ദുര്‍മന്ത്രവാദത്തിന്റെപേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം; എട്ട് വയസ്സുകാരനെ കൊലപ്പെടുത്തിയത് അയല്‍ക്കാര്‍

Web Desk
Posted on April 08, 2019, 9:28 pm

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ എട്ട് വയസ്സുകാരനെ കൊലപ്പെടുത്തിയ അയല്‍വാസിയായ സ്ത്രീയുള്‍പ്പെടെ നാലുപേരെ ഉന്നാവോ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നാവോയിലെ പര്‍മാണി ഗ്രാമത്തിലാണ് അരുംകൊല നടന്നത്. കുട്ടിയുടെ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീയും ഭര്‍ത്താവും മക്കളും ചേര്‍ന്നാണ് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയത്.
ദുര്‍മന്ത്രവാദം നടത്തുന്നതിനായി കുട്ടിയെ ബലികഴിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്തുള്ള കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആദര്‍ശാണ് കൊല്ലപ്പെട്ടത്. പ്രതികള്‍, കുളത്തിനുസമീപം മറവുചെയ്ത മൃതദേഹം തെരുവ് നായകള്‍ കടിച്ച് വെളിയിലിട്ടതോടെയാണ് സംഭവം വെളിയില്‍ വന്നത്.
ബുധനാഴ്ച മുതല്‍ കുട്ടിയെ കാണാതായിരുന്നു. കുട്ടിക്കായുള്ള തെരച്ചിലുകള്‍ നടക്കുന്നതിനിടെയാണ് കൊലപാതകം മാഖി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
കൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുട്ടിയുടെ അയല്‍ക്കാരായ റാണി, ഭര്‍ത്താവ് വിശ്രം, മകന്‍ സുരേന്ദ്ര എന്നിവരെയും മറ്റ് നാലുപേരെയും പൊലീസ് ചോദ്യം ചെയ്തു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്നതിനായി കുട്ടിയെ ബലി നല്‍കിയതാണെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെ ന്നും പ്രതികള്‍ വെളിപ്പെടുത്തി. പ്രദേശത്തുള്ള കുളത്തിന് സമീപം കുട്ടിയുടെ മൃതദേഹം മറവുചെയ്തുവെന്നും പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കി.
കേസില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇനിയും പിടികിട്ടാനുള്ള പ്രതികള്‍ക്കായി പൊലീസ് വന്‍തോതില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.