3 March 2026, Tuesday

ഏകാകിയുടെ സഞ്ചാരഗീതങ്ങൾ

ഡോ. എ മുഹമ്മദ്കബീർ
February 28, 2026 7:32 pm

രിത്രത്തിന്റെ സഞ്ചാരത്തിൽ നിഷ്പക്ഷനായി നിൽക്കാനാവില്ലെന്ന് പറഞ്ഞത് അമേരിക്കൻ ചരിത്രകാരനായ ഹോവാർഡ് സിന്നാണ്. അടിച്ചമർത്തപ്പെട്ടവരുടെ പക്ഷത്തുനിന്ന് അമേരിക്കൻ ചരിത്രം വിശകലനം ചെയ്യുന്ന ‘എ പീപ്പിൾസ് ഹിസ്റ്ററി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്’ എന്ന കൃതിയിലൂടെ ലോകമെമ്പാടും അറിയപ്പെട്ട ഹോവാർഡ്സിൻ താനൊരു ഇടതുപക്ഷ അരാജകവാദിയായാണ് സ്വയം വിശേഷിപ്പിച്ചത്. മലയാളസാഹിത്യത്തിലും ഇത്തരമൊരു അരാജകവാദിയുടെ ചിത്രം മായാതെ നില്പുണ്ട്. കീഴാള ജനകീയചരിത്രനിർമ്മിതിയിലൂടെ മലയാളിമനസിൽ ഇടം നേടിയ ഒറ്റമരക്കാട് — പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണനെന്ന പി കെ ബാലകൃഷ്ണൻ. കേരളചരിത്രത്തെ പുനരെഴുത്തിലൂടെ പുതുക്കിനിർമ്മിച്ച അതുല്യശില്പിയാണ് പികെബി. അക്കാദമികലോകത്തിന്റെ അഹന്തകൾക്കുമേൽ ആഴത്തിൽ മുറിവേൽപ്പിച്ച തിരുത്തൽവാദിയായിരുന്ന പി കെ ബാലകൃഷ്ണൻ ചരിത്രകാരൻ, നോവലിസ്റ്റ്, വിമർശകൻ, സ്വാതന്ത്യ്രസരസേനാനി, രാഷ്ട്രീയനിരീക്ഷകൻ, വാഗ്മി എന്നിങ്ങനെ വൈവിധ്യങ്ങളുടെ ഏകരൂപമായിരുന്നു. ‘ഉറങ്ങാത്ത മനീഷി’യെന്ന് പ്രൊഫ. എം കെ സാനു വിശേഷിപ്പിച്ച പി കെ ബാലകൃഷ്ണന്റെ എഴുത്തും ജീവിതവുമാകട്ടെ തീർത്തും സമരഭരിതവും. 

പൊതുമണ്ഡലത്തിൽ സജീവമായി നിലനിൽക്കുന്ന ജാതിയുടെ ബലതന്ത്രത്തെ എഴുത്തിലൂടെ ദുർബലപ്പെടുത്തിയ ധൈഷണികവിപ്ലവകാരിയാണ് പി കെ ബാലകൃഷ്ണൻ. സമുദായചരിത്രങ്ങളിലെ ജാത്യാഭിമാനം വെറും പൊങ്ങച്ചങ്ങൾ മാത്രമാണെന്നും കേരളത്തിലെ ജാതിവ്യവസ്ഥ ഇത്തരം മിഥ്യകളാൽ നിർമിതമാണെന്നും തന്റെ രചനകളിലൂടെ അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. കേരളചരിത്രവുമായി ബന്ധപ്പെട്ടിറങ്ങിയ എല്ലാ ചരിത്രപുസ്തകങ്ങളും സ്വജാതി പ്രതിപാദന പുസ്തകം മാത്രമാണെന്ന അദ്ദേഹത്തിന്റെ സത്യദർശനപ്രസ്താവം വലിയ ചലനങ്ങളുണ്ടാക്കി. ജാതിയില്ലാത്ത മനുഷ്യരുടെ ലോകമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ജാതിയുമായി ബന്ധപ്പെട്ട എല്ലാ പ്രതീകങ്ങളെയും കീഴാളപക്ഷത്തുനിന്ന് വ്യാഖ്യാനിക്കാനായിരുന്നു പി കെ ബാലകൃഷ്ണൻ ശ്രമിച്ചത്. 

എരിയുന്ന മഹാവനത്തിന്റെ തീക്ഷ്ണഭാവം പേറുന്ന വാക്കുകൾക്കുടമയായിരുന്നു പി കെ ബാലകൃഷ്ണൻ. കുതറിത്തെറിച്ച ചിന്തകളിലെ വന്യനോട്ടങ്ങളിൽ യാഥാസ്ഥിതികതയുടെ നെടുങ്കോട്ടകളാണ് തകർന്നുവീണത്. നിർഭയത്വത്തിന്റെ സർഗാത്മകജാഗ്രതയിൽ വേനൽമഴയുടെ മുഴക്കവും ധൈഷണികതയുടെ പ്രകാശവർഷവുമുണ്ടായിരുന്നു. നിരന്തരകലഹത്തിന്റെ ഒത്തുതീർപ്പുകളില്ലാത്ത വഴിത്താരയിലൂടെ ഏകാന്തപഥികനായി നെഞ്ചുറപ്പോടെ അയാൾ നടന്നു. പോരാളിക്ക് മരണവും ജീവിതവും ഒരുനാണയപ്പുറത്തെ ഇരുകാഴ്ച മാത്രമെന്ന് അദ്ദേഹം വിശ്വസിച്ചു. അടിയാളനായി നിന്ന് അമരനാകേണ്ടതില്ലെന്ന തീർപ്പായിരുന്നു പി കെ ബാലകൃഷ്ണനെ നയിച്ചത്. സഹോദരനയ്യപ്പനെപ്പോലും ചോദ്യമുനയുടെ നിശിതത്വത്തിൽ കുരുക്കിയ കാർക്കശ്യമാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കിയത്. സഹോദരനെപ്പോലെയുള്ള സമുദായവാദികൾ കാലഹരണപ്പെട്ടെന്ന പികെബിയുടെ ഇടിവെട്ട് വാക്കുകൾ ഞെട്ടലിന്റെ അക്ഷരസാക്ഷ്യമായി. പികെബിയെന്ന ധിക്കാരിയുടെ ഇടനെഞ്ചിലൊതുക്കിയ തന്റേടത്തിന്റെ കണികാബലത്തിൽ ആകൃഷ്ടനായ സഹോദരനയ്യപ്പൻ മിടുക്കനായ ചെറുപ്പക്കാരനെന്ന വിശേഷണം അദ്ദേഹത്തിനു നൽകി. വിയോജിപ്പിനെപ്പോലും വിശേഷണമായി കണ്ട അയ്യപ്പന്റെ ഹൃദയത്തിളക്കത്തിലലിഞ്ഞ് അവർ പിന്നെ ഒന്നായി. മഹാത്മാഗാന്ധി പോലും വിമർശനത്തിനതീതനല്ലെന്ന ചിന്തയായിരുന്നു പികെബിക്ക്. മതാന്ധവിശ്വാസത്തെ രാഷ്ട്രീയത്തിനുവേണ്ടി ചൂഷണം ചെയ്യുന്നതിനു പകരം രാഷ്ട്രീയത്തെയാകെത്തന്നെ അന്ധാനുഷ്ഠാനഭരിതമാക്കിയ ഒരു വ്യക്തി എന്നായിരുന്നു ഗാന്ധിക്കു നേരെയുള്ള പികെബിയുടെ ശരമൊഴി. 

പഠിക്കാൻ മിടുക്കനായിരുന്നിട്ടും പി കെ ബാലകൃഷ്ണന്റെ മനസിൽ ജ്വലിച്ചത് സ്വാതന്ത്യ്രസമരവീര്യമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മലയാളത്തിന് സ്വർണമെഡൽ അദ്ദേഹം നേടിയിരുന്നു. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തുകൊണ്ട് എറണാകുളം മഹാരാജാസ് കോളജിൽ നിന്നും നേരെ പോയത് വിയ്യൂർ സെൻട്രൽ ജയിലിലേക്ക്. പഠനം മുറിഞ്ഞതോടെ ജീവിതത്തിൽ എഴുത്തും രാഷ്ട്രീയവും നിറഞ്ഞു. രാഷ്ട്രീയവഴികളിൽ കറുപ്പിന്റെ നിഴലിളക്കമറിഞ്ഞ് വഴിയൊഴിഞ്ഞെത്തിയത് പത്രപ്രവർത്തനത്തിൽ. എറണാകുളത്ത് ‘സർക്കിൾ ബുക്ക് ഹൗസ്’ എന്ന പുസ്തകശാലയുമായി ഏഴുവർഷം തുടർന്നു. അവിടെവച്ചാണ് വൈക്കം മുഹമ്മദ്ബഷീറുമായുള്ള അടുപ്പം തുടങ്ങുന്നത്. ദിനപ്രഭ, കേരളകൗമുദി എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. ബഷീറിന്റെ നിർദേശത്തിനു വഴങ്ങി മാധ്യമം ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായി. വിനീതദാസ്യത്തിന്റെ കുപ്പായമണിയാനൊരുക്കമില്ലാതെ വായനയും എഴുത്തുമുറപ്പിച്ച് നവലോക നിർമ്മിതിയിലാണ്ട ദിനങ്ങളായിരുന്നു പിന്നീട്. ജാതീയമായ വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളെല്ലാം. ഇതിലൂടെ നിഷേധി, ധിക്കാരി എന്നിങ്ങനെയുള്ള പര്യായപദങ്ങൾ കൊണ്ട് അനുഗൃഹീതനാവാനുള്ള ഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു. കലർപ്പില്ലാത്ത നിശിതചോദ്യങ്ങളുടെ കർത്താവായിരുന്നു അദ്ദേഹം. ആദ്യ കൃതിയായി പുറത്തുവന്നത് ‘ചന്തുമേനോൻ ഒരു പഠനം.’ അതൊരു നിരൂപണകൃതിയായിരുന്നു. നോവൽ സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ, മായാത്ത സന്ധ്യകൾ, എഴുത്തച്ഛന്റെ കല, ചില വ്യാസഭാരത പഠനങ്ങളും, നിദ്രാസഞ്ചാരങ്ങൾ എന്നിവയാണ് മറ്റ് നിരൂപണഗ്രന്ഥങ്ങൾ. പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ, ഇനി ഞാനുറങ്ങട്ടെ എന്നീ നോവലുകളും നാരായണഗുരു, ടിപ്പുസുൽത്താൻ, ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും എന്നിങ്ങനെ ചരിത്രം പ്രമേയമാകുന്ന കൃതികളും അദ്ദേഹത്തിന്റേതായുണ്ട്. ബയോഗ്രഫിക്കൽ ക്രിട്ടിസിസത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചുനടത്തിയ അദ്ദേഹത്തിന്റെ വിമർശനസമീപനത്തിൽ ചരിത്രാത്മകതയുടെ അംശങ്ങളുമുണ്ടായിരുന്നു. 

ചന്തുമേനോൻ ഒരു പഠനമെന്ന കൃതിയിലൂടെ മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവൽകർത്താവിനെ വിശകലനവിധേയമാക്കുന്നുണ്ട് പികെബി. കേരളീയനവോത്ഥാനത്തിൽ വിരിഞ്ഞ പ്രഥമപുഷ്പമാണ് ചന്ദുമേനോനെന്ന് അദ്ദേഹം വിലയിരുത്തുന്നു. നിരൂപകരൊന്നാകെ ഇന്ദുലേഖയിലെ പതിനെട്ടാമധ്യായത്തിനു നേരെ കലാപം ചൊരിഞ്ഞപ്പോൾ ചന്തുമേനോന്റെ ജീവിതവീക്ഷണം പ്രതിഫലിപ്പിക്കുന്ന ഒരേടാണതെന്നും പതിരില്ലാത്തതാണ് പതിനെട്ടാമധ്യായമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുകയുണ്ടായി. കുമാരനാശാന്റെ കാവ്യകലാതത്വങ്ങളെ ആഴത്തിലന്വേഷിക്കുന്ന കൃതിയാണ് കാവ്യകല കുമാരനാശാനിലൂടെ. അധ്യാത്മരാമായണം എഴുത്തച്ഛന്റെ കൃതിയാണോ ഭാഷാന്തരീകരണമാണോ എന്ന ആഴമുള്ള അന്വേഷണത്തിനുശേഷം അത് എഴുത്തച്ഛന്റെ സ്വന്തം കൃതിയെന്ന് സമർത്ഥിക്കുകയാണ് എഴുത്തച്ഛന്റെ കാവ്യകല എന്ന ഗ്രന്ഥത്തിൽ. ടിപ്പുസുൽത്താനെ ചരിത്രവക്രീകരണ ദാതാക്കളുടെ കാഴ്ചയിലല്ല പികെബി കണ്ടത്. കമ്മ്യൂണലിസ്റ്റെന്ന കാവിലേബലിനു പകരം ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നയിച്ച വീരയോദ്ധാവെന്ന വിശേഷണമാണ് ടിപ്പുവിന് പികെബി നൽകിയത്. ടിപ്പുവിനെപ്പറ്റിയുള്ള മിത്തുകളുടെ തകർച്ച ഈ കൃതിയിൽ പൂർണമാകുന്നു. ടിപ്പുവിനെക്കുറിച്ച് മലയാളത്തിലുണ്ടായ ആധികാരികമായ ഈ പുസ്തകം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. “ഈ പുസ്തകം കണ്ടതായിപ്പോലും നമ്മുടെ ബുദ്ധിജീവികളായ കള്ളന്മാർ ഭാവിച്ചില്ലല്ലോയെന്ന്” പികെബി പരിഹസിച്ചു. ശ്രീനാരായണഗുരുവിനെക്കുറിച്ച് സമഗ്രവിവരം ലഭിക്കുന്ന കൃതിയാണ് ശ്രീനാരായണഗുരു. ഇതൊരു സമാഹാരഗ്രന്ഥമാണെങ്കിലും അതിനുപിന്നിലുള്ള പരിശ്രമം കണക്കിലെടുത്ത് അതൊരു സ്വതന്ത്രകൃതിയായാണ് പരിഗണിച്ചുപോരുന്നത്. അംബേദ്കറിനെ ഇഷ്ടമായിരുന്ന പികെബിക്ക് മഹാത്മാഗാന്ധിയുടെ പല പ്രവർത്തനങ്ങളോടും വിയോജിപ്പുണ്ടായിരുന്നു. മഹാത്മാഗാന്ധിയെക്കുറിച്ച് നിരന്തരം പഠിച്ച അദ്ദേഹം ഗാന്ധിജിയുടെ ദാർശനികപ്പെരുമയിലും ജീവിതരീതിയിലും വിസ്മയംകൊണ്ടു. ഗാന്ധിയെക്കുറിച്ച് ഒരു പുസ്തകരചന സാധ്യമാക്കണമെന്ന് ആഗ്രഹിച്ചുവെങ്കിലും ആ മഹാപർവതത്തെ അക്ഷരങ്ങളിലൊതുക്കാനാവില്ലെന്ന പക്ഷക്കാരനായിരുന്നൂ പികെബി. തിരുവനന്തപുരം ഉദാരശിരോമണി റോഡിൽ സ്വയംരൂപകല്പന ചെയ്ത വീട്ടിലിരുന്ന് നിരന്തരം വായിച്ചുമെഴുതിയും തന്റെ സമരഭരിതജീവിതത്തെ അദ്ദേഹം സർഗാത്മകമാക്കി. 

കടമ്മനിട്ട രാമകൃഷ്ണൻ, കെ അയ്യപ്പപ്പണിക്കർ, ഡോ. എം ഗംഗാധരൻ എന്നിവർ അടുത്ത സുഹൃത്തുക്കളായിരുന്നു. നോവൽ സിദ്ധിയും സാധനയും എന്ന കൃതിയുടെ അവതാരിക അയ്യപ്പപ്പണിക്കരുടേതാണ്. നോവൽരചനയെ സംബന്ധിച്ച അക്കാദമിക ബോധ്യങ്ങളാലംകൃതമായ ഈ കൃതിയിൽ നോവൽ രചനാരീതി, കഥാപാത്രചിത്രീകരണം, നോവൽ രചനയ്ക്കു പിന്നിലുള്ള സിദ്ധിയും സാധനയുമെല്ലാം വെളിവാക്കുന്നു. മലയാളത്തിൽ നല്ല നോവലുകളുണ്ടെങ്കിലും മഹത്തായ നോവലുകളില്ലെന്ന തീർപ്പിലേക്ക് അദ്ദേഹം എത്തുന്നത് കൃത്യമായ ന്യായവിചാരത്തിലൂടെയാണ്. വാക്കുകളിലെ സ്ഫടികത്തിളക്കവും കർക്കശമായ ചരിത്രബോധവുമാണ് പികെ ബാലകൃഷ്ണനെ വ്യത്യസ്തനാക്കുന്നത്. മലയാളത്തിന്റെ പ്രിയകവി കുഞ്ഞുണ്ണിമാഷിന്റെ കവിതകളെ ‘ലില്ലിപ്പുട്ടിയൻ കവിത’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രണ്ട് നോവലുകളാണ് പികെ രചിച്ചത്. പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ ആത്മകഥാപരമാണ്. പ്ലൂട്ടോ എന്ന നായ കഥാപാത്രമാകുന്ന ഈ നോവലിൽ കഥാകാരനും സുഹൃത്തുക്കളുമെല്ലാം കഥാപാത്രങ്ങളാണ്. പി കെ ബാലകൃഷ്ണൻ ഇഷ്ടം പുലർത്തിയിരുന്ന ഈ നോവലിന് കലാമൂല്യം കുറവാണെന്നായിരുന്നു എം കൃഷ്ണൻനായരുടെ അഭിപ്രായം. വ്യാസഭാരതത്തിലെ ചില മൗനങ്ങളുടെ പൂരണമാണ് ഇനി ഞാൻ ഉറങ്ങട്ടെ. ദ്രൗപദിയിലൂടെ ഒഴുകുന്ന കഥാഘടനയിൽ കർണവിസ്മയങ്ങളുടെ ഉള്ളടരുകൾ കൂടി ചേർത്താണ് നോവൽ പൂർത്തിയാക്കിയിരിക്കുന്നത്. മഹാഭാരതത്തെ ഉപജീവിച്ച് മലയാളത്തിലിറങ്ങിയ ആദ്യനോവലാണിത്. കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനം, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വ്യാസമഹാഭാരതം എന്നീ കൃതികളിൽ നിന്ന് ഊർജം ശേഖരിച്ചാണ് ഈ നോവൽ എഴുതിയത്. 1974 ലെ സാഹിത്യ അക്കാദമി അവാർഡ്, 1978 ലെ വയലാർ അവാർഡ് എന്നിവ ഈ കൃതിക്കു ലഭിച്ചു. ധാർമ്മികതയുടെ രുചിമൂല്യമേറ്റുന്ന ഒട്ടേറെ ചോദ്യങ്ങളുയർത്തുന്ന ഈ നോവലിനെ ‘എട്ടരക്കട്ടയിലെഴുതിയ നിലവിളി’യെന്ന് എം കൃഷ്ണൻനായരുടെ ശകാരമുണ്ടായെങ്കിലും നോവൽ വായനക്കാരൊന്നടങ്കം നെഞ്ചേറ്റി. ആദർശം അലങ്കാരമാക്കിയ കർണന്റെ ആദർശധീരതയുടെ നിഴൽ പികെബിയിലുമുണ്ടായിരുന്നു. മൗലികത പുലർത്തുന്ന ചരിത്രഗ്രന്ഥമാണ് ജാതിവ്യവസ്ഥിതിയും കേരളചരിത്രവും. കാർഷികഗ്രാമങ്ങളുടെ ആവിർഭാവം മുതലുള്ള കേരളസാമൂഹ്യചരിത്രം ഈ കൃതിയിൽ വായിക്കാം. 1850 മുതൽ 1890 വരെയുള്ള കേരളീയസാമൂഹികജീവിതത്തിന്റെ പ്രതിഫലനം ഈ കൃതിയിൽ കാണാം. 1925 മാർച്ച് രണ്ടിന് എറണാകുളത്തെ എടവനക്കാടാണ് പി കെ ബാലകൃഷ്ണൻ ജനിച്ചത്. രാഷ്ട്രീയഗുരുവായ മത്തായി മാഞ്ഞൂരാൻ, സഹോദരൻ അയ്യപ്പൻ, വൈക്കം മുഹമ്മദ്ബഷീർ എന്നിവരോട് മാത്രം അദ്ദേഹത്തിന്റെ മനസ് വിധേയപ്പെട്ടു. സ്വന്തം ശരിയെന്നും മറ്റുള്ളവരുടെ ശരിയെന്നും ശരിക്ക് രണ്ടുപക്ഷമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അതിർത്തികൾ മറികടക്കാതെ സ്വന്തം ശരികളിൽ ജീവിക്കാൻ ആർക്കും അവകാശമുണ്ടെന്ന വിശ്വാസക്കാരനായിരുന്നു പി കെ ബാലകൃഷ്ണൻ. യുദ്ധമെന്നാൽ നേരിട്ടുള്ള യുദ്ധമാകണമെന്നും ഒളിയുദ്ധങ്ങൾ യഥാർത്ഥയുദ്ധങ്ങളെ സൂചിപ്പിക്കുന്നില്ലെന്നും വിശ്വസിച്ച യഥാർത്ഥ വിപ്ലവകാരിയായ പി കെ ബാലകൃഷ്ണന്റെ ജന്മശതാബ്ദിവർഷമാണിത്. 

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.