ഈജിപ്റ്റില്‍ പ്രതിഷേധങ്ങള്‍, നിരവധി പേര്‍ അറസ്റ്റില്‍

Web Desk
Posted on September 21, 2019, 12:46 pm

കെയ്‌റോ: പ്രസിഡന്റ് അബ്ദെല്‍ ഫത്ത അല്‍ സിസിയെ നീക്കണമെന്ന ആവശ്യവുമായി ഈജിപ്റ്റില്‍ വന്‍ പ്രതിഷേധം. എന്നാല്‍ പ്രതിഷേധങ്ങളെ പൊലീസ് ശക്തമായി നേരിട്ടു.

രാത്രിയില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ് അണി ചേര്‍ന്നത്. 2011ല്‍ സ്വേച്ഛാധിപതിയെ നീക്കം ചെയ്യാനുള്ള പ്രക്ഷോഭ പരമ്പരകള്‍ക്ക് തുടക്കം കുറിച്ച തഹ്‌രിര്‍ ചത്വരത്തില്‍ ആണ് ഇക്കുറിയും പ്രക്ഷോഭം ആരംഭിച്ചത്. 2013ല്‍ സൈനിക അട്ടിമറിയിലുടെ മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ ശേഷം ൂനിയമം മൂലം പ്രതിഷേധങ്ങള്‍ നിരോധിച്ചതോടെ ഇത്തരം പ്രതിഷേധങ്ങള്‍ ഇവിടെ വളരെ അപൂര്‍വമായിരുന്നു.

പ്രതിഷേധ പരിപാടി അരങ്ങേറിയ സ്ഥലത്ത് നിരവധി പൊലീസുകാര്‍ യൂണിഫോമിലും അല്ലാതെയും അണിനിരന്നിട്ടും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.