20 April 2024, Saturday

ഏകാന്തതയുടെ കടൽ കാലത്തോട് പറയുന്നത്

പി കെ അനില്‍കുമാര്‍
January 29, 2023 9:37 am

സംഗീതം പൊഴിക്കുന്ന വാക്കുകൾ കൊണ്ട് തീർത്ത ഭാവ ശില്പമാണ് ബീന സജീവിന്റെ ഏകാന്തതയുടെ കടൽ എന്ന കഥാസമാഹാരം. എന്നാൽ ആർദ്രമായ അനുഭൂതികളുടെ കേവല ലാവണ്യാ വിഷ്കാരങ്ങളല്ല ഈ സമാഹാരത്തിലെ കഥകൾ. ഒരോ വായനയിലും പുതിയ പുതിയ ഭാവതലങ്ങളുടെ പ്രകാശ രേണുക്കൾ വായനക്കാരന്റെ ഹൃദയത്തിൽ നിറയുന്നുണ്ട്. സാമ്പ്രദായിക കഥകളുടെ ഘടനകളെ അട്ടിമറിച്ചുകൊണ്ടാണ് ബീന സജീവ് ഏകാന്തതയുടെ കടൽ തീർക്കുന്നത്. ധൈഷണികമായ ഒരു വായന ഈ കഥാസമാഹാരം ആവശ്യപ്പെടുന്നുണ്ട്. എങ്കിൽപോലും ബൗദ്ധിക ദുരൂഹതയുടെ കളങ്ങളിൽ ഇതിലെ കഥകൾ വായനക്കാരനെ തളച്ചിടുന്നില്ല. സാമൂഹിക പ്രതിബദ്ധതയുടെ രാകി മിനുക്കപെട്ട ആഗ്നേയങ്ങൾ കഥകളിൽ നിന്നും ഉയിർ കൊള്ളുന്നു.
പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ജൈവ പാരസ്പര്യത്തിന്റെ ഭൂമികയിൽ നിന്നുമാണ് എകാന്തതയുടെ കടൽ പിറക്കുന്നത്. പ്രണയിനിയായ നിവേദിതക്കുള്ള കാമുകന്റെ ഡയറിക്കുറിപ്പായാണ് ഈ കഥയിലെ ആഖ്യാനം. എന്നാൽ ഈ കഥ പ്രണയാർദ്രതകളിൽ അഭിരമിക്കുന്ന ഒന്നല്ല. മറിച്ച് കത്തുന്ന കാലത്തിന്റെ കനലൊളികളാണ് ഈ കഥക്ക് വജ്ര ശോഭനൽകുന്നത്. “പ്രിയമുള്ളവളേ, ഈ കറുത്ത കാലം അവസാനിക്കുന്നതാണ്. നവരിയപെട്ട് പിടഞ്ഞു വീണ മരിച്ചവരൊക്കെ ഒരോ തീപ്പന്തമായി ജ്വലിച്ചുണരുമ്പോൾ, വീശുന്ന അഗ്നിയുടെ കാറ്റിന് എല്ലാ കറുത്ത ശക്തികളേയും ആഞ്ഞെറിയാൻ കഴിയും.” ഈ വാക്യങ്ങൾ ഈ കഥാസമാഹാരത്തിന്റെ കാതലായ ദർശനത്തെ വെളിപ്പെടുത്തുന്നു. 

അവസാനമില്ലാത്ത വഴികൾ എന്ന കഥ അവസാനിക്കുന്നതിങ്ങനെയാണ്, ‘മനസ്വിനിയുടെ ചിത്രത്തിലേക്ക് അപ്പോൾ ആർത്ത ചുണ്ടുകളും തീജ്വാലയുടെ നിറമുള്ള കണ്ണുകളുമുള്ള ഒരു കൂറ്റൻ കഴുകൻ പറന്നടുക്കുന്നുണ്ടായിരുന്നു’ അധിനിവേശ ശക്തികളുടെ ദംഷ്ട്രകളിൽപ്പെട്ട് ഇരകളാക്കപ്പെടുന്നവരുടെ ദീന ജീവിതവും അധിനിവേശത്തിനെതിരെയുള്ള സർഗപ്രതിരോധവും കൂടിയാണ് ഏകാന്തതയുടെ കടൽ എന്ന കഥാസമാഹാരം. ബിബ്ലിക്കലായ ബിംബങ്ങൾ കൊണ്ട് പ്രണയത്തിന്റെ വിശുദ്ധ സ്ഥലികളേയും സദാചാര ലോകത്തിന്റെ നൃശംസതകളേയും അടയാളപ്പെടുത്തുന്ന കഥയാണ് വീഞ്ഞ്.
കൊടുങ്കാറ്റുകൾ സൃഷ്ടിക്കുന്നത് എന്ന കഥ ആഖ്യാന ത്തിലും ക്രാഫ്റ്റിലും അനിതരസാധാരണമായ ലാവണ്യം പുലർത്തുന്നു. മനുഷ്യരാശിയുടെ ചരിത്രത്തിലെ അന്തസംഘർഷങ്ങൾ ഈ കഥ ആവിഷ്കരിക്കുന്നുണ്ട്. പുറപ്പാടിന്റെയും പലായനത്തിന്റെയും മനുഷ്യവംശഗാഥകളിൽ നിഴലും മേൽവിലാസവും ഇല്ലാത്തവരുണ്ട്. ദേശീയത വിനാശകരമായ ഒരു ആശയമാണെന്നും മനുഷ്യവംശത്തിന് മുകളിൽ ദേശീയത പ്രതിഷ്ഠിക്കുന്നത് വില കൊടുത്ത് രത്നങ്ങൾക്കു പകരം കുപ്പിച്ചില്ലുകൾ വാങ്ങുന്നതായാണ് ടാഗോർ പറഞ്ഞിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമങ്ങൾ ഉൾപ്പെടെയുള്ളവയുടെ പശ്ചാത്തലത്തിൽ ‘കൊടുങ്കാറ്റുകൾ സൃഷ്ടിക്കുന്നത്’ എന്ന കഥക്ക് ഏറെ പ്രസക്തിയുണ്ട്. ”കടലുകൾക്ക് തമ്മിൽ അതിർത്തികളില്ലാത്ത, ആകാശങ്ങൾക്ക് വേർതിരിവില്ലാത്ത ഒരു ലോകം അപ്പോൾ ഞങ്ങൾ ഓർത്തു. ഞങ്ങൾ ഏതു ഭാഷയിലാണ് ചിന്തിക്കുന്നതെന്ന്, ഒരു പുത്തൻ ഭാഷ എല്ലാ കടലുകളേയും താണ്ടി, എല്ലാ ആകാശങ്ങളേയും ഭേദിച്ച് ലോകമെമ്പാടും വീശുന്ന കാറ്റിലൂടെ പ്രസരിക്കുന്നുണ്ടായിരുന്നു.” ഈ വരികളിൽ വെളിപ്പെടുന്നത് കഥാകാരിയുടെ മാനവിക വീക്ഷണമാണ്
‘പൊന്തക്കാടുകൾ പറയുന്നത്’ എന്ന കഥയിൽ പൊന്തക്കാടിനപ്പോൾ മരിച്ച മനുഷ്യരുടെ മാത്രം ഗന്ധങ്ങളായിരുന്നു എന്ന് ബീന സജീവ് എഴുതുന്നുണ്ട്. ജനിയുടെ മുഖ്യധാരയിൽ നിന്നും അന്യവല്ക്കരിക്കപ്പെട്ട നിസ്വരുടെ വിലാപതുരുത്തുകളെയാണ് കഥയിൽ പൊന്തക്കാടുകൾ പ്രതീകവല്ക്കരിക്കുന്നത്. ‘കാണികളും കഥാപാത്രങ്ങളും’ എന്ന കഥ നാടിന്റെ അകമായ നാടകം ഈ ആസുര കാലത്തിന്റെ കാലുഷ്യങ്ങളിൽ എങ്ങനെ ഒരു ശമനതാളമാകുന്നുവെന്നാണ് ചിത്രീകരിക്കുന്നത്. പരിസ്ഥിതി ധ്വംസനത്തിന്റെ വിഭ്രാത്മക കാഴ്ചകൾ രംഗഭാഷയാക്കിയ നാടകത്തിന്റെ പ്രതിപാദനം വർത്തമാനകാലത്തിന്റെ നേർക്കാഴ്ചയാണ്. 

‘കാറ്റാടി മരങ്ങളുടെ ഗന്ധങ്ങൾ’ എന്ന കഥയുടെ ആന്തരികത ഒരു സാഹിത്യ വിമർശന പാഠമാണ്. പെൺ സ്വത്വത്തെ വികലമായി ആവിഷ്കരിക്കുന്ന എഴുത്തുകാർക്കെതിരേയുള്ള ഒരു സർഗപ്രതിരോധമാണ് ഈ കഥ. ‘നഗരങ്ങളുടെ മരണം,’ ‘സ്വപ്നാടനങ്ങളുടെ രാത്രി’ തുടങ്ങിയ കഥകൾ ആധുനികത അവശേഷിപ്പിച്ച ലാവണ്യമുദ്രകൾ പേറുന്നവയാണ്. സത്യാനന്തര കാലത്തിൽ പുതുഭാവുകത്വത്തോടെ ആധുനികതയുടെ സൗന്ദര്യശാസ്ത്രം ഏകാന്തതയുടെ കടൽ എന്ന കഥാസമാഹാരത്തിന്റെ മുഖ്യ സവിശേഷതയാണ്.
കടൽ, ഏകാന്തത എന്നിവ ഈ കഥാസമാഹാരത്തിൽ ആവർത്തിക്കപെടുന്ന ബിംബങ്ങളാണ്. ഈ രൂപകങ്ങളൊന്നും നിയാമക സാഹിത്യ രൂപങ്ങളിലെ കാല്പനിക ഭാവങ്ങളുടെ തരളതയായല്ല പ്രത്യക്ഷപെടുന്നത്. വൈയക്തികമായ സ്വാനുഭവങ്ങളേയാണ് ഏകാന്തത അടയാളപ്പെടുത്തുന്നതെങ്കിൽ പൗരസമൂഹത്തിന്റെ ജീവിതഗതി വിലയങ്ങളെയാണ് കടൽ പ്രതീകവല്ക്കരിക്കുന്നത്. അലസവായനക്കു പരിജാഗ്രത്തായ സ്വാംശീകരണത്തിലൂടെ മാത്രമേ ഏകാന്തതയുടെ കടലാഴങ്ങളെ ചുംബിക്കുവാൻ വായനക്കാരന് കഴിയുകയുള്ളു.

ഏകാന്തതയുടെ കടൽ
(കഥ)
ബീന സജീവ്
ചിന്ത പബ്ളിക്കേഷൻസ്
വില: 140 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.