Tuesday
26 Mar 2019

തീരത്തുനിന്നൊരു ഡോക്ടർ

By: Web Desk | Wednesday 6 September 2017 4:09 PM IST


സന്തോഷ് എന്‍ രവി

വിഴിഞ്ഞം: നാടിന്റെ ഡോക്ടറാകാന്‍ കടലോരത്ത് നിന്ന് ഫസീല. ഡോക്ടര്‍ ആകാന്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കഴിയില്ലെന്ന നാട്ടുകാരുടെ ചിന്താഗതി മാറ്റിയെടുത്തിരിക്കുകയാണ് വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് താഴെ വീട്ടുവിളാകം വീട്ടില്‍ സുലൈമാന്‍ അഷറഫ് ദമ്പതിമാരുടെ മൂത്ത മകള്‍ ഫസീല എന്ന ഈ കൊച്ചു മിടുക്കി. പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫസീലയ്ക്ക് രണ്ടാമത്തെ പരിശ്രമത്തിലാണ് ഡോക്ടറാകാന്‍ വഴിതെളിഞ്ഞത്. ആദ്യതവണയാണ് ട്യൂഷന്‍ പോലുമില്ലാതെ വെറുതെയെഴുതിയ നോക്കിയ എന്‍ട്രന്‍സ് പരീക്ഷയില്‍ 15000നകത്ത് റാങ്ക് ലഭിച്ചു. ഇതറിഞ്ഞ വെങ്ങാനൂര്‍ ഗേള്‍സ് എച്ച്എസ്എസിലെ ടീച്ചര്‍ ആനിയുടെ പ്രോത്സാഹനമാണ് രണ്ടാം വട്ടം പരീക്ഷയെഴുതാന്‍ ഫസീലയ്ക്ക് പ്രചോദനമായത്. മകളുടെ ആഗ്രഹമറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ട്യൂഷന്‍ നല്‍കാന്‍ തീരുമാനിച്ചു. പാലായിലെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ ലാക്കി ഇതിനിടയില്‍ ഫിഷറീസ് വകുപ്പില്‍ നിന്നും സ്‌കോളര്‍ഷിപ്പും ലഭിച്ചു. ട്യൂഷന്‍ 3 മാസം പിന്നിട്ടപ്പോഴേക്കും, മാതാപിതാക്കളെ പിരിഞ്ഞിരിക്കാത്ത ഫസീല അവിടെ പിടിച്ചു നില്‍ക്കാനാകാതെ വീട്ടിലേക്ക് മടങ്ങി. പിന്നീടുള്ള പഠനം വീട്ടിലിരുന്നായി ആരെയും ബുദ്ധിമുട്ടിക്കാതെ ചെറിയ വീടിന്റെ ഉള്ളിലിരുന്ന് രാപകലന്യേ കഠിന പരിശ്രമം. ഒടുവില്‍ ഫലം ഫസീലയ്‌ക്കൊപ്പം. പ്രവേശന പരീക്ഷയില്‍ 6058ാം റാങ്ക് ബി ഡി എസിന് ആദ്യ പ്രവേശനം ഉറപ്പിച്ചു അതിനു ശേഷമാണ് എം ബി ബി എസിന് പ്രവേശനം ലഭിച്ചത്. ബയോളജിയായിരുന്നു ഫസീലയുടെ ഇഷ്ട വിഷയം പത്താം ക്ലാസിലും പ്ലസ് ടുവിലും ബയോളജിക്ക് മികച്ച മാര്‍ക്ക് നേടിയതോടെ ടീച്ചര്‍ ആനിയാണ് ഫസീലയ്ക്ക് പ്രോത്സാഹനവും വഴികാട്ടിയുമായത്. മകളുടെ താല്പര്യമറിഞ്ഞ മാതാപിതാക്കള്‍ തീരുമാനം ഫസീലയ്ക്ക് വിട്ടു. ‘എന്റെ മകള്‍ക്ക് പഠിക്കാനാണിഷ്ടമെങ്കില്‍ കഷ്ടപ്പെട്ടും മകളെ പഠിപ്പിക്കും’ ഇതായിരുന്നു മത്സ്യതൊഴിലാളിയായ ആ പിതാവിന്റെ വാക്കുകള്‍.
എം ബി ബി എസിനു പ്രവേശനം ലഭിച്ചുവെങ്കിലും ഹോസ്റ്റല്‍ ഫീസായി 2.25 ലക്ഷം രൂപ ഈ മത്സ്യതൊഴിലാളി കണ്ടെത്തണം. മത്സ്യതൊഴിലാളിയായ സുലൈമാന്‍ തനിക്ക് ലഭിക്കുന്ന ചെറിയ തുകകള്‍ കൂട്ടി വച്ച് മകളുടെ പേരില്‍ ഒരു നിക്ഷേപമുണ്ടാക്കി പഠിക്കുകയാണെങ്കില്‍ അതിനും അല്ലെങ്കില്‍ വിവാഹത്തിനും ചെലവഴിക്കാമെന്നു അന്നേ മനസ്സില്‍ കരുതി. പിതാവിന്റെ കഷ്ടപ്പാട് കണ്ടു വളര്‍ന്ന ഫസീല പഠനാവശ്യത്തിനല്ലാതെ ഒന്നിനും ബുദ്ധിമുട്ടിച്ചില്ലന്നും വീട്ടുകാര്‍ പറയുന്നു. ഒരു ഗൈനകോളജിസ്റ്റായി നാടിന്റെ നന്മയ്ക്കായി സ്വന്തം സ്ഥലത്തു തന്നെ ഒരു ഡോക്ടറായി അറിയാനാണ് ഫസീലക്കിഷ്ടം. സഹോദരങ്ങാളായ ഫൈസലും ഫയാസും ഫായിനയും ചേച്ചിയുടെ ഡോക്ടര്‍ മോഹത്തിനു പിന്തുണയുമായി ഒപ്പമുണ്ട്.

ചിത്രം : ഫസീല പിതാവ് സുലൈമാനൊപ്പം സ്വന്തം വീടിനു മുന്നില്‍.

 

Related News