സരിത കൃഷ്ണൻ

 കോട്ടയം

November 10, 2020, 5:00 am

കോട്ടയം: വികസനം മുൻനിർത്തി നേടാൻ എൽഡിഎഫ്

Janayugom Online

സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ചിട്ടയായ തെരഞ്ഞെടുപ്പു പ്രവർത്തനത്തോടെ കോട്ടയം കൈപ്പിടിയിലൊതുക്കാനൊരുങ്ങുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി.

പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയവും കേരളകോൺഗ്രസിന്റെ ഇടത് മുന്നണി പ്രവേശനവും മാറിയ രാഷ്ട്രീയ പശ്ചാത്തലവുമൊക്കെയായി ഇടതുപക്ഷം മേൽക്കൈ നേടിയ സാഹചര്യത്തിലാണ് കോട്ടയത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. 71 പഞ്ചായത്തുകളും, 11 ബ്ലോക്കുപഞ്ചായത്തുകളും, ആറ് നഗരസഭകളും ജില്ലാ പഞ്ചായത്തുമടങ്ങുന്നതാണ് കോട്ടയം ജില്ല. ഒപ്പം ഒമ്പത് നിയമസഭാ മണ്ഡലങ്ങളും. ഇതിൽ വൈക്കവും, ഏറ്റുമാനൂരും പാലായും അടക്കമുള്ള മൂന്ന് മണ്ഡലങ്ങൾ ഇടതിന്റെ കരങ്ങളിൽ സുരക്ഷിതം.

നേരിയ വ്യത്യാസത്തിന് കൈവിട്ടെങ്കിലും ചങ്ങനാശേരിക്ക് ഇടത്തോട്ട് ചായാനുള്ള മനസ് ഏറെയാണ്. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ നിന്നും ഏറെ വിഭിന്നമാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പൊതു സ്ഥിതി. 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 22 ഡിവിഷനുകളിൽ 14 ലും യുഡിഎഫ് വിജയിച്ചു. ആറ് സീറ്റിൽ സിപിഐ(എം) വിജയിച്ചപ്പോൾ ഒരു സീറ്റിൽ സിപിഐയും ഒരു സീറ്റിൽ പി സി ജോർജ്ജിന്റെ ജനപക്ഷവും വിജയിച്ചു. വൈക്കം ഡിവിഷനിൽ നിന്നുള്ള പി സുഗതനാണ് സിപിഐ പ്രതിനിധി.

2010ലെ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ മാത്രമൊതുങ്ങിയ ഇടതുപക്ഷം കഴിഞ്ഞതവണ നില ഏറെ മെച്ചപ്പെടുത്തുകയായിരുന്നു. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ മൂന്ന് ഇടങ്ങളിൽ ഇടതുപക്ഷമാണ് ഭരിക്കുന്നത്. വൈക്കം, കടുത്തുരുത്തി, വാഴൂർ എന്നിവിടങ്ങളാണ് ഇടതിനൊപ്പം ചേർന്നത്. 71 പഞ്ചായത്തുകളുണ്ടായിരുന്നതിൽ 24 പഞ്ചായത്തുകളിൽ ഇടതുപക്ഷം ഭൂരിപക്ഷം നേടി. 2010ൽ 56 പഞ്ചായത്തിലും യുഡിഎഫ് അധികാരത്തിലേറിയ സ്ഥാനത്ത് നിന്നാണ് 2015ൽ ഇടതു മുന്നണിക്ക് നേട്ടം ഉണ്ടാക്കാനായത്. യുഡിഎഫ് നേടിയ ഇടങ്ങളിലൊക്കെ കേരള കോൺഗ്രസ് സഖ്യത്തിലുള്ള ഭരണമാണ് കൂടുതൽ. അതുകൊണ്ട് തന്നെ പല കോൺഗ്രസ് കോട്ടകളും ഇത്തവണ തകർന്നടിഞ്ഞേക്കും. ഏ­താനും ചില പഞ്ചായത്തു വാർഡുകളിൽ മാത്രമാണ് ബിജെപിക്ക് വേരോട്ടം. ആറ് നഗരസഭകളിൽ വൈ­ക്കം ഇടതിനൊപ്പമാണ്.നഗരസഭ രൂപീകരിച്ചതിന് ശേഷം ആദ്യമായി വന്ന 2010­ലെ തെരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ട ഇടതുപക്ഷത്തിനൊപ്പം നിന്നു. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ചങ്ങനാശേരി, കോട്ടയം നഗരസഭകളുടെ കുത്തഴിഞ്ഞ ഭരണവും അധികാര വടംവലികളും, സംസ്ഥാന സർക്കാരിന്റെ പദ്ധതികളോടുള്ള അവഗണനയും മൂലം ജനം ഭരണമാറ്റത്തിന് ആഗ്രഹിക്കുന്നുവെന്ന സൂചനകളാണ് ഉയരുന്നത്.