Web Desk

കാസര്‍കോട്

November 28, 2020, 7:04 pm

കോണ്‍ഗ്രസ്‌ ‑ബിജെപി ബാന്ധവം ചര്‍ച്ചയാക്കി തദ്ദേശം മുഖാമുഖം

Janayugom Online

കോണ്‌ഗ്രസ്‌ ബി ജെപി ബാന്ധവം ചര്‍ച്ചയാക്കി കാസര്‍കോട്‌ പ്രസ്‌ ക്ലബ്ബ്‌ സംഘടിപ്പിച്ച തദ്ദേശം മുഖാമുഖം. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മൂന്ന്‌ മുന്നണികളുടെ നേതാക്കളെ പങ്കെടുപ്പിച്ച കാസര്‍കോട്‌ പ്രസി ക്ലബ്ബ്‌ സംഘടിപ്പിച്ച മുഖാമുഖത്തില്‍ ചര്‍ച്ചയായാത്‌ കോണ്‍ഗ്രസ്‌ ബിജെപി ബാന്ധവം തന്നെയായിരുന്നു. മുഖാമമുഖത്തില്‍ ആദ്യം സംസാരിച്ച എല്‍ഡിഎഫ്‌ കണ്‍വീനര്‍ കെ പി സതീഷ്‌ ചന്ദ്രനാണ്‌ പനത്തടിയിലും നീലേശ്വരത്തും പുത്തിഗെയിലുമുള്ള പരസ്യമായ എന്‍ഡിഎ- യുഡിഎഫ്‌ ബാന്ധവത്തെ കുറിച്ച്‌ തുറന്നടിച്ചത്‌. സ്വതന്ത്രുടെ ബാനറില്‍ ഒരേ പഞ്ചായത്തില്‍ മത്സരിപ്പിക്കുന്ന ഇരുമുന്നണികളുടെസ്ഥാനാര്‍ത്ഥികള്‍ക്കും ഓട്ടോറിക്ഷ ചിഹ്നം വന്നത്‌ യാദൃശ്ചികമല്ലെന്നും എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും ഉണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ അതിനെ ഗണ്ണിക്കാന്‍ യു ഡിഎഫ്‌ കണ്‍വീനര്‍ എം ഗോവിന്ദന്‍ നായര്‍ക്കോ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധനോ സാധിച്ചില്ല. ഇരുവരും പാര്‍ട്ടി ചിഹ്നത്തില്‍ അല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിച്ചെങ്കില്‍ നടപടിയെടുക്കുമെന്ന ഒഴുക്കന്‍ മറുപടിയാണ്‌ നല്‍കിയത്‌. യുഡിഎഫും എന്‍ ഡിഎയും മടിക്കൈ പഞ്ചായത്തില്‍ എല്‍ഡിഎഫിന്‌ എതിരായി സ്ഥാനാര്‍ത്ഥികള്‍ക്ക്‌ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപം ഉന്നയിക്കുമ്പോള്‍ അവിടെ പാര്‍ട്ടിക്ക്‌ പിന്‍ന്താങ്ങാന്‍ പോലും ആളില്ലാത്തതിനാലാണെന്നും വസ്‌തുതകള്‍ പരിശോധിക്കാന്‍ മാധ്യമ പ്രവര്‍ത്തകോടൊപ്പം വരാന്‍ തയ്യാറാണെന്ന്‌ എല്‍ ഡിഎഫ്‌ കണ്‍വീനര്‍ പറഞ്ഞപ്പോള്‍ ഇരുനേതാക്കള്‍ക്കും മിണ്ടാട്ടമില്ലാതായി. കേന്ദ്ര പദ്ധതികള്‍ ജില്ലയില്‍ വേണ്ട വിധം വിനിയോഗിക്കുന്നില്ലെന്നും കാസര്‍കോട്‌ ജില്ല ഏറ്റവും പിന്നോക്കം ആവാന്‍ കാരണം യുഡിഎഫും എല്‍ഡിഎഫും ആണെന്ന എന്‍ഡിഎ കണ്‍വീനര്‍ എ വേലായുധാന്റെ ആരോപണത്തിന്‌ ജില്ലയില്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക്‌ തന്നെ കേന്ദ്രം അനുമതി നല്‍കാത്തത്‌ രാഷ്‌ട്രീയ വിവേചനത്തിന്റെ പേരിലാണെന്നും കെ പി സതീഷ്‌ചന്ദ്രന്‍ മറുപടി നല്‍കി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വന്‍വികസന സാധ്യമായതെന്നായിരുന്നു യുഡിഎഫ്‌ കണ്‍വീനറുടെ വാദം. എന്നാല്‍ ഇതില്‍ മുന്‍എംപിയായിരുന്ന പി കരുണാകരന്റെ ശ്രമഫലമായി ജില്ലയില്‍ അനുവദിച്ച നബാര്‍ഡ്‌ പദ്ധതികള്‍ പോലും ജില്ലാ പഞ്ചായത്ത്‌ ഭരണ സമിതിയുടെ മേന്മയായി യുഡിഎഫ്‌ കണ്‍വീനര്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ തെരെഞ്ഞെടുപ്പില്‍ യു ഡിഎഫ്‌ ചെയര്‍മാനും എം എല്‍എയുമായിരുന്ന എം സി കമറുദീന്റെ തെരെഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാവുമെന്ന സതീഷ്‌ ചന്ദ്രന്‍ ആരോപണത്തില്‍ അത്‌ അനവസരത്തിലുള്ളതാണെന്നും ഇതുപോലെ ജില്ലയില്‍ നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയും കേസും ഉണ്ടായിട്ടുണ്ടെന്നും ഈ അറസ്റ്റ്‌ യുഡിഎഫിന്‌ ഗുണകരമായി മാറുന്നെന്നും ഗോവിന്ദന്‍ നായര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷം നടപ്പിലാക്കിയ വികസന പദ്ധതികള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചായിരിക്കും നേരിടുകയെന്നും യുഡിഎഫ്‌ കണ്‍വീനര്‍ വ്യക്തമാക്കി. സംസ്ഥാനത്ത്‌ ആദ്യമായി റബ്ബറൈസ്‌ഡ്‌ ചെക്ക്‌ ഡാം നിര്‍മ്മിച്ചതും 20 റോഡുകള്‍ റബ്ബറൈസ്‌ ചെയ്‌തതതും ജില്ലാ പഞ്ചായത്തിന്റെ ഭരണ നേട്ടങ്ങളായി അദ്ദേഹം പറഞ്ഞു. 24 കോടി രൂപ ചിലവാക്കി നടപ്പിലാക്കിയ ജലജീവന്‍ പദ്ധതി സംസ്ഥാനത്തിന്‌ തന്നെ മാതൃകയാണ്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ചാണ്‌ എല്‍ഡിഎഫ്‌ തെരെഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്‌ കെപി സതീഷ്‌ ചന്ദ്രന്‍ പറഞ്ഞു. നാലര വര്‍ഷത്തെ എല്‍ഡിഎഫ്‌ ഭരണത്തില്‍ സമാനതകളില്ലാത്ത വികസനമാണ്‌ കാഴ്‌ചവച്ചത്‌. ജില്ലയിലെ സ്‌കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിന്‌ മാത്രം 100 കോടി രൂപയാണ്‌ ചിലവഴിച്ചത്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്നതുകൊണ്ടുമാത്രമാണ്‌ ദേശീയപാത വികസനം ആരംഭിച്ചത്‌. യുഡിഎഫിന്റെ കാലത്ത്‌ ദേശീയപാതയുടെ വീതിയെ കുറിച്ച്‌ തര്‍ക്കത്തിലായിരുന്നു. തുടര്‍ന്ന്‌ വന്ന എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ദേശീയപാത 45 മീറ്റര്‍ വേണമെന്ന്‌ ശക്തമായി നിലപാടെടുത്തു. ഇതിന്റെ ഭാഗമായാണ്‌ ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്‌. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ള കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ 25000 കോടി രൂപയുടെ വികസന പദ്ധതികളാണ്‌ ജില്ലയില്‍ നടപ്പിലാക്കിയത്‌. കേന്ദ്ര പദ്ധതികള്‍ ഫലപ്രദമായി വിനിയോഗിച്ചതുകൊണ്ടാണ്‌ സംസ്ഥാനത്തിന്‌ പുരോഗതിയുണ്ടായതെന്നാണ്‌ എന്‍ഡിഎഫ്‌ കണ്‍വീനര്‍ എ വേലായുധന്‍ പറഞ്ഞത്‌. ജില്ലയില്‍ ബിജെപിക്ക്‌ പ്രാതിനിധ്യമില്ലാത്ത പഞ്ചായത്തുകളില്‍ പോലും അക്കൗണ്ട്‌ തുറക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. അഴിമതി മുഖമുദ്രയാക്കിയ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്നും കഴിഞ്ഞതിനെക്കാള്‍ അധികം സീറ്റ്‌ ലഭിക്കുമെന്നും യുഡിഎഫ്‌ കണ്‍വീനര്‍ പറഞ്ഞു. പ്രസ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ മുഹമ്മദ്‌ ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മേഷ്‌ കെ വി സ്വാഗതം പറഞ്ഞു.