ഈറ്റില്ലത്തിലെ കരിമ്പൂച്ചകള്‍

Web Desk
Posted on July 14, 2019, 5:07 am

പി കെ ഗോപി

ചക്രവര്‍ത്തിയുടെ
കൊട്ടാരത്തില്‍ നിന്ന്
വീണവായന കേട്ടു.…
എവിടെയോ നഗരം
കത്തിക്കരിയുന്നുണ്ടാവാം.

ചിത്തഭ്രമക്കാരന്‍
പൊട്ടിച്ചിരിക്കാന്‍
തുടങ്ങി.….
എവിടെയോ
പ്രണയഗോപുരം
നിലംപൊത്തിയിട്ടൂണ്ടാവാം.

വഴിയാത്രക്കാര്‍
നിഴലുകളായി
രൂപാന്തരപ്പെട്ടു തുടങ്ങി.…
എവിടെയോ
ആണവബന്ധങ്ങള്‍
പൊട്ടിത്തെറിച്ചിട്ടുണ്ടാവാം.

പുരോഹിതന്മാരുടെ
നടുപ്പുറത്ത്
ചാട്ടവാറുകള്‍ വീണുതുടങ്ങി.…
എവിടെയോ
ദേവാലയങ്ങളില്‍
ദൈവം പ്രവേശിച്ചിട്ടുണ്ടാവാം.

കണ്‍മുറ്റത്ത്
സൂര്യശലഭങ്ങള്‍
നൃത്തം ചെയ്യാന്‍ തുടങ്ങി.….
എവിടെയോ
പാഠപുസ്തകത്തില്‍ നിന്ന്
കുട്ടികള്‍ പുറത്തുചാടിയിട്ടുണ്ടാവാം.

കടലും കാറ്റും കൂടി
കവികളോട്
കണക്കു ചോദിക്കാന്‍ തുടങ്ങി.….
എവിടെയോ
ചങ്ങലയ്ക്കിട്ട ഭാഷയുടെ
ഈറ്റില്ലത്തില്‍ നിന്ന്
കരിമ്പൂച്ചകളെ
ആട്ടിയോടിച്ച്
കണ്ണുനീര്‍ പെയ്തിട്ടുണ്ടാവും!