വാലന്റൈന്‍ ദേവിയുടെ കണ്ണുനീര്‍, നമ്മുടേയും

Web Desk
Posted on August 18, 2019, 9:23 pm

Mattoliണിപ്പൂരിലെ എലന്‍ഗ്ബാം വാലന്റൈന്‍ ദേവീ എന്ന പെണ്‍കുട്ടി അവള്‍ക്ക് നാലോ അഞ്ചോ വയസുള്ളപ്പോള്‍ രണ്ട് ഗുല്‍മോഹര്‍ തൈകള്‍ വീടിന് സമീപത്തുള്ള നദിക്കരയില്‍ നട്ടുവച്ചു. അവള്‍ക്കൊപ്പം മരവും വളര്‍ന്നു. ഇപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വാലന്റൈന്‍ ദേവി ഇക്കാലമത്രയും വൃക്ഷത്തെ പരിപാലിച്ചുപോരുന്നതിനിടയിലാണ് നദിക്കരയിലൂടെയുള്ള റോഡ് വികസനത്തിന്റെ പേരില്‍ അവളുടെ ഗുല്‍മോഹര്‍ ഉള്‍പ്പെടെയുള്ള മരങ്ങളെ അധികൃതര്‍ വെട്ടിവീഴ്ത്തിയത്. സ്‌കൂള്‍ വിട്ടുവന്ന പെണ്‍കുട്ടി കാഴ്ച കണ്ട് വാവിട്ടു നിലവിളിക്കുന്ന ചിത്രം മാധ്യമങ്ങളിലെല്ലാം നിറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി അവളെ ആശ്വസിപ്പിക്കുകയും അവള്‍ക്ക് കൂടുതല്‍ വൃക്ഷത്തൈകള്‍ നല്‍കുകയും മണിപ്പൂര്‍ പ്രകൃതി-പരിസ്ഥിതി സംരക്ഷണത്തിന്റെ അംബാസിഡറാക്കുകയും ചെയ്തിരിക്കുകയാണ്.

ഈ കൊച്ചു പെണ്‍കുട്ടിയുടെ കണ്ണുനീര്‍ ഓരോ കേരളീയനും ഉള്‍ക്കൊള്ളേണ്ടുന്ന സമയം അതിക്രമിച്ചുകഴിഞ്ഞു. 2019 അത് ബോധ്യപ്പെടുത്തുന്നു. പ്രകൃതി സര്‍വംസഹയല്ലെന്നും പൊട്ടിത്തെറിക്കുമെന്നും ഒരു ദേവതാസങ്കല്‍പ്പത്തോടെ മാത്രമേ സമീപിക്കാവൂ എന്നുമൊക്കെയുള്ള പണ്ഡിതരുടെ മുന്നറിയിപ്പുകളെ വെറും കാല്‍പ്പനിക ജല്‍പ്പനങ്ങളായി കണ്ട് പുറന്തള്ളിയ ദുരാഗ്രഹങ്ങളുടെ കര്‍മഫലത്തില്‍ ദിശയറ്റുനില്‍ക്കുകയാണ് വീണ്ടും കേരളം.

കേരളോല്‍പ്പത്തിയെക്കുറിച്ചുള്ള പുരാവൃത്തങ്ങളിലെല്ലാം പറയുന്നത് ഈ ഭൂവിഭാഗമുണ്ടായത് പരശുരാമന്‍ ഗോകര്‍ണ്ണത്തുനിന്ന് കന്യാകുമാരിയിലേക്ക് മഴുവെറിഞ്ഞപ്പോള്‍ കടല്‍ പിന്‍വാങ്ങി ഉയര്‍ന്നുവന്ന കരപ്രദേശമാണെന്നാണ്. ആകാശമാര്‍ഗം പറന്നുവന്ന പരശുരാമന്റെ മഴുവാണ് കടല്‍ മാറി കരതെളിയുവാനുണ്ടായ കാരണമെങ്കില്‍ ഈ മഴു ഭൂമിയില്‍ പതിച്ചിട്ടുള്ള ഉല്‍ക്കകളില്‍ ഒന്നാവാനാണ് സാധ്യതയെന്നാണ് ശാസ്ത്രമതം. കടല്‍മാറി കരയായ ഏതാണ്ട് അഞ്ഞൂറ് മൈലോളം ദൈര്‍ഘ്യവും അന്‍പതു മൈലോളം വീതിയുമുള്ള ഒരു കൊച്ചു ഭൂവിഭാഗം വീണ്ടും പ്രളയവാരിധിയിലേക്ക് തന്നെ മടങ്ങുമെന്നാണ് തുടരുന്ന കെടുതികള്‍ നല്‍കുന്ന സൂചനകള്‍. ഇന്ത്യയിലെ പ്രകൃതിദുരന്ത സാധ്യത പട്ടികയില്‍ കേരളമാണ് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പൈതൃകമായ, കേരളം അതിരിടുന്ന പശ്ചിമഘട്ടത്തിന് പ്രകൃതി മാതാവിന്റെ സ്ഥാനമാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്നത്. കന്യകയോടാണ് മഹാകവി കാളിദാസന്‍ ഈ ഭൂവിഭാഗത്തെ ഉപമിച്ചിരിക്കുന്നത്. അഗസ്ത്യമല ശിരസായും, താഴെ അണ്ണാമലയും നീലഗിരിയും ഉയര്‍ന്ന മാറിടങ്ങളായും പരന്നുരുണ്ട കാനറ, ഗോവ മലകള്‍ മനോഹരമായ നിതംബങ്ങളായും, ഉത്തര സഹ്യാദ്രിമലകളെ നീട്ടിപിളര്‍ത്തിയ കാലുകളായും കാളിദാസന്‍ വര്‍ണിച്ചിരിക്കുന്നു. ഹരിത മേലാപ്പിന്റെ പച്ചപ്പട്ടണിഞ്ഞ് പ്രൗഢയായി വിരാജിച്ച പശ്ചിമഘട്ടമിന്ന് കീറത്തുണി ചുറ്റി നാണം മറയ്ക്കാന്‍ വെമ്പുന്ന അവസ്ഥയിലെത്തിയിരിക്കുന്നു.

ഈ ദുരവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിശ്രുത ജീവശാസ്ത്രജ്ഞന്‍ മാധവ് ധനഞ്ജയ ഗാഡ്ഗില്‍ 2011 ഓഗസ്റ്റ് 31ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു- ”പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്ക് തന്നെ മനസിലാകും. ഗാഡ്ഗില്‍ അന്ന് ദുരന്തം പ്രവചിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വലിപ്പം മറന്ന് അവമതിക്കുകയായിരുന്നു രാഷ്ട്രീയക്കാരും മതനേതാക്കന്‍മാരും.

‘ക്വാറികളുണ്ടായിട്ടും മഴ പെയ്തല്ലോ‘യെന്ന് ഒരു എംഎല്‍എ പരിഹസിച്ചപ്പോള്‍ ജെസിബി പോയിട്ട് കൈക്കോട്ടുപോലും വയ്ക്കാത്ത നിബിഡവനത്തില്‍ എങ്ങനെ ഉരുള്‍പൊട്ടി എന്നായിരുന്നു മറ്റൊരു എംഎല്‍എ ഉയര്‍ത്തിയ ചോദ്യം. ‘പ്രകൃതിയുടെ വിധിയെ ആര്‍ക്കും തടുക്കാനാവില്ലെന്നും നിയമങ്ങളില്‍ ഇളവ് വേണമെന്ന്’ ഒരു സാമാജികന്‍ വാദിച്ചപ്പോള്‍ എല്ലാ മാന്യതയുടെ അതിരും കടന്ന ‘ഗാഡ്ഗില്‍, ദുരന്തഭൂമിയിലെ ശവം തീനിക്കഴുകന്‍, എന്നായിരുന്നു ഒരു തോറ്റ എംപിയുടെ ഗുരുദോഷവചനം. പ്രളയക്കെടുതിയില്‍ കേരളം ഉത്തരം മുട്ടി നില്‍ക്കുമ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ല. കാലം പറയുന്നു ഗാഡ്ഗിലായിരുന്നു ശരിയെന്ന്.
മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരെ ശ്രദ്ധിക്കാതെ പ്രകൃതിചൂഷണം മുഖമുദ്രയാക്കിയ അതിസമ്പന്നരുടെ ആര്‍ത്തിക്ക് കുടപിടിച്ചവര്‍ ഗാഡ്ഗിലിനെ വെട്ടാന്‍ കസ്തൂരി രംഗനെ കൊണ്ടുവന്നു. കസ്തൂരിരംഗനും ഒടുവില്‍ പരിസ്ഥിതി പ്രദേശങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ അദ്ദേഹവും അനഭിമതനാകുന്നത് കാഴ്ചയായി. പിന്നെ ഉമ്മന്‍ വി ഉമ്മന്‍ ധാരാളം വെള്ളം ചേര്‍ത്ത റിപ്പോര്‍ട്ടുമായി വന്നപ്പോള്‍ സ്വീകാര്യമായി, പ്രകൃതിക്കൊഴികെ. അവള്‍ പ്രതികരിച്ചു. കേരളം ഇപ്പോള്‍ ദീനവിലാപങ്ങളാല്‍ വിലയം ചെയ്യപ്പെടുന്നു.
കേരളത്തിലെ ഏറ്റവും വലിയ പ്രളയം 1924 ജൂലൈയിലാണ് ഉണ്ടായത്. അതിന് മുമ്പ് 1341ല്‍ ഒരു വന്‍പ്രളയം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൊച്ചി-കൊടുങ്ങല്ലൂര്‍ അഴിയുടെ ഭൂപ്രകൃതി തന്നെ മാറ്റിമറിച്ചു. മഴയും പ്രളയവുമൊക്കെ കേരളത്തില്‍ കെടുതികള്‍ വര്‍ധിപ്പിക്കുന്നതിന് ഒരുകാരണം ജനവാസ സാന്ദ്രത അഭൂതപൂര്‍വമായി കൂടിയതാണ്. നമുക്ക് ലഭ്യമായിട്ടുള്ള അല്‍പമായ സ്ഥലം ഉപയോഗിക്കുന്നതില്‍ കാട്ടുന്ന അനാസ്ഥയും അത്യാഗ്രഹവും ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ട്. കുന്നുകളും മലകളും വാസസ്ഥലമായി മാറിക്കൊണ്ടിരിക്കുന്നത് ഒരു പുതിയ പ്രവണതയാണ്. മലകളില്‍ മരങ്ങളില്ലാതാകുമ്പോള്‍ ചെറിയ ഒഴുക്കില്‍പോലും മണ്ണിടിച്ചില്‍ ഉണ്ടാകുന്നു. മലകളിലെ ഏകവിള തോട്ടങ്ങളും അപകടകാരിയാണ്. വയലുകളിലെ നിര്‍മാണ പ്രവര്‍ത്തന നിരോധന നിയമത്തിന് ഇളവുകള്‍ വന്നതോടെ വെള്ളത്തിന് ഒഴുകിപോകാനും നീരൊഴുക്കിനും വഴിയില്ലാതായി. വേനല്‍ക്കാലങ്ങളില്‍ ചൂടുപിടിക്കുന്ന കരയിലെ ഉഷ്ണവായു മുകളിലേയ്ക്ക് പൊങ്ങി പകരം കടലില്‍ നിന്നുള്ള ശീതവായു കരയിലേക്ക് അടിച്ചുകയറുന്നതാണ് ഇന്ത്യന്‍ മണ്‍സൂണിന് കാരണമാകുന്നതെന്നാണ് ശാസ്ത്രവീക്ഷണം. കരയും കടലും തമ്മിലുള്ള തണുപ്പിന്റെയും ചൂടിന്റെയും അന്തരം ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കുന്നതുകൊണ്ട് മഴയുടെ ലഭ്യതയിലും മാറ്റങ്ങളുണ്ടാക്കും. കേരളത്തില്‍ ചൂട് അസഹനീയമായിക്കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഇത് കൂടുതല്‍ ബാഷ്പീകരണത്തിനും തുടര്‍ന്ന് പേമാരിക്കും ഇടയാക്കുകയാണ്. നമ്മുടെ പ്രകൃതിയെ വൃക്ഷലതാദികളാല്‍ തണുപ്പിക്കുകയാണ് പോംവഴി.
വാലന്റൈന്‍ ദേവിയുടെ കണ്ണുനീര്‍ ഈ അവസ്ഥയിലാണ് കേരളീയര്‍ ഉള്‍ക്കൊള്ളേണ്ടത്.
കേരളത്തിന്റെ നിര്‍മാണ വികസനത്തിന് മണ്ണും പാറക്കല്ലും ആവശ്യമില്ലേയെന്ന സ്വാഭാവിക ചോദ്യം ഉയര്‍ന്നുവന്നേക്കാം. അതിന് ഓരോ പ്രദേശത്തിന് അഭികാമ്യമായ വികസന നിര്‍മാണ പ്രവര്‍ത്തനം മാത്രമേ അവലംബിക്കാവൂവെന്ന് ഗാന്ധിജി സ്വരാജില്‍ പറഞ്ഞതാണ് ഉത്തരം. ദുര്‍ലഭമായ കേരളത്തിന്റെ പ്രകൃതി സ്രോതസുകളും വിഭവങ്ങളും കയറ്റുമതിക്കോ, കോര്‍പ്പറേറ്റുകള്‍ക്കോ വേണ്ടിയുള്ളതല്ലെന്ന് ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നു. അതിവൃഷ്ടിയും പ്രളയവും വരള്‍ച്ചയും കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന് പ്രകൃതിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് തരുമ്പോള്‍ ഈ കൊച്ചുപ്രദേശത്തെ ദുരമൂത്തവരുടെ കൈകളില്‍ നിന്ന് മോചിപ്പിക്കാനും വഴിതേടേണ്ടിയിരിക്കുന്നു.
പ്രകൃതി പഠിപ്പിക്കുന്നത് അതിന് മനുഷ്യനെന്നോ മൃഗമെന്നോ വകഭേദമില്ലെന്നാണ്.

മാറ്റൊലി: കയ്യേറ്റത്തിനും കുടിയേറ്റത്തിനും ഓശാന പാടുന്ന മതമേലാളന്‍മാരുടെ പുസ്തകത്തില്‍ പ്രളയദുരന്ത നിവാരണത്തിന് പോംവഴികളുണ്ടോ ആവോ?