മറ്റൊരു തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നാടും നഗരവും എത്തി നിൽക്കവേ തലസ്ഥാനത്തെ തദ്ദേശ ഭരണം നിലനിർത്താൻ തികഞ്ഞ ആത്മവിശ്വാസത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി. മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥി പട്ടിക ഗ്രൂപ്പ് തർക്കങ്ങളിലും ഭിന്നതയിലും പെട്ട് അനിശ്ചിതത്വത്തിലായിരിക്കുമ്പോൾ സ്ഥാനാർത്ഥി നിർണയം ഒട്ടും വൈകാതെ ഏകദേശം അന്തിമ രൂപത്തിലാക്കാനും എൽഡിഎഫിനായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഏറ്റവും ആദ്യം സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയതും എൽഡിഎഫാണ്. ഇത് പ്രചാരണത്തിൽ എൽഡിഎഫിന് മുൻതൂക്കം നൽകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫ് നേടിയിരുന്നു. കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ജില്ലയിലെ 10 ബ്ലോക്കുകളിലും നാല് മുനിസിപ്പാലിറ്റികളിലും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും വലിയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് ഭരണത്തിലേറി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ജില്ലയിൽ സാധ്യമായത്. ഓരോ പ്രദേശത്തിന്റെയും വികസനത്തിന് പദ്ധതികൾ ആസൂത്രണം ചെയ്ത് അവ വിജയകരമായി പൂർത്തിയാക്കാനും മറ്റ് ചിലവ ആരംഭിക്കാനും ജില്ലയിലെ ഭരണ സമിതികൾക്കായി.
തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ഇത്തവണ ജനങ്ങൾക്ക് മുന്നിൽ നിരത്താൻ നേട്ടത്തിന്റെ വലിയൊരു നിര തന്നെ എൽഡിഎഫിനുണ്ട്. നഗരത്തിന്റെ വികസനത്തുടർച്ചയ്ക്കും ജില്ലയുടെ ശോഭനമായ ഭാവിയ്ക്കും എൽഡിഎഫിന്റെ തുടർഭരണം മുതൽക്കൂട്ടാവുമെന്ന വിശ്വാസം ജനങ്ങളിലുമുണ്ട്. കോർപ്പറേഷനിൽ ഇതുവരെ സ്ഥാനാർത്ഥികളെ നിർണയിച്ചിട്ടുള്ള വാർഡുകളിൽ 53 ഇടത്തും വനിതകളാണ് മത്സരിക്കുന്നത്. ആറ് ജനറൽ വാർഡുകളിലും വനിതാ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വള്ളക്കടവ്, നെടുങ്കാട്, പൊന്നുമംഗലം, നെട്ടയം, വലിയതുറ, വഴുതയ്ക്കാട് എന്നിവിടങ്ങളിലാണ് വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. മുൻ മേയർ കെ ശ്രീകുമാറും, മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാറും മത്സരിക്കുന്നുണ്ട്. മഹാഭൂരിപക്ഷം സ്ഥാനാർത്ഥികളും യുവ നിരയിലുള്ളവർ തന്നെയാണ്. ബിരുദ‑ബിരുദാനന്തരമടക്കമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഏറെയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.