18 March 2024, Monday

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇ കെ സമസ്ത നേതാവ് പൊതുവേദിയിൽ അപമാനിച്ചതായി ആരോപണം, വീഡിയോ വൈറല്‍

Janayugom Webdesk
കോഴിക്കോട്
May 9, 2022 7:41 pm

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇ കെ സമസ്ത നേതാവ് പൊതുവേദിയിൽ അപമാനിച്ചതായി ആരോപണം. ഇ കെ സമസ്ത നേതാവ് എം ടി അബ്ദുള്ള മുസ്ലിയാർക്കെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയര്‍ന്നത്. ഒരു മദ്രസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. ‘ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്, ’ എന്നാണ് അബ്ദുള്ള മുസ്ലിയാർ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറയുന്നത്. ഇതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു. വലിയ വിമർശനങ്ങളാണ് വീഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ‘ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? ഇനി മേലിൽ വിളിച്ചാൽ കാട്ടിത്തരാം. സമസ്തയുടെ തീരുമാനം ഇങ്ങക്ക് അറിയൂലേ?’- ഇതായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ ശാസന.
‘പെൺകുട്ടികൾ സ്റ്റേജിൽ കയറിയാലോ പൊതുരംഗത്ത് ഇറങ്ങിയാലോ ഒലിച്ചുപോകുന്നതാണ് ഇമ്മാതിരി മൊല്ലാക്കമാരുടെ വിശ്വാസം എങ്കിൽ അത് ഒലിച്ചു പോകുന്നതാണ് സമുദായത്തിനും സമൂഹത്തിനും നല്ലത് എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത് ’ എന്നാണ് ഇതിന്റെ വീഡിയോ പങ്കുവെച്ച് ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത്.

Eng­lish Sum­ma­ry: EK Samas­tha leader insults 10th class stu­dent in pub­lic, video goes viral

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.