തെരഞ്ഞെടുപ്പ് ബോണ്ട് : നിയമമന്ത്രാലയവും എതിർത്തായി റിപ്പോർട്ട്

Web Desk
Posted on December 05, 2019, 10:05 pm

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ടുകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രാലയവും എതിർപ്പ് രേഖപ്പെടുത്തിയിരുന്നതായി റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, തെരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവർ തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ സൃഷ്ടിക്കാൻ സാധ്യതയുള്ള നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിയമ മന്ത്രാലയം ധനമന്ത്രാലയത്തിന് നിരവധി കത്തുകൾ അയച്ചിരുന്നതായി രേഖകൾ ഉദ്ധരിച്ച് ദി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു.

2018 ജനുവരി രണ്ടിന് തെരഞ്ഞെടുപ്പ് ബോണ്ടുകൾ പ്രോമിസറി നോട്ടുകളാണെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് ബോണ്ടുകൾ പ്രോമിസറി നോട്ടുകൾ അല്ലെന്നും പണത്തിന് പകരമായി ഉപയോഗിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി നിയമന്ത്രാലയം ധനമന്ത്രാലയത്തെ വിയോജിപ്പ് അറിയിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയിൽ ഒരു ശതമാനം വോട്ട് നേടിയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകൾ സ്വീകരിക്കമെന്നാണ് ധനമന്ത്രാലയം നിർദ്ദേശിച്ചത്. എന്നാൽ വോട്ട് വിഹിതം അടിസ്ഥാമാക്കേണ്ടെന്നും ഏത് രാഷ്ട്രീയ പാർട്ടിക്കും തെരഞ്ഞെടുപ്പ് ബോണ്ടുകൾ സ്വീകരിക്കാൻ കഴിയുമെന്ന നിലപാടാണ് നിയമ മന്ത്രാലയം സ്വീകരിച്ചത്.

നിയമ മന്ത്രാലയത്തിന്റെ നിയമമന്ത്രാലയത്തിന്റെ നിർദ്ദേശം അംഗീകരിക്കുന്നതിന് പകരം ജനപ്രാതിനിധ്യ നിയമത്തിന്റെ 29 (ബി) വകുപ്പ് ഭേദഗതി വരുത്തി. കുറച്ച് രാഷ്ട്രീയ പാർട്ടികൾക്ക് മാത്രം ബോണ്ടുകൾ സ്വീകരിക്കാൻ കഴിയുന്ന വിധത്തിലാണ് ഭേദഗതി വരുത്തിയത്. തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിൽപ്പന തുടങ്ങിയ കാര്യങ്ങൾക്കുള്ള എസ്ബിഐയുടെ കമ്മിഷൻ ഉൾപ്പടെയുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന നിർദ്ദേശവും നിയമ മന്ത്രാലയം വിയോജിപ്പ് രേഖപ്പെടുത്തി. 2019 മെയ് 31 വരെ കമ്മിഷൻ ഇനത്തിൽ 3.24 കോടി രൂപയാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്.