കോഴിമുട്ട ഉല്‍പാദനത്തിന് വീട്ടുവളപ്പ് യൂണിറ്റുകളുമായി കെവികെ

Web Desk
Posted on June 01, 2019, 9:00 pm
കൂട്, മുട്ടക്കോഴികള്‍, തീറ്റ എന്നിവയടങ്ങുന്ന മുട്ട ഉല്‍പാദന യൂണിറ്റുകളുടെ വിതരണം സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു

കൊച്ചി: ഗുണനിലവാരമുള്ള കോഴിമുട്ട ഉല്‍പാദിപ്പിക്കുന്നതിന് പദ്ധതിയുമായി സിഎംഎഫ്ആര്‍ഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. ഉല്‍പാദിപ്പിക്കുന്ന മുട്ടകള്‍ കൊച്ചി നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന വിധത്തില്‍ ഞാറയ്ക്കല്‍ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളില്‍ വീട്ടുവളപ്പ് യൂണിറ്റുകള്‍ സ്ഥാപിച്ചു. കൂട്, മുട്ടക്കോഴികള്‍ , തീറ്റ എന്നിവയടങ്ങുന്ന യൂണിറ്റുകള്‍ പട്ടികജാതി വിഭാഗത്തിലെ ബിപിഎല്‍ പരിധിയില്‍ വരുന്ന തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ വിതരണം ചെയ്തു.

45 യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം ഒരുലക്ഷം മുട്ടകള്‍ പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിറ്റുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കോഴിമുട്ടകള്‍ സിഎംഎഫ്ആര്‍ഐയില്‍ സ്ഥിതി ചെയ്യുന്ന കെവികെയുടെ തന്നെ ഫാം ഷോപ്പിയിലൂടെ വിപണനം നടത്തും. കൊച്ചി നഗരത്തില്‍ തന്നെ ഗുണമേന്മയെ കരുതി മുട്ടയ്ക്കായി വിപണിയെ ആശ്രയിക്കാതെ സ്വന്തമായി കോഴി വളര്‍ത്തലില്‍ താല്‍പര്യമുള്ള ധാരാളം വീട്ടമ്മമാര്‍ ഉണ്ടെങ്കിലും അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം മതിയായ സ്ഥലസൗകര്യമില്ലാത്തതാണ് എന്നതിനാലാണ് ഗ്രാമത്തില്‍ ഉത്പാദനവും നഗരത്തില്‍ വിപണനവും വിഭാവനം ചെയ്യുന്ന ഈ പദ്ധതിക്ക് കെവികെ തുടക്കമിട്ടതെന്ന് കെവികെ മേധാവി ഡോ ഷിനോജ് സുബ്രമണ്യന്‍ പറഞ്ഞു.

ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ക്ക് അവരുടെ സ്ഥിരം ജോലികള്‍ക്ക് തടസ്സമാകാതെ തന്നെ മുട്ട ഉല്‍പാദന യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കാനാകും. പിറവം ഭാഗത്തെ ഗൃഹ യൂണിറ്റുകള്‍ വഴി ഉല്‍പാദിപ്പിക്കുന്ന നാടന്‍ കോഴിമുട്ടകള്‍ കെവികെയുടെ ഫാം ഷോപ്പിയില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.