റെജി കുര്യൻ

ന്യൂഡല്‍ഹി

March 22, 2020, 10:50 pm

സമ്പൂർണ്ണ അടച്ചിടൽ: എട്ട് സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

Janayugom Online

കൊറോണയിൽ രാജ്യം സ്തംഭിക്കുന്നു. രോഗബാധ രൂക്ഷമായ എട്ട് സംസ്ഥാനങ്ങൾ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ കടുത്ത നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്രസര്‍ക്കാർ ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ രാജ്യത്ത് പൂർണ്ണമായിരുന്നു. വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡിഷ, ബിഹാർ, നാഗാലാൻഡ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഈ മാസം അവസാനം വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. അവശ്യ സേവന സർവീസുകൾ തുറന്ന് പ്രവര്‍ത്തിക്കും.

വിവിധ സംസ്ഥാനങ്ങൾ ജനതാ കർഫ്യൂവിന്റെ കാലാവധി നീട്ടുകയും ജില്ലകൾ തിരിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് 19 ഏറ്റവും അധികം റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ സമൂഹ വ്യാപനം സംശയിക്കുന്നുണ്ട്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദേശം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ എല്ലാ സ്വകാര്യ ഓഫീസുകളും പൂർണമായി അടച്ചിടും. സ്ഥാപനങ്ങളിലെ സ്ഥിരം, കരാർ തൊഴിലാളികൾക്ക് ഈ ദിവസങ്ങളിലെ വേതനം നൽകും.

ശമ്പളം നൽകണമെന്ന് കമ്പനി അധികൃതർക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഡൽഹിയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. പ്രൈവറ്റ് ബസുകൾ, സർക്കാർ ബസ് സർവീസുകൾ, ഓട്ടോ റിക്ഷകൾ, ഇ- റിക്ഷകൾ എന്നിവ അനുവദിക്കില്ല. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 25 ശതമാനം ബസുകൾ അവശ്യസാധനങ്ങൾ കൊണ്ടുപോകുന്നതിനായി സർവീസ് നടത്തും. അത്യാവശ്യങ്ങൾക്കായി റോഡിൽ ഇറങ്ങുന്നവരിൽ നിന്നും തെളിവുകൾ ചോദിക്കരുതെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കെജ്‌രിവാൾ അറിയിച്ചു. രാജസ്ഥാനിൽ പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടലിൽ മരുന്നും ഭക്ഷ്യ വസ്തുക്കളും വില്ക്കുന്ന കടകൾ ഒഴികെ എല്ലാ കടകളും ഉൾപ്പെടും. പൊതുഗതാഗത സംവിധാനങ്ങളും ഉണ്ടാകില്ല. ഗുജറാത്തിൽ അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട് എന്നീ നഗരങ്ങൾ അടച്ചിട്ടുണ്ട്. പതിനൊന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പഞ്ചാബിൽ അടച്ചിടൽ പ്രഖ്യാപനമുണ്ടായത്.

ഡല്‍ഹിയില്‍ നിരോധനാജ്ഞ

രാജ്യതലസ്ഥാനത്ത് മാര്‍ച്ച് 31 വരെ നിരോധനാജ്ഞ. ഇന്ന് രാത്രി മുതല്‍ ഉത്തരവ് നിലവിൽവന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള ജനതാ കര്‍ഫ്യൂ അവസാനിക്കുന്ന രാത്രി ഒമ്പതു മുതല്‍ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ് എന്‍ ശ്രീവാസ്തവ പുറപ്പെടുവിച്ചു. പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി കൂട്ടം ചേരല്‍, പച്ചക്കറികള്‍ ഒഴിയുള്ള വസ്തുക്കള്‍ക്കായുള്ള ആഴ്ച ചന്തകള്‍, വിനോദയാത്രകള്‍ തുടങ്ങിയവയ്ക്ക് നിരോധനം ബാധകമാണ്.

ട്രെയിന്‍ ഗതാഗതം നിർത്തി

കോവിഡ്-19 പടര്‍ന്നു പിടിക്കുന്നതു തടയാന്‍ രാജ്യത്തെ ട്രെയിന്‍ ഗതാഗതം മാര്‍ച്ച് 31വരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനം. അന്തര്‍ സംസ്ഥാന ബസ് സര്‍വീസും നിര്‍ത്തിവയ്ക്കും. കോവിഡ് ബാധയുടെ വ്യാപനം തടയാന്‍ ശക്തമായ നടപടികളുമായാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു പോകുന്നത്. രോഗബാധിതരെ സംരക്ഷിക്കാനുള്ള നടപടികള്‍ക്കൊപ്പം രോഗത്തിന്റെ വ്യാപനം തടയാനും സാധ്യമായ നടപടികളെല്ലാം സര്‍ക്കാരുകള്‍ സ്വീകരിച്ചു വരുന്നുണ്ട്.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ സംഖ്യയില്‍ ദിനംപ്രതി വര്‍ധനവാണ് ഉണ്ടാകുന്നത്. രോഗം കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പുറപ്പെട്ട ദീര്‍ഘദൂര ട്രെയിനുകള്‍ യാത്ര പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് റയില്‍വേയുടെ സേവനങ്ങള്‍ അവസാനിപ്പിക്കും. എന്നാല്‍ ചരക്കു നീക്കത്തിനുള്ള ട്രെയിനുകളുടെ സര്‍വീസ് തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിളിച്ചു ചേര്‍ത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ജനതാ കര്‍ഫ്യൂവിന്റെ പ്രതികരണങ്ങളും യോഗം വിലയിരുത്തി.

ജനങ്ങളില്‍നിന്നും എല്ലാ പിന്തുണയും കര്‍ഫ്യൂവിന് ലഭിച്ചതായി ചീഫ് സെക്രട്ടറിമാര്‍ യോഗത്തെ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 75 ജില്ലകളിലെ അവശ്യ സേവനങ്ങള്‍ മാത്രം ലക്ഷ്യമാക്കിയാല്‍ മതിയെന്ന് യോഗത്തില്‍ തീരുമാനമായി. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ജില്ലകളെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഈ പട്ടികയിൽ ഉള്‍പ്പെടുത്താവുന്നതാണ്. ഇതിനു വേണ്ട ഉത്തരവുകള്‍ സംസ്ഥാനങ്ങള്‍ പുറപ്പെടുവിക്കും. ഇതോടെ രാജ്യത്തെ 75 ജില്ലകള്‍ ക്വാറന്റൈന്‍ ചെയ്യപ്പെടും. മെട്രോ സബര്‍ബന്‍ ട്രെയിനുകളും സേവനങ്ങള്‍ അവസാനിപ്പിക്കും. അന്തര്‍സംസ്ഥാന ബസ്സ് സര്‍വീസിനും ഈ നിയന്ത്രണം ബാധകമാണ്. അവശ്യസാധനങ്ങളും സേവനങ്ങള്‍ക്കും ചരക്കുനീക്കത്തിനും നിയന്ത്രണങ്ങള്‍ ബാധകമാക്കിയിട്ടില്ല.

YOU MAY ALSO LIKE THIS VIDEO