ഏകകാമുകന്‍

Web Desk
Posted on August 25, 2019, 10:31 am

അനീഷ് ദേവരാജന്‍

ഞാന്‍ ആത്മഹത്യ
ചെയ്യുന്ന ദിവസം വീണ്ടും
ഒരു പ്രളയമുണ്ടാകും
എന്റെ മുഖത്തെ നരകള്‍
അരുവികളാകും
ചെറിയ കുടിലുകള്‍
കെട്ടുവള്ളങ്ങളാകും
എന്റെ മൂക്കില്‍ നിന്ന്
അണ പൊട്ടി രക്തമൊഴുകും
കൊട്ടാരങ്ങളില്‍
കപ്പല്‍ഛേദത്തിന്റെ
വാര്‍ത്തകള്‍ നിറയും
അന്തപ്പുരങ്ങള്‍
രത്‌നകുംഭങ്ങളെ സ്വപ്‌നം കാണും
എന്റെ കരളില്‍ കടലിന്റെ പ്രണയം
ഉപ്പു നിറയ്ക്കും
എന്റെ വൃക്കകളില്‍
ചിപ്പികള്‍ മുട്ടയിട്ടു പെരുകും
എന്റെ കുടലുകള്‍ നിറയെ
നീരാളികള്‍ നിറയും
എന്റെ ശ്വാസകോശത്തില്‍
ജീവജാലങ്ങള്‍ കെട്ടിമറിയും
എന്റെ തുടകളില്‍ മത്സ്യകന്യകള്‍
വെയില്‍ കായും
എന്റെ കാല്‍വിരലുകള്‍
തിമിംഗലങ്ങലങ്ങളുടെ
മുലക്കുപ്പിയാകും
എന്റെ കൈവിരലുകള്‍
മാത്രം ഭൂമിയുടെ മുലകളില്‍
അള്ളിപ്പിടിച്ചിരിക്കും
എത്ര വെട്ടിയിട്ടാലും
എന്റെ ലിംഗം ഏതു പ്രളയത്തിലും
ഏതു കടലില്‍ നിന്നും
ഒരനന്തനാഗം ഉയര്‍ത്തി
യുയര്‍ത്തി നിര്‍ത്തും
ഞാന്‍ പിന്നെയും ഭൂമിയെ
പ്രണയിക്കും, ജനിപ്പിക്കും
അനന്തമായി എന്റെയും
അവളുടെയും മക്കളെ
ഏതു മഴയും, ഏതു കൊടുങ്കാറ്റും
എതു പ്രളയവും ഞങ്ങളെ
അകറ്റില്ല;ഞാനും അവളും
കെട്ടിപ്പിടിച്ചു കിടക്കുന്ന
ഭൂമികള്‍, അല്ല ഒരേ ഭൂമി
ഞാന്‍ എന്നും അവളുടെ
ഏക കാമുകന്‍