March 28, 2023 Tuesday

ഈജിപ്തിന്റെ മുൻ പ്രസിഡന്റ് ഹോസ്നി മുബാറക്ക് അന്തരിച്ചു

Janayugom Webdesk
കെയ്റോ
February 25, 2020 6:11 pm

ഈജിപ്തിന്റെ മുൻ പ്രസിഡന്റ് ഹോസ്നി മുബാറക്ക് അന്തരിച്ചു. 91 വയസായിരുന്നു. ജനുവരിയിൽ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ചികിത്സയില്‍ കഴിയുകയായിരുന്ന ഹോസ്‍നിയുടെ അന്ത്യം ചൊവ്വാഴ്‍ച കയ്‌റോയിലെ ഗലാ മിലിട്ടറി ഹോസ്പിറ്റലിൽ വെച്ചായിരുന്നുവെന്ന് ഭാര്യാസഹോദരന്‍ ജനറല്‍ മൊനീര്‍ താബെറ്റ് പറഞ്ഞു.

മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ഈജിപ്ത് ഭരിച്ച ഭരണാധികാരിയാണ് ഹോസ്നി മുബാറക്ക്. 1981 മുതൽ 2011 വരെ ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹോസ്നിക്ക്  2011 ജനുവരിയിലെ അറബ് വസന്തത്തിന്‍റെ ഭാഗമായി നടന്ന വിപ്ലവത്തിനൊടുവിലാണ് അധികാരം നഷ്‍ടമായത്. ജനകീയ വിപ്ലവത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുബാറക്കിനെ പിന്നീട് ജയിലിലടച്ചിരുന്നു. തുടർന്ന് അഞ്ച് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം 2017 മാർച്ചിലാണ് ഹോസ്നി ജയില്‍ മോചിതനായത്.

1973ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഹോസ്നി നിർണായക പങ്കുവഹിച്ചിരുന്നു. പ്രസിഡന്റ് അൻവർ സാദത്തിന്റെ വധത്തിന് പിന്നാലെയാണ് ഹോസ്നി ഈപ്ജിതിന്റെ അധികാര പദവിയിലെത്തുന്നത്. ഇസ്രായേൽ‑പലസ്തീൻ സമാധാന ചർച്ചകളിലും ഹോസ്നി നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, 2011ലെ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ ഹോസ്‌നിക്ക് സ്ഥാനമൊഴിയേണ്ടി വന്നു.

1928 മേയ് 4‑ന് ഈജിപ്തിലെ മൊനുഫീയ ഗവർണേറ്റിലെ കാഫ്ർ‑എൽ‑മെസെൽത്തയിലാണ് ഹോസ്‌നി ജനിച്ചത്. 1949ല്‍ ഈജിപ്ഷ്യന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. 1972ല്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി. യോംകിപ്പൂര്‍ യുദ്ധത്തിനിടെ സിനായ് കുന്നുകളില്‍ ഇസ്രയേലിന് ഏല്‍പ്പിച്ച ആഘാതങ്ങള്‍, ഹോസ്‌നി മുബാറക്കിനെ ദേശീയ ഹീറോയാക്കി. അടിച്ചമര്‍ത്തലും പൊലീസ്-സൈനിക ക്രൂരതകളും നിറഞ്ഞതായിരുന്നു ഹോസ്‌നി മുബാറക്കിന്റെ ഭരണകാലം.

Eng­lish Sum­ma­ry; Egyp­t’s for­mer Pres­i­dent Hos­ni Mubarak die

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.