December 3, 2022 Saturday

മുതിർന്ന വനിതകളുടെ സംഭാവനകളെ തിരിച്ചറിയുക അന്തസോടെ ജീവിക്കാൻ അവരെ പ്രാപ്തരാക്കാം

എസ് ഹനീഫാ റാവുത്തര്‍
October 1, 2022 5:45 am

മുതിർന്ന പൗരന്മാരുടെ ജനസംഖ്യ ലോകത്ത് അഭൂതപൂർവമായി വർധിക്കുകയാണ്. 2015ൽ ജനസംഖ്യയുടെ 12 ശതമാനമായിരുന്നു വയോധികർ. 2050 ആവുമ്പോൾ അത് ഇരട്ടിയിലധികമാവുമെന്ന് കണക്കാക്കപ്പെടുന്നു. ജനസംഖ്യയുടെ 22 ശതമാനം. ഓരോ സെക്കന്റിലും ലോകത്ത് രണ്ടുപേർ വീതം അറുപതാം ജന്മദിനം ആഘോഷിക്കുന്നുണ്ട്. ഇപ്പോൾതന്നെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളേക്കാൾ കൂടുതലാണ് മുതിർന്നവർ. വൃദ്ധജനങ്ങളിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്. 70 വയസുകഴിഞ്ഞ വയോജനങ്ങളിൽ 1000 പുരുഷന്മാരുടെ സ്ഥാനത്ത് 1600 സ്ത്രീകളാണുള്ളത്. പുരുഷന്മാരെക്കാൾ കൂടുതൽ കാലം സ്ത്രീകൾ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് അവരുടെ എണ്ണം വർധിക്കുന്നത്. വൃദ്ധരായ വിധവകളുടെ എണ്ണവും അതുകൊണ്ടുതന്നെ കൂടുതലാണ്. സ്ത്രീകളെന്ന നിലയ്ക്ക് ധാരാളം പരിധികളും പരിമിതികളും പ്രയാസങ്ങളും ആ വിഭാഗത്തിനുണ്ട്. വയസായ സ്ത്രീകളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. ലോകത്തിലെ നിരക്ഷരരുടെ മൂന്നിൽ രണ്ടും സ്ത്രീകളാണ്. അഭയാർത്ഥികളുടെ എൺപതുശതമാനവും അവരാണ്. സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ് അവർക്ക് സ്വന്തം. വരുമാനത്തിന്റെ പത്തിലൊന്നുമാത്രമാണ് അവരുടെ സമ്പാദ്യം. പാരമ്പര്യത്തിന്റെയും മതത്തിന്റെയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആചാരങ്ങൾ അവരെ വീടിനുള്ളിൽ തളച്ചിടുന്നതുകൊണ്ടാണ് വിദ്യാഭ്യാസത്തിലും വരുമാനത്തിലും അവർക്ക് മുന്നോട്ടുവരാൻ കഴിയാത്തത്. വാർധക്യത്തിൽ ഈ ഘടകങ്ങൾ അവരുടെ ജീവിതം കൂടുതൽ ദുഃസഹമാക്കുന്നു.

അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻവേണ്ടി അവർക്ക് കഷ്ടപ്പെടേണ്ടിവരുന്നു. ജനനം മുതൽ വാർധക്യംവരെ നീളുന്ന ജീവിതത്തിൽ സ്ത്രീയായതുകൊണ്ടുള്ള വേലിക്കെട്ടുകൾ അവരെ പിന്തുടരുന്നു. അവർ വളർത്തിവലുതാക്കിയ മക്കളും കൊച്ചുമക്കളും അവരുടെ സാഹചര്യങ്ങൾക്കും സൗകര്യങ്ങൾക്കുമായി അവരെ പ്രയോജനപ്പെടുത്തുന്നു. അവരെ വേണ്ടതുപോലെ സംരക്ഷിക്കാനും അന്തസോടെയുള്ള ജീവിതം നൽകാനും കഴിയുന്നില്ല. അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുൻഗണനകളിലോ പരിഗണനകളിലോ സ്ഥാനംപിടിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്. വൃദ്ധരായ സ്ത്രീകളുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും പരിഹാരനടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ വർഷത്തെ സാർവദേശീയ വയോജനദിനാചരണത്തിന്റെ പ്രമേയമായി ഐക്യരാഷ്ട്രസഭ മുതിർന്ന വനിതകളുടെ കഴിവും കരുതലും സംഭാവനയും തിരിച്ചറിയുക എന്ന സന്ദേശം തിരഞ്ഞെടുത്തിരിക്കുന്നത്. കുടുംബവും സമൂഹവും കെട്ടിപ്പടുക്കുന്നതിലും നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതിലും അവർ നൽകിയ സേവനങ്ങൾ തിരിച്ചറിയപ്പെടണം എന്ന സന്ദേശമാണ് ഐക്യരാഷ്ട്രസഭ നൽകുന്നത്. “സ്ത്രീകളോടുള്ള പരിഗണനയാണ് ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോൽ. സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുകമാത്രമാണ് ലോകക്ഷേമത്തിനുള്ള ഉപാധി’.


ഇതുകൂടി വായിക്കൂ: വരും വര്‍ഷങ്ങളില്‍ ജനസംഖ്യ കുറയുമെന്ന് പഠനം


സ്വാമി വിവേകാനന്ദന്റെ ഈ വാക്കുകളാണ് ഈ ദിനത്തിൽ ഭരണകൂടങ്ങളെയും സമൂഹത്തെയും നയിക്കേണ്ടത്. പ്രായഭേദമെന്യെ എല്ലാമനുഷ്യർക്കും അവരുടെ അന്തസും സമത്വവും പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന അജണ്ടയുടെ ലക്ഷ്യങ്ങളിൽ പ്രധാനം. അതിന് ആരോഗ്യത്തോടെയും ക്ഷേമത്തോടെയും ജീവിക്കാൻ എല്ലാവർക്കും അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പദ്ധതികളും പരിപാടികളും ഉണ്ടാവണം. സ്ത്രീകൾക്കുവേണ്ടി പ്രത്യേകിച്ചും. ഒക്ടോബർ ഒന്ന് സാർവദേശീയ വയോജനദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത് 1990 ഡിസംബർ 14ന് ചേർന്ന യുഎൻ ജനറൽ അസംബ്ലിയാണ്. അതിനുമുമ്പ് 1982ൽ യുഎൻ സംഘടിപ്പിച്ച “വേൾഡ് അസംബ്ലി ഓൺ ഏജിങ്”, വയോജന പ്രശ്നങ്ങൾ സംബന്ധിച്ച വിയന്നാ പ്രഖ്യാപനം എന്ന രേഖ അംഗീകരിക്കുകയുണ്ടായി. സ്വാതന്ത്യ്രം, പങ്കാളിത്തം, പരിരക്ഷ, ആത്മസാക്ഷാത്ക്കാരം, അന്തസ് എന്നീ മാർഗനിർദ്ദേശങ്ങളിലൂന്നിയുള്ള നയങ്ങളും പരിപാടികളും വയോജനങ്ങൾക്കുവേണ്ടി എല്ലാരാജ്യങ്ങളും പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഇതനുസരിച്ച് നയങ്ങളും പരിപാടികളും രാജ്യങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയെങ്കിലും അതൊന്നും കാര്യമായ ഫലങ്ങൾ ഉളവാക്കിയില്ല എന്ന് വയോജനങ്ങൾ ഇന്ന് നേരിടുന്ന വിവേചനങ്ങളും അവഗണനയും തെളിയിക്കുന്നു. ഇന്ത്യയിൽ 13 കോടി വയോജനങ്ങളാണുള്ളത്. ജനസംഖ്യയുടെ 10 ശതമാനം. കേരളത്തിലാകട്ടെ 48 ലക്ഷം വയോജനങ്ങളുണ്ട്. ജനസംഖ്യയുടെ 15 ശതമാനമാണിത്. വയോജനങ്ങളിൽ മൂന്നിലൊന്നുപേർ ഗുരുതരമായി രോഗം ബാധിച്ചവരാണ്.

2025 ആകുമ്പോ ഴേക്ക് കേരളത്തിൽ ഒരുകോടിയിലേറെ ജനങ്ങൾ വയോജനങ്ങളായിരിക്കും. കാഴ്ചയും കേൾവിയും കുറഞ്ഞവരും ഇല്ലാത്തവരും അൾഷിമേഴ്സ് ബാധിച്ചവർ, ചലനശേഷി നശിച്ചവർ, പ്രമേഹം, കാൻസർ, ഹൃദ്രോഗം, കൊളസ്ട്രോൾ, വാതം, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ എന്നിങ്ങനെ വൃദ്ധരോഗികളെക്കൊണ്ട് വീടുകൾ നിറയും. വീടുകളിൽ ഇവരെ ശുശ്രൂഷിക്കാൻ പറ്റിയ ആളുകൾ കുറവായിരിക്കും. ബന്ധുക്കൾ മാനസികമായും സാമ്പത്തികമായും തകരും. അറുപതിനു മുകളിൽ പ്രായമുള്ള രണ്ടു തലമുറകൾ അച്ഛനും മകനും അല്ലെങ്കിൽ അമ്മയും മകളും വൃദ്ധരായി വീടുകളിൽ കഴിയുന്ന സ്ഥിതിയുണ്ടാകും. വൃദ്ധരെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത് മാത്രമല്ല ആലോചനാവിഷയമായിട്ടുള്ളത്. മരിക്കുന്നതുവരെ അവരെ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നതും ഗൗരവമായി ചിന്തിക്കേണ്ടതാണ്. അന്തർദേശീയ ദിനാചരണങ്ങൾ ഐക്യരാഷ്ട്രസഭയുടെ തുടക്കംമുതൽതന്നെ പ്രഖ്യാപിച്ചുപോന്നിരുന്ന ഒന്നാണ്. പ്രശ്നങ്ങളിലേക്ക് ജനങ്ങളുടെയും ഭരണാധികാരികളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ശ്രദ്ധതിരിക്കുക, അവരെ ബോധവല്ക്കരിക്കുക, അന്തർദേശീയ പ്രശ്നങ്ങൾക്ക് പരിഹാരം തേടുക. മനുഷ്യരാശിയുടെ നേട്ടങ്ങൾ ആഘോഷമാക്കുക എന്നതുമാത്രമല്ല ദിനാചരണങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്. അവകാശങ്ങളും കടമകളും ഓർമ്മിപ്പിക്കാനുള്ള ശക്തമായ ഒരു ആയുധമായിട്ടാണ് ദിനാചരണത്തെ ഐക്യരാഷ്ട്രസഭ കാണുന്നത്. 1982ൽ വിയന്നയിൽ നടന്ന വേൾഡ് അസംബ്ലി ഓൾ ഏജിങ് ഐക്യരാഷ്ട്രസഭയുടെ ആശങ്കകൾ ലോകത്തെ അറിയിച്ചു. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ അവസാനിപ്പിക്കണമെന്ന് അസംബ്ലി ആഹ്വാനംചെയ്തു.


ഇതുകൂടി വായിക്കൂ:  ഏകീകൃത വ്യക്തിനിയമവും ജനസംഖ്യാ നിയന്ത്രണ ബില്ലും


വൃദ്ധരായ സ്ത്രീകൾക്ക് സാമൂഹ്യസുരക്ഷയും സാമൂഹ്യപങ്കാളിത്തവും നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് 1983ൽ നിർദ്ദേശിച്ചു. 1991ൽ നടന്ന 46-ാം സെഷനിൽ വൃദ്ധസ്ത്രീകളുടെ പ്രശ്നം പരിഹരിക്കാനുള്ള മാനദണ്ഡതത്വങ്ങളും യുഎൻ ജനറൽ അസംബ്ലി രൂപപ്പെടുത്തി. കൺവെൻഷൻ ഓൺ ദി എലിമിനേഷൻ ഓഫ് ഓൾ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷൻ എഗനസ്റ്റ് വിമൻ (സിഇഡിഎഡബ്ല്യു) എല്ലാ രാജ്യങ്ങൾക്കും ദിശാബോധം നൽകുന്ന നാഴികക്കല്ലായിരുന്നു. വൃദ്ധസ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ ഒരു ആയുധമാണ് സിഇഡിഎഡബ്ല്യു. അവർക്കെതിരെയുള്ള വിവേചനങ്ങൾ അവസാനിപ്പിക്കാനും അത് ഉപകരിക്കും. 2002ൽ യുഎസ് സംഘടിപ്പിച്ച വാർധക്യത്തെ സംബന്ധിച്ച രണ്ടാം സമ്മേളനവും 2010ൽ നടത്തിയ 45-ാമത് സിഇഡിഎഡബ്ല്യു സമ്മേളനവും വൃദ്ധരായ സ്ത്രീകളുടെ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുകയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകണമെന്ന് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകൾക്ക് ഉദ്ദേശിച്ച ഫലം കാണാത്ത സാഹചര്യത്തിലും കൂടിയാണ് ദിനാചരണത്തിന്റെ ഈ വർഷത്തെ സന്ദേശമായി വൃദ്ധസ്ത്രീകളുടെ പ്രശ്നങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഭൂതകാലത്തിലേക്കുള്ള വാതിലും ഭാവിയിലേക്കുള്ള വാതായനങ്ങളുമാണ് മുതിർന്നവർ. ഇന്നത്തെ തലമുറ നിർവഹിക്കുന്ന ഉത്തരവാദിത്തമാണ് ഭാവിതലമുറയെ രൂപപ്പെടുത്തുന്നത്. തലമുറകളായി കൈമാറിവരുന്ന ഒരു പ്രക്രിയയാണിത്. പ്രായമാവുക എന്നത് സ്വാഭാവികമായ കാര്യമാണ്. എല്ലാജീവികളും ജനനം മുതൽ മരണംവരെ കടന്നുപോകേണ്ട ആ പ്രക്രിയയിൽ താങ്ങും തണലും സാന്ത്വനവുമായി നിൽക്കേണ്ടതും മുതിർന്ന പൗരന്മാരുടെ പ്രത്യേകിച്ച് വനിതകളുടെ പ്രാധാന്യവും അവർ നൽകിയ സംഭാവനയും തിരിച്ചറിയേണ്ടതും അവരെ ആരോഗ്യത്തോടെ നിലനിർത്തേണ്ട ബാധ്യത നിറവേറ്റേണ്ടതും സമൂഹവും ഭരണകൂടവുമാണ്. അന്തർദേശീയ വയോജനദിനം ഇതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.