ജനുവരി എട്ടിലെ ദേശീയപണിമുടക്ക് വിജയിപ്പിക്കുക:സിപിഐ

Web Desk
Posted on January 01, 2020, 10:46 pm

തിരുവനന്തപുരം: തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ കൗൺസിൽ ജനുവരി എട്ടിന് ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അഭ്യർത്ഥിച്ചു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഈ മാസം ആറിന് സംസ്ഥാനത്തുടനീളം പ്രാദേശിക തലങ്ങളിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ സംഘടിപ്പിക്കാനും എല്ലാ ഘടകങ്ങളോടും യോഗം നിർദ്ദേശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കുന്നതിനായി ജനുവരി 26 ന് കേരളത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖല വൻ വിജയമാക്കാൻ രംഗത്തിറങ്ങാൻ എക്സിക്യൂട്ടീവ് മുഴുവൻ പാർട്ടി പ്രവർത്തകരോടും ജനങ്ങളോടും അഭ്യർത്ഥിച്ചു. കേരളത്തിൽ ഭൂപരിഷ്കരണ നിയമം സമ്പൂർണമായി നടപ്പിലായതിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് നാലിന് തൃശൂരിൽ നടക്കുന്ന സെമിനാറിനെ തുടർന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ രാജാജി മാത്യു തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി, കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ എന്നിവർ സംബന്ധിച്ചു. മുൻമന്ത്രി തോമസ് ചാണ്ടി, എം കെ നാരായണൻ (അരൂർ), ഛായാഗ്രാഹകൻ രാമചന്ദ്രബാബു എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

Eng­lish sum­ma­ry: Jan­u­ary 8 Nation­al Strike Win: CPI

‘you may also like this video’