Janayugom Online
പുറത്താക്കപ്പെട്ട എം പിമാര്‍ പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്നു

കർഷകബില്ലിനെതിരെ പ്രതിഷേധം; എംപിമാരെ പുറത്താക്കി

Web Desk

ന്യൂഡൽഹി

Posted on September 21, 2020, 10:34 am

കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യസഭയിൽ പ്രതിഷേധമുയർത്തിയതിന്റെ പേരിൽ എളമരം കരീം, കെ കെ രാഗേഷ് ഉള്‍പ്പെടെ എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. സഞ്ജയ് സിങ്, ഡെറിക് ഒബ്രയാന്‍, റിപുന്‍ ബോറ, ഡോല സെന്‍, സയ്യിദ് നാസിര്‍ ഹുസൈന്‍, രാജീവ് സത്വ എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സഭയിലുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് രാജ്യസഭാ ചെയര്‍മാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. എം പിമാരുടെ പെരുമാറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. എം പിമാരെ സസ്‌പെന്‍ഡ് ചെയ്തതോടെ സഭ വീണ്ടും കലുഷിതമായി. സസ്‌പെന്‍ഷനു വിധേയരായവർ സഭ വിട്ടു പുറത്തു പോകാതിരുന്നതോടെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു.

രാജ്യസഭ പാസ്സാക്കിയ കാര്‍ഷിക ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെടാന്‍ പന്ത്രണ്ട് പാര്‍ട്ടികളുടെ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. കോണ്‍ഗ്രസ് എം പി ശക്തിസിങ് ഗോഹിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എംപിമാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ സസ്‌പെന്‍ഡ് ചെയ്ത എം പിമാര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ ധര്‍ണ നടത്തി. അതിനിടെ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയം സാങ്കേതികത്വം ഉന്നയിച്ച് രാജ്യസഭ ചെയര്‍മാന്‍ തള്ളി. അവിശ്വാസ പ്രമേയം ശരിയായ ഫോർമാറ്റിലല്ലെന്ന കാരണം പറഞ്ഞാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളിയത്. സഭയിലെ 47 അംഗങ്ങളില്‍ നിന്ന് ഡെപ്യൂട്ടി ചെയര്‍മാനെതിരെ അവിശ്വാസ കത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നിയമപ്രകാരം അവിശ്വാസ പ്രമേയം അനുവദനീയമല്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.

കർഷക ബില്ലിൽ ഒപ്പ് വയ്ക്കരുത്: രാഷ്ട്രപതിക്ക് കത്തയച്ച് 18 പ്രതിപക്ഷ പാർട്ടികൾ

രാജ്യസഭ പാസാക്കിയ രണ്ട് കർഷക ബില്ലിൽ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ബിൽ കേന്ദ്ര സർക്കാർ അവരുടെ നയംപോലെ തന്നെ അടിച്ചേൽപ്പിക്കുകയായിരുന്നു. ഈ ബില്ലിന് അംഗീകാരം നൽകരുതെന്നും പ്രതിപക്ഷം കത്തിൽ ആവശ്യപ്പെട്ടു. ഇടത് പാർട്ടികൾ, കോൺഗ്രസ്, എൻസിപി, ഡിഎംകെ, എസ്‌പി, തൃണമൂൽ കോൺഗ്രസ്, ആർജെഡി തുടങ്ങിയ പാർട്ടികളിലെ നേതാക്കളാണ് കത്തയച്ചിരിക്കുന്നത്. ബിൽ പാസാക്കിയത് ഭരണഘടനാ വിരുദ്ധമായാണ്. വിഷയത്തിൽ ഇടപെടണമെന്നും ബില്ലിൽ ഒപ്പ് വയ്ക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജനാധിപത്യ ഹത്യ എന്നാണ് ബിൽ അവതരിപ്പിച്ച രീതിയെ കത്തിൽ പ്രതിപക്ഷം വിശേഷിപ്പിച്ചത്. ബില്ലിൽ ഒപ്പ് വയ്ക്കരുതെന്നാവശ്യപ്പെട്ട് ശിരോമണി അകാലിദളും രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയിട്ടുണ്ട്. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകൾ ഇനി രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും.

 

Eng­lish sum­ma­ry: Eight Mps sus­pend­ed for a week

You may also like this video: