് കോഴ്സിന്റെ കാലാവധി. രണ്ടു മണിക്കൂര്‍ വീതം പന്ത്രണ്ട് ദിവസം. ഓരോ ഘട്ടത്തിലും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ശൈലിയാണ് കോഴ്സിനുള്ളത്’

. പല ഓണ്‍ലൈന്‍ കോഴ്സുകളും സൗജന്യമാണ് എന്നതാണ് മറ്റൊരു വസ്തുത. വെബ് അധിഷ്ഠിത വിദ്യാഭ്യാസം നല്കുന്ന ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും ഇന്ന് കല്പതി സര്‍വകലാശാലകളായി മാറിയിട്ടുണ്ട്. ലോകത്തിലെ മികച്ച സര്‍വകലാശാലകള്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ കോഴ്സുകളുടെ പാഠ്യപദ്ധതികള്‍ ആരെയും അതിശയിപ്പിക്കും. വീഡിയൊ ഉപയോഗിച്ചുള്ള പരീക്ഷയും ഇതിനു പുറമെ പ്രായോഗിക പരീക്ഷയും നടത്തിയതിനുശേഷം പ്രോജക്ട്­വരെ കൃത്യമായി നിര്‍വഹിച്ചാണ് മുന്നോട്ടു പോകുന്നത്. പഠിതാവിന്റെ സ്വയം പഠിക്കാനുള്ള ശേഷിയും നൈപുണിയും വര്‍ധിപ്പിക്കുക എന്നതാണ് ഇവിടെ പ്രധാനം. പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയും കൂടിയാണത്. ആഗോളതലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ചവയാണ് മൂക് കോഴ്സുകള്‍. അനേകം ആളുകള്‍ക്ക് ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള പഠനരീതിയാണ് ഇതിനുള്ളത്.

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് (മൂക്) എന്നാണ് ഇത് അറിയപ്പെടുന്നത്. സാങ്കേതിക വിദ്യയുടേതായ എല്ലാ സൗകര്യങ്ങളും ഇവിടെ ഉപയോഗപ്പെടുത്തുന്നു. ഗ്രാഫിക്സുകളും ആനിമേഷനും ഉപയോഗിച്ച് എളുപ്പത്തിലും സുതാര്യമായും ആശയങ്ങള്‍ സംവേദനം ചെയ്യുന്നു എന്നതാണ് ഇതിന്റെ സവിശേഷത. 2006 മുതലാണ് ഓണ്‍ലൈനില്‍ മൂക് കോഴ്സുകള്‍ ആരംഭിച്ചത്. 2012 ആകുമ്പോഴേക്കും ഇതിന്റെ പ്രചാരം വര്‍ധിച്ചു. ആയിരക്കണക്കിന് കോഴ്സുകളും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുമുള്ള വലിയ ശൃംഖലയാണിത്. പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്നവര്‍. ബിരുദപഠനം കഴിഞ്ഞവര്‍, ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ ഇത്തരത്തില്‍ എല്ലാ തരക്കാര്‍ക്കും ഉചിതമായ മേഖല തെരഞ്ഞെടുത്ത് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. മൂക് എന്നത് അന്തര്‍ദേശീയ തലത്തിലുള്ള ഓണ്‍ലൈന്‍ കോഴ്സുകളുടെ ഇടമാണ്. ഇതുപോലെതന്നെ ദേശീയതലത്തില്‍ നമ്മുടെ സര്‍ക്കാരിന്റെ ആഭിമുഖ്യത്തി

ല്‍ ഓണ്‍ലൈന്‍ പഠനത്തിനായുള്ള ഇടമുണ്ട്. സ്റ്റഡി വെബ്സ് ഓഫ് ആക്ടീവ് — ലേണിംഗ് ഫോര്‍ യംഗ് ആസ്പിരിങ്ങ് മൈന്റ്സ് അഥവാ ‘സ്വയം’ എന്നാണ് ഇത് അറിയപ്പെടുന്നത്. ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ്, സോഷ്യല്‍ സയന്‍സ്, എന്‍ജിനീയറിംഗ് ടെക്നോളജി എന്നീ വിഭാഗങ്ങളിലായി നിരവധി കോഴ്സുകളാണ് ഇവിടെയുള്ളത്. അക്കാദമിക് രംഗത്തെ മുതിര്‍ന്നയാളുകള്‍ ചേര്‍ന്നാണ് കോഴ്സുകളുടെ രൂപഘടന തയ്യാറാക്കിയിട്ടുള്ളത്. ഓഡിയോ, വീഡിയോ, പാഠപുസ്തകങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍, കേസ് സ്റ്റഡി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ജോലി ചെയ്തുകൊണ്ടും കലാലയ പഠനത്തിന്റെ ഭാഗമായും ഇവ പൂര്‍ത്തിയാക്കുവാന്‍ കഴിയും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റേതായ വിശാല ഇടം ലോകത്ത് ആകമാനം വികസിത രൂപം കൈവരി ച്ചിരിക്കുന്നു. വരുംകാലങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ സ്വാഭാവികമായും ഓണ്‍ലൈന്‍ പഠനത്തിന് പ്രാധാന്യം വര്‍ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ ഇത്തരമൊരു വിശാലമായ അര്‍ത്ഥത്തിലല്ല മറിച്ച്, നിലവിലുള്ള നമ്മുടെ പരമ്പരാഗതമായ പഠനസമ്പ്രദായങ്ങളെ ഒട്ടും ചോര്‍ന്നുപോകാതെ അകലം പാലിച്ചുകൊണ്ട് എങ്ങനെയെല്ലാം നടപ്പിലാകാന്‍ കഴിയും എന്നതാണ്.

അധ്യാപകര്‍ വിദൂരതയില്‍ നിന്നുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശികളായി മാറണം. കേരളത്തില്‍ ആരോഗ്യ സര്‍വകലാശാല ഓണ്‍ലൈന്‍ പഠനത്തിന് പ്രാധാന്യം നല്കിക്കൊണ്ട് ‘കൊറോണ’ പ്രതിസന്ധിയുടെ ആരംഭത്തില്‍തന്നെ നിര്‍ദേശം നല്കിയിട്ടുണ്ട്. പലയിടങ്ങളിലും ഓണ്‍ലൈനില്‍ പഠനം ഇപ്പോള്‍ നടക്കുന്നുമുണ്ട്. കേള്‍ക്കുമ്പോള്‍ എളുപ്പമെന്ന് തോന്നാമെങ്കിലും നേരിട്ട് മുഖാമുഖം നടത്തുന്ന ക്ലാസുകളെക്കാള്‍ ഏറെ ശ്രമകരമായ ഒന്നാണിത്. ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവ് വ്യക്തമായ ആശയവിനിമയത്തിന് തടസം സൃഷ്ടിക്കും. ഓണ്‍ലൈനില്‍ ക്ലാസ് നടത്തണം എന്ന നിര്‍ദേശം കൊടുത്തു എന്നല്ലാതെ പൊതുവായ ഒരു മാനദണ്ഡമൊന്നും ഇപ്പോഴും രൂപീകരിച്ചിട്ടില്ല. യഥേഷ്ടം സ്വകാര്യ ആപ്പുകള്‍ ഉപയോഗിച്ച് അതുവഴിയാണ് പലയിടത്തും ക്ലാസുകള്‍ നടത്തുന്നത്. ഇതുകാരണം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ നാം മുന്‍കൂട്ടി കാണേണ്ടതുണ്ട്.

ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം അടിയന്തരമായി പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം മുതല്‍ ഓണ്‍ലൈന്‍ പഠനം ഒരു ബദല്‍മാര്‍ഗം എന്ന നിലയില്‍ നിഷ്പ്രയാസം ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് അങ്കണവാടി മുതലുള്ള വിദ്യാര്‍ത്ഥി സമൂഹമാണ് ഉള്ളത്. അവരെയെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ഒരു ബദല്‍ മാര്‍ഗമായി ഓണ്‍ലൈന്‍ പഠനമേഖലയെ വികസിപ്പിക്കണം. സ്വകാര്യ ആപ്പുകള്‍ ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്കു പകരം വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവരവിനിമയത്തിനായുള്ള പൊതു ഇടം സൃഷ്ടിക്കപ്പെടണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലുകളെയും വിവരവിനിമയ സാങ്കേതിക വിദ്യയേയും ഏകോപിപ്പിച്ചുകൊണ്ട് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തണം.

ഏത് സാഹചര്യം വന്നാലും പഠനം മുടങ്ങാതെ സമാന്തരമായി സംവിധാനങ്ങള്‍ ഒരുക്കി മുന്നോട്ടുപോകണം. യാഥാര്‍ത്ഥ്യ പ്രതീതി സൃഷ്ടിക്കുന്നവിധം കുട്ടികളുമായി വിനിമയം ചെയ്യാന്‍ പറ്റണം. വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമങ്ങുന്ന സമൂഹത്തിന് ഇത്തരം പഠനരീതിയെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടാകണം. സാഹചര്യങ്ങള്‍ സൃഷ്ടിച്ച അലസതകള്‍ മാറ്റിയെടുക്കാന്‍ അവര്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയാല്‍ മതിയാകും എന്ന് ബര്‍ട്രന്‍ഡ് റസല്‍ പറയുന്നുണ്ട്. അത്തരത്തില്‍ ഒരു ബോധ്യപ്പെടുത്തലാണ് ഇവിടെ പ്രാഥമികമായി നടക്കേണ്ടത്. കുറച്ചു കാലമെങ്കിലും നാം പരിചരിച്ചുവന്നതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗവുമായ വഴികളില്‍ നിന്നും മാറി സഞ്ചരിക്കേണ്ടതായി വരും. കാലത്തിനൊപ്പമുള്ള സഞ്ചാരം സുഗമമാകണമെങ്കില്‍ അങ്ങനെയാവാതെ നിവര്‍ത്തിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.