Thursday
23 May 2019

മോഡി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബാലന്‍സ് ഷീറ്റ്: ഒരു വിലയിരുത്തല്‍

By: Web Desk | Sunday 2 September 2018 10:43 PM IST


election

പ്രഫ. കെ അരവിന്ദാക്ഷന്‍

തെരഞ്ഞെടുപ്പുകളുടെ അന്തരീക്ഷത്തിലാണ് നമ്മുടെ രാജ്യം. തയാറെടുപ്പുകള്‍ക്ക് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ സമയമുള്ളൂ. സ്വാഭാവികമായും ഇന്ത്യയിലെ ദേശീയപാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളുമെല്ലാം 2019 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നേരിടുന്നതിനുള്ള തയാറെടുപ്പിലാണ്.
ഈ ഘട്ടത്തില്‍ പരിഗണനാര്‍ഹമായ ഒരു പ്രധാന പ്രശ്‌നം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് ബാലന്‍സ് ഷീറ്റ് ഏത്‌വിധത്തിലുള്ളതാണെന്നതാണ്. അദ്ദേഹത്തിന്റെ ജയസാധ്യതകള്‍ക്ക് അനുകൂലമായ നയപരിപാടികള്‍ ഏതെല്ലാമാണ്? അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്ന നയപരിപാടികള്‍ ഏതൊക്കെയാണ്? ഈ രണ്ടു ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കണ്ടെത്താനായാല്‍ മോഡിയുടെ തെരഞ്ഞെടുപ്പു ബാലന്‍സ് ഷീറ്റ് തയാറാക്കുക എളുപ്പമായിരിക്കും.
2014 മെയ് മാസം മുതലുള്ള മോഡി ഭരണകാലയളവില്‍ അക്കമിട്ട് നിരത്താന്‍ കഴിയുന്ന നാല് പ്രധാന സാമ്പത്തിക നയപരിപാടികളും സമീപനങ്ങളുമാണുള്ളത്. ഒന്ന്, ഡിമോണറ്റൈസേഷന്‍. രണ്ട് ചരക്ക്‌സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ. മൂന്ന്, ബാങ്കിങ് മേഖലയിലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി കോഡ് (ഐബിസി). നാല്, പുതിയ പണനയ ചട്ടക്കൂട്.
അധികാരമേറ്റ് രണ്ടുവര്‍ഷം പൂര്‍ത്തിയായ ഉടനെ 2016 നവംബര്‍ മാസത്തിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രചാരത്തിലിരുന്ന മൊത്തം കറന്‍സിയുടെ 86 ശതമാനത്തോളം അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യനോ, ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയോ, ആര്‍ബിഐ ഗവര്‍ണര്‍ പോലുമോ അറിയാതെ മോഡി തന്നിഷ്ടപ്രകാരമോ, പൂനെ ആസ്ഥാനമായി പ്രവര്‍ത്തനം നടത്തിവരുന്ന ഏതോ ഒരു സ്ഥാപനമേധാവിയുടെ ഉപദേശാനുസരണമോ സ്വീകരിച്ച ഒരു നയമായിരുന്നു ഇതെന്ന് പില്‍ക്കാലത്ത് ബോധ്യപ്പെടുകയും ചെയ്തു. ഇതൊന്നുമല്ല യഥാര്‍ഥ പ്രശ്‌നം. വേണ്ടത്ര മുന്നൊരുക്കങ്ങളോ, തയാറെടുപ്പുകളോ ഇല്ലാതെയും മതിയായ ഗൃഹപാഠം നടത്താതെയും എടുത്തുചാടി സ്വീകരിച്ച നടപടി ഫലത്തില്‍ ദോഷകരമായ ഭവിഷ്യത്തുക്കളാണ് സമ്പദ് വ്യവസ്ഥയുടെ മേല്‍ അടിച്ചേല്‍പിച്ചത്.
മോഡി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ തള്ളുന്ന റിപ്പോര്‍ട്ടാണ് ഡിമോണറ്റൈസേഷനുമായി ബന്ധപ്പെട്ട് ആര്‍ബിഐ നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടനുസരിച്ച് അഞ്ച് ലക്ഷം കോടിയുടെ നോട്ടുകള്‍ തിരികെ വരില്ലെന്നു കണക്കുകൂട്ടിയതില്‍ നിന്നും വ്യത്യസ്തമായി, ഇനിയും തിരികെയെത്താനുള്ളത് 10,720 കോടി രൂപ മാത്രമാണുള്ളത്. അതായത് പിന്‍വലിക്കപ്പെട്ട 15.41 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിച്ചിരിക്കുന്നു. അതേ അവസരത്തില്‍ ഈ നടപടി സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. മോഡി ഭരണകൂടം പിടിവള്ളിയായി കണ്ടെത്തിയത്, കറന്‍സി നോട്ടുകളുടെ അപര്യാപ്തതയുടെ ഫലമായി ഡിജിറ്റല്‍ കൈമാറ്റങ്ങള്‍ വര്‍ധിച്ചു എന്നും പ്രത്യക്ഷ നികുതിദായകരുടെ എണ്ണം ഉയരുകയും നികുതി വരുമാനം വര്‍ധിക്കുകയും ചെയ്തു എന്ന കാര്യങ്ങളാണ്. ഇതില്‍ ഡിജിറ്റൈസേഷന്‍ എന്നത് ഡിമോണറ്റൈസേഷന്റെ ആദ്യഘട്ടത്തില്‍ ഉയര്‍ത്തപ്പെട്ട ലക്ഷ്യമായിരുന്നില്ല. പ്രത്യക്ഷ നികുതി വരുമാനം ഉയര്‍ത്താന്‍, ഡിമോണറ്റൈസേഷന്റെ ആവശ്യമില്ല. പ്രത്യക്ഷ നികുതി വ്യവസ്ഥയും നികുതി കണ്ടെത്തലും നികുതി പിരിവും കര്‍ശനവുമാക്കിയാല്‍ ഈ ലക്ഷ്യം നേടാന്‍ കഴിയുമായിരുന്നു.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്ന കാര്യമെടുക്കുക. ഈ ലക്ഷ്യം എത്രമാത്രം വിജയിച്ചു എന്നതിന് കൃത്യമായ കണക്കുകളോ, വിവരങ്ങളോ ലഭ്യമല്ല. കോടിക്കണക്കിന് കള്ളപ്പണമാണ് പ്രചാരത്തിലിരുന്നതെന്ന വാദഗതി പൊള്ളയായിരുന്നു എന്ന് ആര്‍ബിഐയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ മതിയാകും. പരമാവധി 5,000 കോടി രൂപയൊഴികെ, ബാക്കി പിന്‍വലിക്കപ്പെട്ട പണം മുഴുവന്‍ തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ പറയുന്നത്. 2014 ലെ തെരഞ്ഞെടുപ്പുവേളയില്‍ നല്‍കിയ വാഗ്ദാനം അധികാരത്തിലെത്തി നൂറു ദിവസങ്ങള്‍ക്കകം വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യന്‍ കുടുംബത്തിനും അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പതിനഞ്ച് ലക്ഷം രൂപ വീതം ലഭ്യമാക്കുമെന്നായിരുന്നു. ഈ വാഗ്ദാനം നാലര വര്‍ഷം പിന്നിട്ടതിനുശേഷവും യാഥാര്‍ഥ്യമാക്കാത്തതെന്തെന്ന ചോദ്യത്തിന് മറുപടി അത് വെറുമൊരു മുദ്രാവാക്യമായിരുന്നു എന്നായിരുന്നു. ഈ മറുപടി നല്‍കിയതാവട്ടെ ബിജെപി അധ്യക്ഷന്‍ അമിത്ഷായും. വിദേശ ബാങ്കുകളില്‍ ആറ് ഇന്ത്യാക്കാരുടെ അക്കൗണ്ടുകളില്‍ ഇപ്പോഴും ആറായിരം കോടി രൂപയോളവുമുണ്ടെന്നാണ് ബാങ്ക് അധികൃതരുടെ വെളിപ്പെടുത്തല്‍. ഇതിനുപുറമെയാണ് നീരവ് മോഡിയും മെഹുല്‍ ചോക്‌സിയും കൂട്ടരും കടത്തിക്കൊണ്ടുപോയ 20,000 കോടി രൂപയിലേറെ വരുന്ന അനധികൃത പണം. വേണ്ടത്ര കൂടിയാലോചനകളോ, തയാറെടുപ്പോ കൂടാതെ നിസാര കാര്യമെന്ന നിലയില്‍ നടപ്പാക്കിയ നയം പരാജയമാണെന്ന് ഏറ്റുപറയാന്‍ മോഡിയും കൂട്ടരും തയാറാവാത്തത് ദുരഭിമാനത്തിന്റെ പേരില്‍ മാത്രമാണ്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും, സത്വരവികസനത്തിനും ലക്ഷ്യമിട്ടുമുള്ള പരിപാടിയായിരുന്നെങ്കില്‍ ഡിമോണറ്റൈസേഷന്‍ പോലൊരു പരീക്ഷണം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ചെറുകിട, അനൗപചാരിക മേഖലയേയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും തകര്‍ച്ചയിലേക്കു നയിച്ച സാഹചര്യം ഒഴിവാക്കാമായിരുന്നു. നരേന്ദ്രമോഡി ലക്ഷ്യമിട്ടത് ഈ നടപടിയിലൂടെ ഏതാനും ചില രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയായിരുന്നു. വന്‍കിട വ്യാപാരി സമൂഹത്തേയും സമ്പന്ന വര്‍ഗത്തേയും തന്റെ വരുതിയിലാക്കുക എന്ന ലക്ഷ്യം പാളിപ്പോയി. സാധാരണ ഇന്ത്യക്കാരനെ ഇത്തരം ചെപ്പടിവിദ്യകളിലൂടെയും വ്യാജമാധ്യമപ്രചരണങ്ങളിലൂടെയും ഗീബല്‍സിയന്‍ തന്ത്രങ്ങളിലൂടെയും തെറ്റിധരിപ്പിക്കുന്നതില്‍ താല്‍ക്കാലിക വിജയം നേടിയെന്നുവരാം. അനധികൃത സ്വത്തും പണവും നേടിയവര്‍ക്കെതിരെ ജനവികാരം ഇളക്കിവിടാനും കഴിഞ്ഞിരിക്കാം. എന്നാല്‍, ഇന്ത്യയിലെ സാധാരണ സമ്മതിദായകനെ എക്കാലവും കബളിപ്പിക്കാമെന്ന് മോഡി കരുതിയെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റി. ഡിമോണറ്റൈസേഷന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് അതാണ്.
2017 ജൂലായില്‍ തുടക്കമിട്ട ചരക്ക്‌സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ ആരംഭഘട്ടത്തില്‍, കുറേ കുഴപ്പങ്ങള്‍ക്കിടയാക്കിയെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായിരിക്കുമെന്നാണ് പൊതു വിലയിരുത്തല്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, നരേന്ദ്രമോഡി ഈ നികുതി വ്യവസ്ഥ ഫെഡറല്‍ സംവിധാനത്തിന് ഹാനികരമാണെന്ന പേരില്‍ നഖശിഖാന്തം എതിര്‍ത്തിരുന്നു. കോ-ഓപ്പറേറ്റീവ് ഫെഡറലിസമാണ് തന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മോഡി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ജിഎസ്ടി വ്യവസ്ഥ നിരവധി തിരുത്തലുകള്‍ക്കുശേഷവും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കുപോലും സ്വീകാര്യമായിട്ടില്ല. തികച്ചും വിപ്ലവകരമായ പരിഷ്‌കാരമാണിതെന്ന വാദഗതി മുഖവിലയ്‌ക്കെടുക്കാന്‍ ബിജെപി ഇതര ദേശീയ പാര്‍ട്ടികളൊന്നും തയാറായിട്ടില്ല. ‘ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന മുദ്രാവാക്യം ഈയിടെയായി ഉയര്‍ന്നു കേള്‍ക്കുന്നില്ല. ഡിമോണറ്റൈസേഷനില്‍ നിന്നും വ്യത്യസ്തമായ നിലയില്‍ ജിഎസ്ടി മോഡിക്ക് രാഷ്ട്രീയ മുതലെടുപ്പിന് ഒരു പരിധിവരെ സഹായകമാകുമെന്നാണ് നിഗമനം. പരോക്ഷ നികുതി വ്യവസ്ഥ ഒരു പരിധിവരെയെങ്കിലും ലളിതവും സുതാര്യവുമാക്കാന്‍ ജിഎസ്ടി വ്യവസ്ഥ സഹായകമാകും.
തെരഞ്ഞെടുപ്പു കാലത്ത് ജിഎസ്ടി നികുതി പരിഷ്‌കാരം മോഡിക്ക് അനുകൂലഘടകമാകുമെന്ന് കരുതുക വിഷമമാണ്. കാരണം, ബിജെപിയുടെ ഉറച്ച വോട്ടുബാങ്കുകളായിരുന്ന ചെറുകിട കച്ചവടക്കാരും ബിസിനസുകാരും ജിഎസ്ടിയെ അനുകൂലിക്കുന്നവരല്ല. ഈ വിഭാഗക്കാര്‍ ഇതിനെതിരെ പ്രതികരിക്കുമെന്നുവേണം അനുമാനിക്കാന്‍. തുടര്‍ച്ചയായി വിളിച്ചുചേര്‍ത്തുവരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിക്കുന്ന ഇളവുകളും സൗജന്യങ്ങളും എത്രമാത്രം ഇവരെ ആശ്വസിപ്പിക്കുമെന്നതിനും ഉറപ്പില്ല.
ബാങ്കിങ് മേഖലാ പരിഷ്‌കാരത്തിന്റെ ഭാഗമായി 2016 മെയ് മാസത്തില്‍ നടപ്പാക്കിയ ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി കോഡ് (ഐബിസി) എന്ന നിയമ പരിഷ്‌കാരം ബാങ്കിങ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ വലിയൊരു ചുവടുവയ്പായിട്ടാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇതിന്റെ നേട്ടങ്ങള്‍ ഹ്രസ്വകാലയളവില്‍ അനുഭവപ്പെടുമെന്ന് കരുതുന്നില്ല. അതേസമയം, ഐബിസി ഇന്ത്യന്‍ ബാങ്കിങ് ധനകാര്യ മേഖല അഭിമുഖീകരിക്കുന്ന ഇരട്ട ബാലന്‍സ് ഷീറ്റ് പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ സഹായകമായേക്കാം. ഇരട്ട ബാലന്‍സ് ഷീറ്റ് പ്രശ്‌നത്തില്‍ ഒന്ന് ബാങ്കിങ് വ്യവസ്ഥ മൊത്തമായും പൊതുമേഖലാ ബാങ്കുകള്‍ പ്രത്യേകമായും നേരിടുന്ന കടബാധ്യതകളിലൂടെയുള്ള ഗുരുതരമായ ഞെരുക്കമാണ്. രണ്ടാമത്തേത്, കിട്ടാക്കടം കുമിഞ്ഞുകൂടുന്നതിനെ തുടര്‍ന്ന് ഉടലെടുക്കുന്ന പ്രതിസന്ധിയാണ്. കടം വാങ്ങി തിരികെ നല്‍കാത്തവരുടെ കൂട്ടത്തില്‍ ഭൂരിഭാഗവും വന്‍കിട കോര്‍പറേറ്റുകളാണ്. ഇവയെ ‘വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സ്’ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് ശരിയായ നടപടി. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ. രഘുറാം ഗോവിന്ദ രാജന്‍ മോഡിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും അനഭിമതനായത് ഇത്തരമൊരു നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നായിരുന്നു. വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സില്‍ ഭൂരിഭാഗവും മോഡിയെയും ബിജെപിയെയും താങ്ങിനിര്‍ത്തുന്ന വന്‍കിട കോര്‍പറേറ്റുകളാണ്.
ഐബിസി എന്ന സംവിധാനം നിലവില്‍വന്നതോടെ, ബാങ്കുകളെ സംബന്ധിച്ചിടത്തോളം അവയുടെ കടത്തില്‍ അമര്‍ന്നുപോയ ആസ്തികളില്‍ നിന്നും ആശ്വാസം കിട്ടാന്‍ പര്യാപ്തമായ സ്ഥിതിവിശേഷം നിലവില്‍ വന്നു. കടം വാങ്ങി തിരിച്ചടവുവീഴ്ച വരുത്തിയ കമ്പനി പ്രൊമോട്ടര്‍മാരെ വെട്ടിലാക്കാനും ഈ നിയമം സഹായകമായി. ഇതെല്ലാം പ്രയോഗത്തിലാക്കുന്നത് സുതാര്യവും നിയമ കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രക്രിയയിലൂടെയുമാണ്. ഇതിലൂടെ മോഡിഭരണകൂടത്തിന് വില്‍ഫുള്‍ഡിഫാള്‍ട്ടേഴ്‌സ് എന്ന വിഭാഗത്തില്‍പ്പെടുന്ന മുഴുവന്‍ കോര്‍പറേറ്റുകളുടേയും ശത്രുത ഏറ്റെടുക്കേണ്ടി വരുമ്പോള്‍ അതിന്റെ ഗുരുതരമായ തിരിച്ചടി തെരഞ്ഞെടുപ്പുകാലത്ത് നേരിടേണ്ടിവരികയും ചെയ്യും. ഇന്ത്യന്‍ ബാങ്കിങ് മേഖലയെ സംബന്ധിച്ചാണെങ്കില്‍ അത് വലിയൊരു നേട്ടമായിരിക്കുമെന്നതാണ് യാഥാര്‍ഥ്യം. കടക്കെണിയിലകപ്പെട്ട പൊതുമേഖലാ ബാങ്കുകളുടെ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുത്തതിന് ഈ നിയമം സഹായകമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍, കോര്‍പറേറ്റ് വമ്പന്മാരെ ശത്രുപക്ഷത്താക്കുന്ന നിയമപരമായ നടപടികള്‍ക്ക് ഏതറ്റംവരെ പോകുമെന്നതാണ് വലിയ ചോദ്യചിഹ്നം.

(അവസാനിക്കുന്നില്ല)