ആർ സുമേഷ് കുമാർ

പത്തനംതിട്ട

April 02, 2020, 9:37 am

തൊണ്ണൂറുകളിലും കോവിഡിനോട് പൊരുതി ജയിച്ച് വൃദ്ധ ദമ്പതികൾ

Janayugom Online

പ്രായം തൊണ്ണൂറുകളിലാണെങ്കിലും കോവിഡ് എന്ന മഹാമാരിയോട് പൊരുതാൻ തോമസും മറിയാമ്മയും മടിച്ചില്ല. അത്ഭുതകരമെന്നോണം ജീവിതത്തിലേക്ക് അവർ തിരിച്ചെത്തിയപ്പോൾ തുണയായത് മഞ്ഞിലും മഴയിലും മണ്ണിൽ പണിയെടുത്തുണ്ടായ അനുഭവ പരിചയം. 60 വയസിന് മുകളിൽ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്കിലാണ് പെടുത്തിയിരിക്കുന്നത്. ഇറ്റലിയിൽനിന്ന് എത്തിയ സ്വന്തം കുടുംബാംഗങ്ങളിൽനിന്ന് കൊറോണ ബാധിച്ച പത്തനംതിട്ട ഐത്തല സ്വദേശികളായ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കോവിഡിനെ വാർദ്ധക്യംകൊണ്ട് തോൽപ്പിച്ച് രോഗമുക്തി നേടിയത്.

പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരു ഘട്ടത്തിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ മരണക്കയത്തിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു. ഇതോടെ പത്തനംതിട്ടയിലെ അഞ്ചംഗ കുടുംബം രോഗമുക്തരായി.

രക്തസമ്മർദ്ദമടക്കമുള്ള രോഗങ്ങൾ രണ്ടു പേർക്കുമുള്ളതിനാലാണ് ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ മടിക്കുന്നത്. ഇത് ഭേദമായാൽ രണ്ടു ദിവസത്തിനകം ഇവർക്ക് ആശുപത്രിവിടാൻ കഴിയും. ഫെബ്രുവരി 29 നാണ് ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഈ വൃദ്ധ ദമ്പതികൾക്കും കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗമോചിതരായ വൃദ്ധ ദമ്പതികൾക്ക് എങ്ങനെയെങ്കിലും വീടുപറ്റിയാൽ മതിയെന്ന ആഗ്രഹമാണുളളത്. ഡോക്ടർമാരും നഴ്സുമാരും തരുന്ന ആഹാരം കഴിച്ച് ശീലമില്ലാത്ത ഇവർക്ക് വീട്ടിലെത്തി പഴങ്കഞ്ഞി കുടിക്കണം. ഒപ്പം സ്വന്തം പറമ്പിൽ വിളഞ്ഞു പാകമായ ചക്കയും കപ്പയും വേവിച്ച് മീൻകറിയും കൂട്ടി ഒരു പിടി പിടിക്കണം. ഇതെല്ലാമായാൽ ഞങ്ങളുടെ ക്ഷീണം പമ്പകടക്കുമെന്നും ഇരുവരും പറയുന്നു.

Eng­lish Sum­ma­ry; Elder­ly cou­ple sur­viv­ing COVID-19

YOU MAY ALSO LIKE THIS VIDEO